ഇടുക്കി: പെട്ടിമുടി ദുരന്തം നടന്ന് 100 ദിവസം പിന്നിടുമ്പോഴും മനസില്‍ ഉണങ്ങാത്ത മുറിവുമായി പ്രദേശവാസികള്‍. അപകടത്തില്‍ നിന്നു രക്ഷപ്പെട്ട 65 കുടുംബങ്ങളും മരിച്ചവരുടെ ബന്ധുക്കളും ഇന്ന് വിവിധയിടങ്ങളിലായി ലയങ്ങളില്‍ കഴിയുകയാണ്. ഇവരുടെ പുനരധിവാസം ഉള്‍പ്പെടെ ഇഴയുന്നതായി വിവാദം ഉയര്‍ന്നിരുന്നു. പിന്നാലെ കളക്ടര്‍ നിയോഗിച്ച പ്രത്യേക റവന്യൂ സംഘം വിഷയത്തില്‍ സമഗ്രമായ റിപ്പോര്‍ട്ട് നല്‍കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു.
കളക്ടര്‍ ഇടപെട്ട് എട്ട് കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കാനുള്ള നടപടി സ്വീകരിക്കുകയും മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്കാന് മരണം സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇക്കാര്യം കഴിഞ്ഞമാസം അവസാനത്തോടെ സര്‍ക്കാര്‍ അംഗീകരിച്ച് ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍ സ്ഥലത്തു നിന്നു മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങള്‍ക്ക് ഇപ്പോഴും മതിയായ സൗകര്യങ്ങള്‍ ലഭിച്ചിട്ടില്ലെന്ന പരാതി വ്യാപകം. കുട്ടികളും പ്രായപൂര്‍ത്തിയായ പെണ്കുട്ടികളമടക്കം തിങ്ങി ഞെരുങ്ങിയാണ് ലയങ്ങളില്‍ കഴിയുന്നത്. ഇതില്‍ ബന്ധുക്കളെ നഷ്ടപ്പെട്ടവര്‍ നിരവധി. കുട്ടികളുടെ വിദ്യാഭ്യാസം അടക്കമുള്ളവ ഇന്നും ചോദ്യ ചിഹ്നമാണ്.
ദുരന്തത്തിന് കാരണമായത് കനത്തമഴയാണെന്ന കാര്യം വിദഗ്ധരെല്ലാം സമ്മതിക്കുമ്പോഴും ഇത് സംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഇപ്പോഴും പുറത്തുവന്നിട്ടില്ല. അപകട ദിവസം 62 സെ.മീ. മഴ പെട്ടിമുടിയില്‍ ലഭിച്ചെന്നാണ് കണ്ണന് ദേവന് കമ്പനി പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നത്. മേഘവിസ്ഫോടനം മൂലമുണ്ടായ മഴയാകാം ഇവിടെ അപകടത്തിന് കാരണമായതെന്നാണ് മറ്റൊരു നിഗമനം. എന്നാല്‍ സാധാരണ മഴക്കാലത്ത് ഇത്തരത്തിലുള്ള പ്രതിഭാസങ്ങള്‍ ഉണ്ടാകാറില്ല. 60 വര്‍ഷം മുമ്പും ഇതേ സ്ഥലത്ത് ഉരുള്‍പൊട്ടിയതായും കണ്ടെത്തലുണ്ട്.സ്ഥലത്തെവിടെയും ക്വാറികള്‍ പ്രവര്‍ത്തിക്കുന്നില്ല. ഇത് സാധാരണയായി ഉണ്ടാവുന്ന പ്രതിഭാസം മാത്രമാണെന്നാണ് ജില്ലാ ജിയോളജിസ്റ്റ് വ്യക്തമാക്കുന്നത്. അതേ സമയം അപകടം സംബന്ധിച്ച് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് ഇതുവരെ ലഭ്യമായിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
കണ്ണന്‍ദേവന്‍ കമ്പനിയുടെ കണക്ക് പ്രകാരം 82 പേരാണ് അപകട സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നത്. ഇതില്‍ 12 പേരെ രക്ഷപ്പെടുത്തി, 66 പേരുടെ മൃതദേഹം കണ്ടെത്തി. ദിനേഷ് കുമാര്‍(22), പ്രിയദര്‍ശിനി(7), കസ്തൂരി(26), കാര്‍ത്തിക(21) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. മരിച്ചവരില്‍ ഒരു ഗര്‍ഭിണിയും 18 കുട്ടികളും ഉള്‍പ്പെടും. ഒന്നര കിലോ മീറ്ററോളം ദൂരെ മലമുകളില്‍ നിന്നാണ് ഉരുള്‍പൊട്ടല്‍ ആരംഭിച്ചത്. ഇത് വെള്ളമൊഴുകുന്ന ചെറിയ ചാലിലൂടെ വളഞ്ഞും തിരിഞ്ഞും ഒഴുകി വലിയ പ്രവാഹമായി താഴേക്ക് പതിക്കുകയായിരുന്നു. കരിന്തിരിയാറി(പെട്ടിമുടി പുഴ)ന്റെ തീരത്ത് ഉണ്ടായിരുന്ന രണ്ട് വലിയ ലയങ്ങളും രണ്ട് ചെറിയ ലയങ്ങളുമാണ് അപകടത്തില്‍ തകര്‍ന്നത്. സ്ഥലത്ത് വലിയ തോതില്‍ പാറക്കല്ലുകളും മണ്ണും വന്നടിഞ്ഞു. അപകടത്തില്‍പ്പെട്ട പാതിയോളം പേരുടെ മൃതദേഹം പുഴയില്‍ നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. ഇന്നും പുഴയില്‍ പലയിടത്തും മരിച്ചവരുടെ വസ്ത്രങ്ങളും കുട്ടികളുടെ ബാഗുകളും ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ ചിതറികിടപ്പുണ്ട്.
ലയങ്ങളിലെ സൗകര്യകുറവ് മൂലം ഒരു മുറിയില്‍ തന്നെയാണ് ആറും ഏഴും പേര് വരെ അടങ്ങുന്ന കുടുംബങ്ങള്‍ കിടന്നുറങ്ങിയിരുന്നത്. നീണ്ട 18 ദിവസത്തിന് ശേഷമാണ് ഔദ്യോഗികമായി പെട്ടിമുടിയിലെ തെരച്ചില്‍ അവസാനിപ്പിച്ചത്. മരിച്ചവരെയെല്ലാം സമീപത്തെ മൈതാനത്താണ് സംസ്കരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: