ഗവര്‍ണര്‍ സ്ഥാനമൊഴിയുന്നുവെന്ന വാര്‍ത്തകള്‍?
അതില്‍ വാസ്തവമില്ല. ഗവര്‍ണര്‍ സ്ഥാനം ഏറ്റവും കൂടുതല്‍ ബഹുമാനം നല്‍കേണ്ട ഭരണഘടനാ പദവിയാണ്. എന്നെ അതിന് നിയോഗിച്ചവര്‍ പറയുന്നതനുസരിക്കുകയല്ലാതെ സ്വമേധയാ ഉപേക്ഷിക്കുന്നത് ശരിയല്ല എന്നാണെന്റെ ഉറച്ച അഭിപ്രായം.
പൊതുപ്രവര്‍ത്തകര്‍ ജനസേവകരാണ്. രാഷ്ട്രപതിയായാലും ഗവര്‍ണറായാലും മന്ത്രിയായാലും എല്ലാം ആത്യന്തികമായി ജനങ്ങളെ സേവിക്കാന്‍ തയാറുള്ളവരായിരിക്കണം അത്തരം മേഖലകളില്‍ പോവേണ്ടത്. മറിച്ച് തങ്ങള്‍ യജമാനന്മാരാണ് എന്ന ധാരണ ഉണ്ടാവരുത്.
ഗവര്‍ണര്‍ ആകുമ്പോള്‍ അഭിഭാഷക വൃത്തി ഉപേക്ഷിക്കുകയാണ് പതിവ്. അഭിഭാഷക വൃത്തിയോടുള്ള എന്റെ താല്പര്യം കാരണം ഞാന്‍ അത് ഉപേക്ഷിച്ചിട്ടില്ല. പകരം മരവിപ്പിക്കുകയായിരുന്നു.കാലാവധി പൂര്‍ത്തിയാക്കിയാല്‍ അഭിഭാഷകവൃത്തിയില്‍ തിരിച്ചു വരാം. ഫെയ്സ്ബുക്കില്‍ കറുത്ത കോട്ട് എന്നെ മാടി വിളിക്കുന്നു, ഗൃഹാതുരത്വം എന്നീ വാക്കുകള്‍ എഴുതിയത് കൊണ്ടാവാം ഞാന്‍ തിരിച്ചുവരികയാണെന്ന് ചിലര്‍ വ്യാഖ്യാനിച്ചത്. പാലക്കാട് ജില്ലയില്‍ ഉണ്ടായ ഒരു കൊലപാതക കേസ്സില്‍ ഹൈക്കോടതി വിധിയുണ്ടായ ദിവസമാണ് ഞാന്‍ ഫെയ്സ് ബുക്കില്‍ കുറിപ്പിട്ടത്. വിചാരണ കോടതിയില്‍ വളരെ നന്നായി ആ കേസ് കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ വിധി എതിരായിരുന്നു. അപ്പീല്‍ കോടതിയില്‍ വാദിച്ച അഭിഭാഷകര്‍ വിചാരണകോടതിയിലെ കേസ് വിസ്താരത്തെക്കുറിച്ച് നല്ല വാക്കുകള്‍ പറഞ്ഞു. എന്നാലും ഹൈക്കോടതിയില്‍ ശിക്ഷിക്കുമെന്നായിരുന്നു അവരും കരുതിയിരുന്നത്. പ്രോസിക്യൂഷന് ഭാഗത്ത് നിന്ന് വാദിച്ച മുതിര്‍ന്ന അഭിഭാഷകരായ നിക്കോളാസ്, എസ്.യു.നാസര്‍ എന്നിവര്‍ എന്റെ മകന് അര്‍ജ്ജുനെ വിളിച്ച് വിചാരണ കോടതിയിലെ വിസ്താരത്തെക്കുറിച്ച് നല്ലവാക്ക് പറഞ്ഞിരുന്നു. ആ കേസില്‍ പ്രതികള്‍ക്ക് അനുകൂലമായാണ് ഹൈക്കോടതി വിധി ഉണ്ടായത്. ഇതിനെതുടര്‍ന്നാണ് ഞാന്‍ ആ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നത്.
ഗവര്‍ണ്ണറും സംസ്ഥാനഭരണവും തമ്മില്‍
ജനാധിപത്യ സംവിധാനത്തില്‍ ഭരണഘടനയനുസരിച്ച് മന്ത്രിസഭയാണ് തീരുമാനമെടുക്കേണ്ടത്. ചില മേഖലകളില്‍ ഗവര്‍ണ്ണര്‍ക്ക് അധികാരവും നിയന്ത്രണങ്ങളും ഉപയോഗിക്കാം. മിസോറാമില്‍ സംസ്ഥാന ഭരണവുമായി ഒരു ഏറ്റുമുട്ടല്‍ ഉണ്ടായിട്ടില്ല. ചില പ്രധാന തീരുമാനങ്ങള്‍ ഞാന്‍ ഒപ്പിടാതെ തിരിച്ചയച്ചിട്ടുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ വിവാദങ്ങള്‍ ഉണ്ടായിട്ടില്ല.
സ്വയംഭരണ ജില്ലയായ ലെയില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒന്നടങ്കം ബിജെപിയില്‍ ചേര്‍ന്നിരുന്നു. സംസ്ഥാന ഗവണ്മെന്റ് ഭരണസമിതി പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്തു. എന്നാല്‍ അവരെ പിരിച്ചുവിടുന്ന നിലപാടിനോട് യോജിക്കാനാവില്ല. ആ ശുപാര്‍ശ തിരിച്ചയക്കുകയായിരുന്നു. ഭൂരിപക്ഷം തെളിയിക്കട്ടെ എന്നായിരുന്നു എന്റെ നിലപാട്. ഭരണഘടനാ ബാധ്യത നിറവേറ്റുന്നതില്‍ ഞാന്‍ ഉറച്ച് നില്ക്കും. ക്യാബിനറ്റിന്റെ തീരുമാനവും മാനിക്കണം. രണ്ടിനെയും ഒന്നിച്ചു കൊണ്ടുപോകുന്നത് ഒരു കലയാണ്. ഏറ്റുമുട്ടല്‍ എനിക്കിഷ്ടമല്ല.
ഭരണഘടനയുടെ ആറാം ഷെഡ്യൂളനുസരിച്ച് മിസോറാമില്‍ മൂന്ന് സ്വയംഭരണ പ്രദേശങ്ങളുടെ ഭരണം ഗവര്‍ണറുടെ കീഴിലാണ്. സാമൂഹ്യമായി പിന്നാക്കം നില്ക്കുന്ന മൂന്ന് ജില്ലകളാണ് അത്
മിസോറാമില്‍ തുടക്കത്തില്‍ ഉണ്ടായ എതിര്‍പ്പുകള്‍
Dumping Place of Hindu fundamentalist എന്നായിരുന്നു അന്ന് മിസോറാം ഗവര്‍ണര്‍ സ്ഥാനത്തേക്ക് പേര് നിര്‍ദ്ദേശിക്കപ്പെട്ടപ്പോള്‍ ഇന്ത്യന്‍ എക്സ്പ്രസ് പോലെയുളള പത്രങ്ങളില്‍ വാര്‍ത്ത വന്നത്. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. 88 ശതമാനം ക്രിസ്ത്യാനികളും 9 ശതമാനം ബുദ്ധമതക്കാരും 2 ശതമാനം ഹിന്ദുക്കളും ഒരു ശതമാനം മുസ്ലീങ്ങളുമാണ് മിസോറാമിലുള്ളത്. മിസോജനതയുടെ വിശ്വാസം ആര്‍ജ്ജിക്കണമെന്നും സമന്വയത്തിന്റെ പാതയാണ് സ്വീകരിക്കേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി എന്നോട് നിര്‍ദ്ദേശിച്ചിരുന്നു. തെറ്റിദ്ധാരണ പ്രചരിപ്പിച്ചത് കൊണ്ടായിരുന്നു തുടക്കത്തില്‍ ഉണ്ടായിരുന്ന എതിര്‍പ്പ്.
കഴിഞ്ഞ ഡിസംബര്‍ 24ന് സഭയുടെ കീഴിലല്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു അനാഥ മന്ദിരം സന്ദര്‍ശിക്കാനിടയായി. ഒരു കന്യാസ്ത്രീയുടെ നേതൃത്വത്തിലായിരുന്നു അതിന്റെ നടത്തിപ്പ്. അവിടെ കുട്ടികള്‍ മിസോ സ്വാഗത ഗാനത്തിലൂടെ എനിക്കും എന്റെ കുടുംബത്തിനും നന്മയും ദീര്‍ഘായുസും നേര്‍ന്നു. അവിടെയെത്തിയപ്പോഴാണ് കുട്ടികള്‍ എല്ലാവരും എച്ച്ഐവി ബാധിതരാണെന്ന വിവരം അറിഞ്ഞത്. രണ്ട് വയസ്സ് മുതല്‍ 12 വയസ്സ് വരെയുള്ള 21 കുട്ടികളാണ് അവിടെയുള്ളത്. തങ്ങളുടെ ആയുസ് എപ്പോഴും അവസാനിച്ചു പോകുന്ന വ്യാധിയുടെ പിടിയിലമര്‍ന്ന കുട്ടികള്‍ എനിക്കും കുടുംബത്തിനും ദീര്‍ഘായുസ് നേര്‍ന്നത് എന്റെ ഹൃദയത്തെ പിടിച്ചുലക്കുന്നതായിരുന്നു. സംസ്ഥാനത്തെ ഏതാണ്ടെല്ലാ അനാഥ ശാലകളും ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഗവര്‍ണ്ണറുടെ ഫണ്ടില്‍ നിന്ന് ആവശ്യമായ സാമ്പത്തികസഹായം നല്കുന്നു.
രാജ്ഭവനില്‍ നടന്ന എന്റെ പുസ്തക പ്രകാശന ചടങ്ങില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുത്തത് മാറിയ മിസോറാമിന്റെ മുഖം വ്യക്തമാക്കുന്നതായിരുന്നു. കടുത്ത അഭിപ്രായ വ്യത്യാസത്തില്‍ കഴിയുന്ന രണ്ട് നേതാക്കളും ഗവര്‍ണറുടെ ക്ഷണം സ്വീകരിച്ച് രാജ്ഭവനിലെത്തി. പ്രതിപക്ഷ നേതാവായ കോണ്‍ഗ്രസ് നേതാവ് ലാല്‍ ഹോള പറഞ്ഞത് തങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗവര്‍ണറാണ് മിസോറാമിലുള്ളത് എന്നായിരുന്നു. ലാല്‍ ഹോള നല്ല കൃഷിക്കാരന് കൂടിയാണ്. അദ്ദേഹത്തിന്റെ കുളത്തില്‍ നിന്ന് നല്ല മീന്‍ കിട്ടിയാല്‍ അത് ഗവര്‍ണര്‍ക്കായി സ്നേഹപൂര്‍വ്വം കൊടുത്തയക്കുന്നു. കോവിഡ് കാലത്ത് മിസോറാമില്‍ പച്ചക്കറി ക്ഷാമം നേരിട്ടപ്പോള്‍ സ്വന്തം കൃഷിയിടത്തില്‍ നിന്ന് ലാല്‍ഹോള രാജ്ഭവനിലേക്ക് പച്ചക്കറി കൊടുത്തയച്ചു. ഈ അടുപ്പം ഉണ്ടാക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. ജനാധിപത്യ വ്യവസ്ഥയിലെ ഏറ്റവും പ്രധാന അടിക്കല്ല് എതിര്‍ക്കുന്നവനെ മാനിക്കലാണ്. വിമര്‍ശിക്കുന്നവനെ അംഗീകരിക്കലാണ്. മിസോ ജനത ഇന്ന് എന്നെ ഏറെ സ്നേഹിക്കുന്നു. കേരളത്തില്‍ നിന്ന് പൊതു പ്രവര്‍ത്തനത്തില്‍ നിന്ന് കിട്ടിയ അനുഭവം ഏറെ സഹായകരമായി.
എഴുത്തിന്റെ കാലം
ഗവര്‍ണറായതിന് ശേഷം കൂടുതല്‍ വായിക്കാനും സമയം കിട്ടി. നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണറുടെ വസതിയിലേക്ക് അധികം ആരെയും കടത്തിവിടാറില്ല. നിയന്ത്രണങ്ങള്‍ ലംഘിച്ച് അധികം പുറത്ത് പോകാന്‍ എനിക്കും താല്പര്യമില്ല. 16 പുസ്തകങ്ങള്‍ ഇതിനകം എഴുതി. രണ്ട് മലയാള കവിതാ സമാഹാരവും ഒരു ഇംഗ്ലീഷ് കവിതാ സമാഹാരവും അതില്‍ പെടും. എന്റെ എഴുത്ത് ജീവിതത്തിലെ സുപ്രധാനമെന്ന് കരുതുന്ന ഇംഗ്ലീഷ് കവിതാ സമാഹാരം ഈ മാസാവസാനം ന്യൂദല്‍ഹിയില്‍ പുറത്തിറങ്ങും. ഓ. മിസോറാം എന്നാണ് കവിതാ സമാഹാരത്തിന്റെ പേര്. 36 കവിതകളാണതില്‍. ലൂഷായി കുന്നുകളുടെ മനോഹരമായ താഴ്വരയിലെ രാജ്ഭവനിലിരുന്ന് ഏറെ സമയം ചെലവഴിച്ചാണ് ഈ കവിത എഴുതിയത്. സാധാരണ വേഗത്തില്‍ എഴുതാന്‍ എനിക്ക് കഴിയും. എന്നാല്‍ ഈ കവിതാ സമാഹാരത്തിന് പിന്നില്‍ ഏറെ സമയം ചെലവഴിച്ചിട്ടുണ്ട്. സാധാരണ വിദ്യാലയങ്ങളിലാണ് പഠിച്ചതെങ്കിലും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതില്‍ എനിക്ക് തടസ്സമൊന്നുണ്ടായിട്ടില്ല. എന്നാല്‍ ഇംഗ്ലീഷിലെ സാഹിത്യ ഭാഷ എനിക്ക് വശമായിരുന്നില്ല. ഓ മിസോറാം ഇതിന് അപവാദമാണെന്ന് വായിച്ചവര്‍ പറയുന്നു. കവിതാ സമാഹാരത്തിന് സി. രാധാകൃഷ്ണനാണ് അവതാരിക എഴുതിയത്. ഇത് എന്റെസാഹിത്യ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി ഞാന്‍ കാണുന്നു. അവതാരിയല്ല യഥാര്‍ത്ഥത്തില്‍ കവിതയെ കുറിച്ചുള്ള പഠനമാണ് അത്. എന്റെ കവിതയെകുറിച്ച് അദ്ദേഹമെഴുതിയ നല്ല വാക്കുകള്‍ എനിക്ക് ലഭിച്ച ഏറ്റവും വലിയ പുരസ്കാരമായി ഞാന്‍ കാണുന്നു.
പ്രൊഫ. ആല്‍ഫ്രഡ് പസലീനോ എന്ന അറിയപ്പെടുന്ന ഇറ്റാലിയന്‍ കവിയാണ് സമാഹാരത്തിന് ആമുഖമെഴുതിയത്. പ്രസാധകരാണ് ഇതിന് വഴിയൊരുക്കിയത്. ഇന്ത്യന്സാഹിത്യത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും ഏറെ അറിവുള്ള കവിയാണ് ഇത്. ജീവിതത്തിന്റെ നെട്ടോട്ടത്തിനിടയില്‍ ഞാന്‍ ഏറെ എഴുതിയിട്ടുണ്ട്. എന്നാല്‍ ഈ കവിതാ സമാഹാരം അങ്ങനെയല്ല. ഞാനെന്റെ മനസ്സ് സമര്‍പ്പിച്ച് എഴുതിയ കവിതയാണത്. ഏകാന്തതയില്‍, ധ്യാനസമാനമായ നിമിഷങ്ങളില്‍ നിന്നാണ് ആ കവിത പിറവിയെടുത്തത്. ഇംഗ്ലീഷ് സാഹിത്യത്തിലും ഇന്ത്യന്‍ സാഹിത്യത്തിലും ഏറെ പ്രമുഖരായ എഴുത്തുകാരുടെ രചനകള്‍ക്കൊപ്പമാണ് അവര്‍ എന്റെ കവിതയെ വിലയിരുത്തിയത്. തുളസീദാസ്, കാളിദാസന്, മഹര്‍ഷി അരവിന്ദന്, രവീന്ദ്രനാഥ ടാഗോര്‍ എന്നിവരുടെ സാഹിത്യ സംഭാവനകള്‍ അടുത്തറിഞ്ഞ ആല്‍ഫ്രഡ് അത്തരം മഹാന്മാരുടെ കവിതാരചനാ രീതികളുമായി താരതമ്യപ്പെടുത്താന്‍ കാണിച്ച സന്മനസ് ഏറെ വിലപ്പെട്ടതായി കാണുന്നു.
ഇംഗ്ലീഷ് കവിത്രയങ്ങളുടെയും ഭാരതീയ കാവ്യ പരമ്പരയിലെ ഇതിഹാസ കാവ്യങ്ങള്‍ രചിച്ചവരുടെയും കവിതകളുമായി ചേര്‍ത്ത് എന്റെ വരികളെക്കുറിച്ച് നല്ല വാക്കുകള്‍ ചൊരിഞ്ഞ ഇവരുടെ സ്നേഹം എന്റെ എഴുത്ത് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ നേട്ടമായി കരുതുന്നു. എന്റെ ജീവിതത്തിന്റെ ഭാഗമായ, ഒരിക്കല്‍ മാനേജിംഗ് എഡിറ്ററായ ജന്മഭൂമിയില് ഓ മിസോറാം എന്ന കവിത പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്ററായ എം. മോഹന്‍ദാസ് പരിഭാഷപ്പെടുത്തി. വാരാദ്യത്തില്‍ അത് പ്രസിദ്ധീകരിച്ചിരുന്നു. അത് വായിച്ച് ഏറെ പേര് എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. എന്റെസാഹിത്യ യാത്രയില്‍ ഏറെ വിലമതിക്കുന്ന ഈ കവിത ജന്മഭൂമിയില് വായിച്ചിട്ടാകാം മുതിര്‍ന്ന പത്ര പ്രവര്‍ത്തകനായ അബ്രഹാം മാത്യുവിന്റെ ഭാര്യ (എം.ജി. സര്‍വ്വകലാശാലയിലെ ഹിന്ദി വിഭാഗത്തിലെ അദ്ധ്യാപിക) വിവര്‍ത്തനം ചെയ്തു. ജന്മഭൂമിയാണ് ഇതിന് കാരണമായത്. ഇതിന് ജന്മഭൂമിയെ അഭിനന്ദിക്കുകയാണ്. കവിതാ സമാഹാരം ഹിന്ദിയിലും മലയാളത്തിലും മിസോഭാഷയിലും താമസിയാതെ പുറത്തിറങ്ങും. ഒരെഴുത്തുകാരനെന്ന നിലയില്‍ എന്റെ സംതൃപ്തി മുഴുവന്‍ നിറഞ്ഞ് നില്‍ക്കുന്നത് ഈ കവിതാ സമാഹരത്തിന് കിട്ടുന്ന സ്വീകാര്യതയിലാണ്.
കേരളം വിവാദങ്ങള്‍ക്കിടയിലാണ്
കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി വികസന വിഷയങ്ങളില്‍ പോലുമുള്ള അമിത രാഷ്ട്രീയവല്‍ക്കരണമാണ്. രാഷ്ട്രീയാതിപ്രസരത്തിന്റെ പേരില്‍ വികസനത്തിനെതിരായ നിലപാടുകള്‍ ഉണ്ടാവുന്നു. ഇത്തരം കടുംപിടുത്തങ്ങള്‍ ഉപേക്ഷിക്കണം. മറ്റു സംസ്ഥാനങ്ങളില്‍ വികസനത്തിനായി എല്ലാവരും ഒരുമിച്ച് നില്ക്കുന്നു. സമവായ അന്തരീക്ഷമുണ്ടാകുന്നു.
എന്നാല്‍ കേരളത്തിലെ സ്ഥിതി അങ്ങിനെയല്ല. അതിന് കാരണം അത് തത്വശാസ്ത്രപരമായി രൂപപ്പെട്ട പശ്ചാത്തലമാണ്. സ്വാതന്ത്ര്യത്തിനു ശേഷം കേരള രാഷ്ട്രീയത്തെ രൂപപ്പെടുത്തിയ രാജനൈതിക പശ്ചാത്തലം അതിന് വളം വെച്ചു. സംസ്ഥാനത്തിന്റെ പൊതുവികസന കാര്യത്തില്‍ യോജിച്ചു നില്ക്കാന് കഴിയണം. സമന്വയത്തിന്റെ സമീപനമാണ് ഉണ്ടാകേണ്ടത്.
ഇടുങ്ങിയ രാഷ്ട്രീയ മനസ്സ്
കോവിഡ് കാലത്ത് മിസോറാമില്‍ കുടുങ്ങിയ പലരേയും ഗവര്‍ണ്ണറുടെ പ്രോട്ടോകോള്‍ നോക്കാതെ സഹായിക്കാനായി. രണ്ട് മലയാളികളടക്കം നിരവധി പേരെ ദിവസങ്ങളോളം രാജ്ഭവനില്‍ താമസിപ്പിച്ചു. നാഗാലാന്റില്‍ വെച്ച് മരിച്ച മാവേലിക്കര സ്വദേശിയായ ഒരു പട്ടാളക്കാരന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ കഴിഞ്ഞു. നാഗാലാന്റ് ഗവര്‍ണറുമായി ബന്ധപ്പെട്ടതോടെ മൃതദേഹം പ്രത്യേകവിമാനത്തില്‍ കൊച്ചിയിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. വിമാന വാടക പട്ടാളം തന്നെ വഹിക്കാനും തയ്യാറായി. രണ്ട് ഗവര്‍ണ്ണര്‍മാരുടെയും ഇടപെടലാണ് ഈ അസാധാരണ സാഹചര്യത്തിന് വഴിയൊരുക്കിയത്. കൊച്ചിയിലെത്തിയ മൃതദേഹം വീട്ടിലെത്തിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ടതോടെ എളുപ്പമായി.
എന്നാല്‍ ഇതിലൊന്നും ബന്ധമില്ലാത്ത എംപി ഇതൊക്കെ ചെയ്തത് താനാണെന്ന അവകാശവാദവുമായി രംഗത്തെത്തി. സേവനം കൊട്ടിഘോഷിക്കാനുള്ളതല്ലെങ്കിലും മൃതദേഹം വെച്ച് ഇല്ലാത്ത അവകാശവാദവുമായി സ്ഥലം എംപി രംഗത്തെത്തിയത് ഇടുങ്ങിയ രാഷ്ട്രീയ മനസിനെയാണ് തുറന്നു കാണിക്കുന്നത്. ഇത് ഏറെ വേദനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: