ഇടുക്കി: മലയോര മേഖലയായ ഇടുക്കിയില്‍ കാലവര്‍ഷ കാലത്ത് സര്‍വ സാധാരണമാണ് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. എന്നാല്‍ ഇക്കഴിഞ്ഞ ആഗസ്റ്റ് 6നുണ്ടായ പെട്ടിമുടി ദുരന്തം ദേശീയ തലത്തില്‍ പോലും വലിയ ചര്‍ച്ചാ വിഷയമായി മാറി. എന്താണ് സംഭവിച്ചതെന്നു പോലും അറിയാതെ കുരുന്നുകളടക്കം നിരവധിപ്പേരാണ് ഉറക്കത്തില്‍ മരണത്തെ പുല്കിയത്.
കണ്ണന്‍ദേവന്‍ കമ്പനിയുടെ കീഴിലുള്ള തേയില തോട്ടത്തിലെ ജീവനക്കാരും വനം വകുപ്പ് ജീവനക്കാരുമടക്കം മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കൊറോണ മൂലം വിദ്യാര്‍ത്ഥികളടക്കം ഈ സമയം വീടുകളില്‍ തിരിച്ചെത്തിയിരുന്നു.
അപകടത്തില്‍ 70 പേരുടെ മരണമാണ് സര്‍ക്കാര്‍ ഔദ്യോഗികമായി കഴിഞ്ഞമാസം സ്ഥിരീകരിച്ചത്. അപകടം നടന്ന് നൂറ് ദിവസം പിന്നിടുമ്പോഴും ഇന്നും മേഖല പ്രേതഭൂമിയായി തുടരുകയാണ്. സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് പെട്ടിമുടിയിലുണ്ടായത്. അപകട സമയം രാത്രി 11 മണിയായതും ശക്തമായ ശക്തമായ മഴയും തണുപ്പുംമൂലം ആളുകള്‍ പലരും ഉറക്കം പിടിച്ചതുമാണ് ദുരന്തത്തിന്റെ വ്യാപ്തി കൂടാന്‍ പ്രധാന കാരണം. പിന്നാലെ എന്താണ് സ്ഥലത്ത് സംഭവിച്ചതെന്ന് പോലും അറിയാതെ ആളുകള്‍ നെട്ടോട്ടം ഓടി.
വൈദ്യുതി ഇല്ലാതിരുന്നതും മൊബൈല്‍ ടവര്‍ പ്രവര്‍ത്തിക്കാത്തതും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. പെരിയവാര പുതിയ പാലത്തിന് അപ്രോച്ച് റോഡ് നിര്‍മ്മാണം നടത്താതിരുന്നത് രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു. പിറ്റേന്ന് പുലര്‍ച്ചെ ഏഴ് മണിയോടെ രാജമലയിലെ വനംവകുപ്പ് ഓഫീസിലെത്തി സ്ഥലവാസി വിവരം പറഞ്ഞപ്പോഴാണ് ദുരന്തം പുറം ലോകം അറിയുന്നത്. ഇതിന് പിന്നാലെ വലിയ സന്നാഹം തന്നെ സ്ഥലത്തേക്ക് പുറപ്പെട്ടെങ്കിലും പെരിയവാര താല്‍ക്കാലിക പാലത്തിലൂടെയുള്ള ഗതാഗതം തടസപ്പെട്ടതും മഴയും വില്ലനായി.
പിന്നീട് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മൂന്നാറില്‍ നിന്നുള്ള ആദ്യ സംഘത്തിന് പെട്ടിമുടിയിലെത്താനായത്. ഇതിന് മുമ്പ് വനംവകുപ്പ് ഉദ്യോഗസ്ഥരും പരിസരത്തെ തൊഴിലാളികളുമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ഉറ്റവരില്‍ പലരും മരിക്കുന്നത് കണ്ട് നിന്ന കുട്ടികളും മുതിര്‍ന്നവരും ഇന്നും ഇതിന്റെ ആഘാതത്തില്‍ നിന്നു മോചിതരായിട്ടില്ല. അപകടം നടന്നതിന്റെ പിറ്റേ ദിവസം വെള്ളിയാഴ്ച ആയിരുന്നു. അന്നു തന്നെയാണ് കരിപ്പൂര്‍ വിമാന അപകടവും ഉണ്ടായത്. മലയാളികളുടെ മനസിന് ഇന്നും വലിയ നീറ്റലായി രണ്ട് അപകടങ്ങളും തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് നിര്‍മാണം പൂര്‍ത്തിയാക്കി പെരിയവാര പാലം ഗതാഗതത്തിനു തുറന്ന് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: