മക്കളേ,
നിരാശയും ദുഃഖവും പേറിയാണ് നമ്മളില്‍ അധികം പേരും ഇന്നു ജീവിക്കുന്നത്. കഴിഞ്ഞതിനെക്കുറിച്ചും വരാന്‍പോകുന്നതിനെക്കുറിച്ചും ആധിപിടിച്ചു നമ്മള്‍ കഴിയുന്നു. എവിടെയും നമുക്കു പ്രശ്‌നങ്ങളാണ്. വീട്ടില്‍ പ്രശ്‌നം, ഓഫീസില്‍ പ്രശ്‌നം, ബന്ധുക്കളുമായും അയല്‍ക്കാരുമായും പ്രശ്‌നം. ഇതേക്കുറിച്ചെല്ലാം ചിന്തിച്ച് നീറിനീറി ആയുസ്സും ആരോഗ്യവും ക്ഷയിച്ച് നമ്മള്‍ രോഗികളായി മാറുന്നു. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം എന്താണ് മൂലകാരണം? അത്, നമുക്കു നമ്മെക്കുറിച്ചുതന്നെയുള്ള അജ്ഞതയാണ്. ആത്മവിസ്മൃതിയിലാണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്.
ഒരിക്കല്‍ പ്രശസ്തനായ ഒരു എഴുത്തുകാരന്‍ റോഡപകടത്തില്‍ പെട്ടു. അദ്ദേഹത്തിന്റെ തലയ്‌ക്കു സാരമായ പരിക്കുപറ്റി. ദീര്‍ഘകാലത്തെ ചികിത്സകൊണ്ട് ആരോഗ്യം ഒരുവിധം വീണ്ടുകിട്ടി. ഇപ്പോള്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഒക്കെ കഴിയും. എന്നാല്‍ ഒരു കുഴപ്പം. കഴിഞ്ഞുപോയ കാര്യങ്ങളൊന്നും ഓര്‍മയില്ല. മക്കളെപ്പോലും ഓര്‍മ വരുന്നില്ല. അപ്പോള്‍, മൂത്തമകന് ഒരു ഉപായം തോന്നി. അവന്‍ അച്ഛനെഴുതിയ ആത്മകഥ എടുത്തുകൊണ്ടുവന്ന് അച്ഛന് വായിക്കാന്‍ കൊടുത്തു. അതില്‍ ആ മകന്‍ ജനിച്ച കാര്യവും മകനുമായുള്ള ബന്ധത്തെക്കുറിച്ചും ഹൃദയസ്പര്‍ശിയായി വിവരിച്ചിരുന്നു. പുസ്തകം വായിച്ച് എഴുത്തുകാരന്റെ കണ്ണു നിറഞ്ഞു. അയാള്‍ മകനോടു പറഞ്ഞു, ‘പുസ്തകം ഗംഭീരമായിട്ടുണ്ട്. ആട്ടെ, ഇത് എഴുതിയിത് ആരാണ്?’ ഇതുപോലുള്ള ഒരു മറവിരോഗം നമ്മളെയും ബാധിച്ചിരിക്കുന്നു.
നമുക്കു നമ്മെത്തന്നെ നഷ്ടപ്പെട്ടതിനു തുല്യമായ ഒരവസ്ഥയാണിത്. ശാസ്ര്തങ്ങള്‍ പറയുന്നു, നമ്മള്‍ പൂര്‍ണരാണെന്ന്, അപാരമായ ശാന്തിയും ആനന്ദവും നമ്മുടെ സ്വരൂപമാണെന്ന്. എന്നാല്‍ ‘ഞാന്‍’ ശരീരമാണെന്ന് നമ്മള്‍ ധരിച്ചുപോയിരിക്കുന്നു. തെറ്റായ ഈ അറിവാണ് നമ്മുടെ എല്ലാ ദുഃഖത്തിനും കാരണം. അതിനാല്‍ത്തന്നെ ശരിയായ അറിവ് ഒന്നുമാത്രമാണു നമ്മുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം. ”ഞാന്‍ യഥാര്‍ഥത്തില്‍ ആരാണ്? എന്റെ സ്വരൂപം എന്താണ്?” എന്നിങ്ങനെ ആത്മവിചാരം ചെയ്ത് നമ്മുടെ യഥാര്‍ഥ സത്തയെ കണ്ടെത്തുന്ന മാര്‍ഗമാണ് ജ്ഞാനമാര്‍ഗം. ആത്മസ്വരൂപത്തെ കുറിച്ചുള്ള അജ്ഞാനംകൊണ്ടു മനസ്സ് ബാഹ്യവിഷയങ്ങളില്‍ ഭ്രമിക്കുന്നു. മനസ്സുതന്നെയാണു നമ്മുടെ ബന്ധനത്തിനും മുക്തിക്കും കാരണം.
മനസ്സ് ആത്മബോധത്തിലേക്കുണര്‍ന്നാല്‍ മുക്തിയായി. ആത്മബോധമില്ലാതെ മനസ്സ് വിഷയചിന്തയിലേക്ക് അധഃപതിച്ചാല്‍ ബന്ധനമായി, ദുഃഖമായി. നമ്മുടെ ഇപ്പോഴത്തെ ശരീരം ജനിച്ചപ്പോള്‍ ഉള്ളതില്‍നിന്നും എത്രയോ മാറിപ്പോയിരിക്കുന്നു. അതുപോലെ നമ്മുടെ മനസ്സും സദാ മാറിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഈ മാറ്റങ്ങള്‍ക്കെല്ലാം നടുവില്‍ ‘ഞാന്‍’ മാറ്റമില്ലാതെ തുടരുന്നു. ഈ ‘ഞാന്‍’ നിത്യമുക്തവും ആനന്ദസ്വരൂപവുമാണ്. മാറ്റങ്ങള്‍ക്ക് അതീതമായ ആ ‘ഞാനി’നെയാണ് നമ്മള്‍ കണ്ടെത്തേണ്ടത്. ഐസ് വെള്ളമാകും, പിന്നെ നീരാവിയാകും, പിന്നെ വീണ്ടും വെള്ളമാകും. ഈ മാറ്റങ്ങള്‍ക്കു നടുവിലും അടിസ്ഥാനപരമായി അത് വെള്ളം തന്നെ. എല്ലാ പ്രപഞ്ചവസ്തുക്കളുടെ കാര്യവും ഇതുപോലെതന്നെയാണ്. പ്രപഞ്ചവസ്തുക്കള്‍ക്കു സദാ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ബാഹ്യമായി കാണുന്ന ഈ മാറ്റങ്ങള്‍ക്കെല്ലാം ആധാരമായി ഒരിക്കലും മാറ്റമില്ലാത്ത ഒരു വസ്തു ഉണ്ട്. അത്, ഏകവും നിര്‍ഗുണവും ആണ്. അതു തന്നെ ആത്മാവ് അഥവാ ബ്രഹ്മം. പ്രപഞ്ചത്തെ നമ്മളില്‍ നിന്നും വേറെയായിക്കണ്ട് പ്രപഞ്ചവസ്തുക്കളോട് ഇഷ്ടാനിഷ്ടങ്ങളും രാഗദ്വേഷങ്ങളും വളര്‍ത്തുമ്പോഴാണ് ദുഃഖവും ബന്ധനവും ഉണ്ടാകുന്നത്. ‘പ്രപഞ്ചം ആത്മസ്വരൂപം തന്നെ’, എന്നു ബോധിച്ചാല്‍ പിന്നെ ഒന്നിനോടും പ്രത്യേകിച്ച് ഇഷ്ടമോ അനിഷ്ടമോ ഉണ്ടാവില്ല. ആയിരം വര്‍ഷം ഇരുളടഞ്ഞുകിടന്ന ഒരു മുറിയില്‍ ഒരു കൈത്തിരി കത്തിച്ചാല്‍ ആ ക്ഷണംതന്നെ ഇരുളകലും, പ്രകാശം പരക്കും. അതുപോലെ ജ്ഞാനം വരുമ്പോള്‍ അജ്ഞാനം നശിക്കുന്നു. ബന്ധനവും ദുഃഖവും ഒരു നിമിഷംകൊണ്ട് അപ്രത്യക്ഷമാകുന്നു. ഈ സ്ഥിതിയെയാണ് ആത്മജ്ഞാനം, ബ്രഹ്മജ്ഞാനം, ആത്മബോധം, ജീവന്‍മുക്തി എന്നൊക്കെ പറയുന്നത്. ആ അവസ്ഥയില്‍ ഒരുവന്‍ എല്ലാ ദുഃഖങ്ങളെയും അതിക്രമിക്കുന്നു, ജീവിതം ശാന്തിപൂര്‍ണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: