ബീഹാറില്‍ ജയിച്ചത് ഇടതുപക്ഷമെന്ന് വിജയന്റെ പിള്ളേരുടെ ആഘോഷം പൊടി പൊടിക്കുകയാണ്. തള്ള് എന്നത് കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടയില്‍ പര്യായമാക്കി മാറ്റിയ ഒരു പാര്‍ട്ടിയും നേതാവും കച്ചിത്തുരുമ്പില്‍ ഊഞ്ഞാലുകെട്ടാനും മടിക്കില്ലെന്ന് അറിയാത്തവരല്ല മലയാളികള്‍. അമ്മാതിരി മണ്ടത്തരങ്ങളാണ് എഴുന്നെള്ളിക്കുന്നത്. 243 അംഗ നിയമസഭയിലേക്ക് അന്‍പത് സീറ്റിന് വേണ്ടിയാണ് സിപിഐ(എംഎല്) നേതാവ് ദീപാങ്കുര്‍ ഭട്ടാചാര്യ ബലം പിടിച്ചത്. ലാലുവിന്റെ മകന് അത് നല്‍കിയില്ല. കോണ്‍ഗ്രസിന് 50, ഇടതിന് 50 എന്നതായിരുന്നു ഭട്ടാചാര്യന്റെ ഷെയര്‍ ഓപ്ഷന്. ഇടതിന് വേണ്ടി വിലപേശിയതും സീറ്റ് ചോദിച്ചതും വിജയന്റെ പാര്‍ട്ടിക്കാരല്ലെന്ന് സാരം. എംഎല് എന്ന് ബ്രാക്കറ്റില്‍ വിളിക്കുന്ന തീവ്രകമ്യൂണിസ്റ്റ് വാദികളെന്നോ കമ്മ്യൂണിസ്റ്റ് തീവ്രവാദികളെന്നോ വിളിക്കാവുന്ന കൂട്ടരാണ് ബീഹാറില്‍ മോദിവിരുദ്ധ മുന്നണിയിലെ പങ്കാളി എന്ന് അറിഞ്ഞിട്ട് വേണം കേരളത്തിലെ സഖാക്കള്‍ തള്ളിമറിക്കാന്‍.
വിജയന്റെ പാര്‍ട്ടിക്ക് ആകെ മത്സരിക്കാന്‍ കിട്ടിയത് നാല് സീറ്റാണ്. അതിലും കൂടുതലിടത്ത് സിപിഐക്കാര്‍ മത്സരിച്ചു. ആറിടത്ത്. രണ്ടിനും കൂടി ആകെ കിട്ടിയ എംഎല്‍എമാരുടെ എണ്ണം നാല്. 25 കൊല്ലം മുമ്പ് 36 എംഎല്‍എമാരെ ജയിപ്പിച്ചിരുന്ന പാര്‍ട്ടികളാണ് ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് തീവ്രവാദികളുടെ ഒപ്പം കൂടി സംഘടിപ്പിച്ചെടുത്ത പതിനാറിന്റെ പേരില്‍ നെഞ്ച് വിരിക്കാന്‍ പണിപ്പെടുന്നത്. പാര്‍ട്ടിപത്രത്തിന്റെ മുഖത്താളില്‍ ചുവപ്പ് വാരിയെറിഞ്ഞ് നടത്തിയ ആഘോഷത്തിന് കീനേരി അച്ചുവിന്റെയോ കാരക്കൂട്ടില്‍ ദാസന്റെയോ പിണറായിയില്‍ വിജയന്റെയോ തള്ളുവിപ്ലവങ്ങളുടെ അച്ചടിഭാഷ്യമെന്നല്ലാതെ എന്ത് പേര് പറയാനാണ്.
വല്ലവിധേനയും തരപ്പെടുത്തിയ മണ്ഡലങ്ങളില്‍ നാല് വോട്ട് തികച്ചുകിട്ടുന്നതിന് കാലിത്തീറ്റ കേസില്‍ അഴിയെണ്ണുന്ന ലാലുപ്രസാദ് യാദവിന്റെ വീട്ടുതിണ്ണയില്‍ നിരങ്ങേണ്ടിവന്നിട്ടുണ്ട് കൊടി കെട്ടിയ കോമ്രേഡുകള്‍ക്ക്. അതും പോരാഞ്ഞ് വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ഗാന്ധിക്കൊപ്പം വേദി പങ്കിടേണ്ടിയും വന്നു. എന്നിട്ടും ഗതി പിടിക്കാതെ വന്നപ്പോള്‍ പോസ്റ്ററായ പോസ്റ്ററുകള്‍ നിറയെ ഗോമാതാവിനെ അണിനിരത്തി. മഹിഷാസുരന്‍സ് ഫാന്‍സ് അസോസിയേഷന് ചെവിയോര്‍ത്ത് കേള്‍ക്കണം അത്. ബീഹാറില്‍ രണ്ട് സീറ്റ് തികച്ചുപിടിക്കാന്‍ ഗോമാതാക്കളെ സംരക്ഷിക്കണമെന്ന് നിരത്തില്‍ പ്രസംഗിച്ചുനടന്നു സഖാക്കള്‍. പോസ്റ്ററില്‍ മാത്രമല്ല തെരഞ്ഞെടുപ്പ് റാലികളിലും പശുക്കളെ അണിയിച്ചൊരുക്കി പ്രദര്‍ശിപ്പിച്ചു. കിട്ടിയ രണ്ട് സീറ്റിന് വിജയന്റെ പാര്ട്ടിക്കാര് ആരോടൊക്കെ നന്ദി പറയണമെന്ന് ഇപ്പോള്‍ ധാരണയായല്ലോ.
ചാണകം മാത്രമല്ല ചന്ദനവും മണക്കുന്നതാണ് ഭാരത രാഷ്ട്രീയമെന്ന് കമ്മ്യൂണിസ്റ്റുകള്‍ ഇനിയും പഠിച്ചുവരുന്നതേയുള്ളൂ. തിരിച്ചറിവ് ഉണ്ടായിവരുമ്പോഴേക്ക് പാര്‍ട്ടി ബാക്കി കണ്ടാല്‍ മതിയായിരുന്നു. കള്ളക്കടത്തും മയക്കുമരുന്നും പെണ്‍വാണിഭവും കത്തിക്കുത്ത്, കൊലപാതകങ്ങളുമൊക്കെയായി സര്‍ക്കാരും പാര്‍ട്ടിയും പാര്‍ട്ടിസെക്രട്ടറിയുടെ മക്കളുമെല്ലാം അഴികള്‍ക്കുള്ളിലേക്ക് യാത്ര പുറപ്പെടാനിരിക്കുമ്പോഴും എത്തിക്സ് കമ്മറ്റിയുടെ കടലാസും പൊക്കിപ്പിടിച്ച് മസിലുപെരുപ്പിക്കുന്നതിന്റെ ഉളുപ്പില്ലായ്മയയുടെ ഒരു വകഭേദമാണ് ഈ ബീഹാറിയന്‍ ബഡായി.
കേരളത്തിലിരുന്ന് രാജ്യം ഭരിച്ചുകളയാമെന്ന് കരുതിയ മണ്ടന്‍ ശുപ്പാണ്ടിമാരുടെ കാലത്ത് ഇതിനപ്പുറവും പ്രചരണം നടക്കും.കോണ്‍ഗ്രസ് വിരോധത്തിന് പ്രത്യയശാസ്ത്രസമീപനമുണ്ടെന്ന് പ്രഖ്യാപിച്ച പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയങ്ങള്‍ കാറ്റില്‍ പറത്തിയാണ് രാജ്യമൊട്ടാകെ കോണ്‍ഗ്രസ് പാര്‍ട്ടിയാകാന്‍ സിപിഎമ്മുകാര്‍ തീരുമാനിച്ചത്. കോടിയേരിയും വിജയനുമടക്കമുള്ള സിപിഎമ്മുകാരും കോണ്‍ഗ്രസുമായുള്ള സംബന്ധത്തിന് കയ്യടിച്ചിട്ട് അധികം നാളായിട്ടില്ല. ബംഗാളില്‍ കോണ്‍ഗ്രസിന്റെ തൊഴുത്തില്‍ കയറാന്‍ സമ്മതം കൊടുക്കുന്നതിനും എത്രയോ മുമ്പേ തുടങ്ങിയതാണ് കേരളത്തിലെ അവിഹിതം. വോട്ടായും നോട്ടായും അഴിമതിയായും അറസ്റ്റായുമൊക്കെ അഡ്ജസ്റ്റ്മെന്റുകള്‍ നടത്തിയതിന്റെ കണക്കുകള്‍ എത്ര വേണമെങ്കിലും നിരത്താനുണ്ട്. അതിനെയാണല്ലോ പങ്കാളിത്ത ജനാധിപത്യമെന്നും അധികാരവികേന്ദ്രീകരണ(അഴിമതിയുടെ)മെന്നുമൊക്കെ വലിയ വായില്‍ പാടി നടന്നത്.
കേരളത്തില്‍ നടക്കുന്ന തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പിലും ബീഹാറിന്റെ കാറ്റ് വീശുമെന്നതുറപ്പാണ്. ബീഹാറില്‍ പ്രബലമായിരുന്ന ആര്‍ജെഡി-ജെഡിയു പോരിനിടയില്‍ ഭാരതീയജനതാപാര്‍ട്ടി സ്വന്തം ഇടം കണ്ടെത്തിയതും നേടിയെടുത്തതും ഒരു പാഠമാണ്. ബിജെപിയുടെ കടന്നുവരവില്‍ എല്ലായിടത്തും ചരിത്രവും ചിത്രവും മാറുകയാണ്. പാമ്പും കീരിയും ചെന്നായയും കടുവയുമൊക്കെ കൂട്ടുചേരുകയും പിടിച്ചുനില്ക്കാന് ജാതിവെറിയും കലാപങ്ങളുമടക്കം എന്തും കാണിക്കുകയും ചെയ്യും. സിഎഎയും കോവിഡും മുതല്‍ ഹഥ്റസ് വരെയുള്ള എല്ലാ ആയുധങ്ങള്‍ക്കുമുള്ള മറുപടി, നുണപ്രചരണത്തിനുള്ള തിരിച്ചടി ബീഹാര്‍ ഫലത്തിലുണ്ട്. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ടെന്ന് സാരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: