നെടുമ്പാശേരി: ഭിന്നശേഷിക്കാര്‍ക്കായി മൂന്ന് കോടിയോളം രൂപ മുടക്കി സേവാഭാരതി എറണാകുളം ജില്ലയിലെ പാറക്കടവില്‍ നിര്‍മ്മിച്ച സുകര്‍മ്മ വികാസ് കേന്ദ്രം തുറന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും വളര്‍ച്ചയും പുരോഗതിയുമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഭിന്നശേഷിക്കാരുടെ കലാകായിക കഴിവുകളെ പ്രോത്സാഹിപ്പിക്കാന്‍ സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്പോര്‍ട്ട്സ് ആരംഭിക്കാന്‍ കേന്ദ്രം തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.
ഭിന്നശേഷിക്കാരുടെ പുനരധിവാസ മേഖലയില്‍ രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് റിഹാബിലിറ്റേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കും തുല്യപരിഗണന നല്കുന്ന നിയമം 2016ല്‍ കേന്ദ്രം അംഗീകരിച്ചു. മൂന്ന് ശതമാനം തൊഴില്‍ സംവരണം നാല് ശതമാനമാക്കി ഉയര്‍ത്തി. വിദ്യാഭ്യാസ സംവരണം മൂന്ന് ശതമാനത്തില്‍ നിന്നും അഞ്ചാക്കി ഉയര്‍ത്തി. സമൂഹത്തെ സ്വന്തം കുടുംബമായി കണ്ട് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് രാഷ്ട്രീയ സ്വയംസേവക സംഘവും സേവാഭാരതിയും. പ്രളയകാലത്തെ സേവാഭാരതിയുടെ പ്രവര്‍ത്തനത്തെ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കിലും പൊതുസമൂഹം അംഗീകരിച്ചു, മന്ത്രി പറഞ്ഞു.
ഡോ. ജ്യോതിഷ് ആര്. നായര്‍ അധ്യക്ഷനായി. ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന് എസ്. സേതുമാധവന് ആശീര്‍വാദ പ്രഭാഷണം നടത്തി. ഈശ്വരന്റെ പ്രതീകങ്ങളായ സഹജീവികള്‍ക്ക് സേവ ചെയ്യുക എന്നതാകണം മാനവധര്മ്മമെന്നും നരസേവ നാരായണ സേവ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിക്കായി ഭൂമി വിട്ടുനല്‍കിയ ലീല അന്തര്‍ജനത്തെ ആര്‍എസ്എസ് പ്രാന്തസഹ സേവാപ്രമുഖ് യു.എന്‍. ഹരിദാസ് ആദരിച്ചു. ഗോകുലം ഗ്രൂപ്പ് ചെയര്മാന് ഗോകുലം ഗോപാലന് ദീപാവലി സമര്‍പ്പണം നടത്തി. കൊച്ചിന് ഷിപ്പ് യാര്‍ഡ് എംഡി മധു എസ്. നായര്‍, പ്രീതി രഘു, ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹക് എം. രാധാകൃഷ്ണന് തുടങ്ങിയവര്‍സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: