എറണാകുളം നഗരത്തിലെ കണ്ണായൊരിടത്ത് വീടുവയ്ക്കാന്‍ മിതമായ വിലയ്ക്ക് സ്ഥലം ലഭിച്ചിട്ടും തൊട്ടരികില്‍ ഒരു സിനിമാതീയറ്റര്‍ ഉള്ളതുകൊണ്ടുമാത്രം വിദ്യാര്‍ത്ഥിയായ മകന്റെ ഭാവിയെ കരുതി അത് വാങ്ങിക്കാതിരുന്നൊരാളായിരുന്നു ഷെവലിയേര് പി. വി. പൗലോസ് എന്ന അദ്ധ്യാപകന്. അതേ മകന് പിന്നീട് മലയാളസിനിമ കണ്ട മികച്ച തിരക്കഥാകൃത്തുക്കളിലൊരാളായിത്തീര്ന്നു എന്നത് നിയോഗമാകാം. കാനറാ ബാങ്കിലെ ഉദ്യോഗത്തോട് വിടപറഞ്ഞ് മുഴുവന്‍സമയ എഴുത്തുകാരനാകുമ്പോള്‍ മുപ്പത്തിമൂന്ന് വയസ്സായിരുന്നു ജോണ്‍പോളിന്. നൂറില്‍പരം സിനിമകളുടെ തിരക്കഥാകാരന്, ശ്രദ്ധേയമായ നിരവധി പുസ്തകങ്ങളുടെ രചയിതാവ്, ചലച്ചിത്രാദ്ധ്യാപകന്, പ്രഭാഷകന്‍, സാംസ്കാരികസംഘാടകന്‍ എന്നിങ്ങനെ ഈ എഴുപതാം വയസ്സില്‍ തിരിഞ്ഞുനോക്കുമ്പോള്‍ ജോണ്‍പോള്‍ നിറഞ്ഞാടിയത് അനേകം വേഷങ്ങളാണ്.
മലയാളസിനിമയുടെ ഭാവുകത്വത്തില്‍ തീക്ഷ്ണതയോടെ ആളിപ്പടര്‍ന്ന ഒരു കാലമായ എഴുപതുകളുടെ അവസാനമാണ് ജോണ്‍പോള്‍ ‘ചാമരം’ എന്ന ആദ്യസിനിമയുടെ തിരക്കഥാകാരനാകുന്നത്. ഭരതന് സംവിധാനം ചെയ്ത ആ ചിത്രം ജോണ്‍പോളിന്റെ സിനിമാസൗഹൃദങ്ങള്‍ നല്കിയ അവസരമായിരുന്നുവെന്ന് പറയാം. അക്കാലത്തെ കൊച്ചിനഗരത്തിലെ സിനിമാകൂട്ടായ്മകളില് ജോണ്‍പോള്‍ നിരന്തര സാന്നിധ്യമായിരുന്നുവെന്ന് മാത്രമല്ല, വളരെ ഗൗരവപൂര്‍ണ്ണമായ സിനിമാചര്‍ച്ചകളിലും ഭാഗഭാക്കായിരുന്നു. കേരള ടൈംസിലെ ഭാഗികപത്രപ്രവര്ത്തനമായിരുന്നു എഴുത്തിന്റെ കാര്യത്തില്‍ പൂര്‍വപരിചയം. ബാലകൃഷ്ണന് മങ്ങാടിന്റെ ഒരു കഥയെ ആധാരമാക്കി സ്വതന്ത്രമായി രചിച്ച ചാമരം മലയാളസിനിമയുടെ അക്കാലത്തെ ‘ന്യൂജന്‍’ പ്രമേയമായിരുന്നു. അദ്ധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മിലുള്ള നിഷിദ്ധമെന്ന് കല്‍പ്പിക്കപ്പെട്ട ആ പ്രണയം പ്രേക്ഷകര്‍ തള്ളിക്കളയുമെന്നായിരുന്നു സിനിമയുടെ അന്നത്തെ ‘മല്പ്പന്മാര്’ നല്കിയ മുന്നറിയിപ്പെങ്കിലും ചാമരവും അതിലെ പ്രണയവും പ്രേക്ഷകര്‍ ഏറ്റെടുത്തു. സറീനാ വഹാബും പ്രതാപ് പോത്തനും അരങ്ങുതകര്‍ത്ത ചാമരം അങ്ങനെ മലയാളസിനിമയുടെ ചരിത്രത്തിലെ പുതിയൊരു കൂട്ടുകെട്ടിന് തുടക്കമിട്ടു.
ആലപ്പി ഷെരീഫ്, ടി ദാമോദരന്‍, തോപ്പില്‍ ഭാസി, എം.ടി വാസുദേവന്‍ നായര്‍, പി.പത്മരാജന് തുടങ്ങിയ എഴുത്തിലെ അതിരഥന്മാര് അരങ്ങുവാണിരുന്ന ഒരു തട്ടകത്തിലേക്കുള്ള ജോണ്‍പോളിന്റെ കാലുവെയ്പ് വളരെ കരുതലോടെയായിരുന്നു. ഭരതനും മോഹനും പോലുള്ള പ്രതിഭാധനരായ സംവിധായകരുടെ പിന്തുണയും പങ്കാളിത്തവും ജോണ്‍പോളിലെ എഴുത്തുകാരനെ കൂടുതല്‍ ഊര്ജ്ജസ്വലനാക്കി. ചാമരത്തെ തുടര്‍ന്ന് മര്മ്മരം, ഓര്‍മ്മയ്ക്കായി, പാളങ്ങള്‍, സന്ധ്യമയങ്ങും നേരം, ഇത്തിരിപൂവേ ചുവന്ന പൂവേ, കാതോടുകാതോരം, മാളൂട്ടി തുടങ്ങി ചമയം വരെ തുടര്ന്നുപോന്നതായിരുന്നു ഭരതനുമായുള്ള കൂട്ടുകെട്ട്. വിടപറയും മുമ്പെ, കഥയറിയാതെ, ആലോലം, രചന തുടങ്ങിയ ചിത്രങ്ങളിലൂടെ മോഹന്‍ സിനിമകളുടെ കരുത്താവാനും ജോണ്‍പോളിന് സാധിച്ചു. മലയാളസിനിമ അന്നുവരെ കാണാതിരുന്ന പുതിയൊരു ലാവണ്യാനുഭൂതിയെ സാക്ഷാത്ക്കരിക്കുന്നതില്‍ പങ്കാളിയാവുകയായിരുന്നു ഈ ചിത്രങ്ങളിലൂടെ ജോണ്‍പോള്‍. കഥാപാത്രസൃഷ്ടിയിലെ സ്വാഭാവികതയും സൂക്ഷ്മവും അയ്തനലളിതമായ കഥപറച്ചിലും ജോണ്‍പോളിനെ വളരെ വേഗത്തില്‍ മലയാളസിനിമയുടെ തിരക്കേറിയ എഴുത്തുകാരനാക്കി. ഒരുവര്‍ഷം പതിനാലോളം സിനിമകള്‍ വരെ എഴുതിതീര്‍ത്ത കാലമുണ്ടായിരുന്നു. ഉണ്ണികളേ ഒരു കഥപറയാം (കമല്‍), ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം (ഭരതന്), യാത്ര (ബാലുമഹേന്ദ്ര), ഈ ശബ്ദം ഇന്നത്തെ ശബ്ദം (പി.ജി. വിശ്വംഭരന്) എന്നീ ചിത്രങ്ങള്‍ വാണിജ്യപരമായും വലിയ വിജയം വരിച്ചതോടെ മുഖ്യധാരാ ചലച്ചിത്രമേഖലയില്‍ ജോണ്‍പോളിന്റെ ഇരിപ്പിടം ഉറച്ചതായി.
ഭരതനും മോഹനും കൊണ്ടുവന്ന പുതുമയുള്ള ചലച്ചിത്രാനുഭവങ്ങള്ക്ക് എഴുത്തുകൊണ്ട് പങ്കാളിത്തം പകര്‍ന്ന ജോണ്‍പോള്‍ ഈ കൂട്ടുകെട്ടിന്റെ പ്രധാന വിജയശില്പ്പികൂടിയായി. കണ്ടുപരിചയിച്ച കഥപറച്ചിലും കഥാപാത്രങ്ങളും ഇതോടെ പതുക്കെ മാറാന്തുടങ്ങുകയായിരുന്നു. മലയാളസിനിമയുടെ ആദ്യത്തെ വിഗ്രഹഭഞ്ജകനെന്ന് വിശേഷിപ്പിക്കാവുന്ന പി.എന്‍.മേനോന് ഒരുക്കിയ ‘അസ്ത്രം’ എന്ന സിനിമയിലും ജോണ്‍പോള്‍ തിരക്കഥാസാന്നിധ്യമായി. അന്നത്തെ വാണിജ്യസിനിമയുടെ ഏകഛത്രാധിപതിയായ ഐ.വി. ശശിയോടൊപ്പമായിരുന്നു പിന്നീടുള്ള അശ്വമേധം. അതിരുകള്‍ ലംഘിച്ചുപോകുന്ന കൗമാരപ്രണയത്തിന്റെ കഥപറഞ്ഞ ‘ഇണ’ ആയിരുന്നു ഈ കൂട്ടുകെട്ടിന്റെ ആദ്യചിത്രം. ശശിയും ജോണ്‍പോളും ഒന്നിച്ച ‘അതിരാത്രം’ മലയാളത്തിലെ ഏറ്റവും ജനപ്രീതിനേടിയ അധോലോകസിനിമകളിലൊന്നായിരുന്നു. അന്നത്തെ സൂപ്പര്‍താരങ്ങളെല്ലാം ഒന്നിച്ച ഈ സിനിമയിലെ ഉദ്വേഗജനകമായ സംഘര്‍ഷങ്ങളും കഥപറച്ചിലും ജോണ്‍പോളിനെ സംബന്ധിച്ചിടത്തോളം പുതിയൊരു അനുഭവമായിരുന്നു. പടം വലിയ വിജയമായിരുന്നുവെങ്കിലും അത്തരമൊരു പ്രമേയധാരയെ പിന്തുടരാന് പിന്നീട് അദ്ദേഹം തയ്യാറായില്ല. മമ്മൂട്ടിയുടെ താരാദാസ് എന്ന കഥാപാത്രം പില്ക്കാലത്ത് മറ്റൊരു സിനിമയുടെ മൂന്നാംഭാഗത്തിനൊപ്പം ചേര്‍ത്തുവെച്ചുകൊണ്ടുള്ള ഒരു സിനിമപോലുമുണ്ടായി. അത്തരം പരീക്ഷണങ്ങളോട് താത്പര്യമില്ലാതെ ആ സംരംഭത്തില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു അദ്ദേഹം.
ജോണ്‍പോള്‍ സിനിമകളില്‍ ഏറ്റവും ജനപ്രീതി നേടിയ ചിത്രങ്ങളായിരുന്നു ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവും ഉത്സവപ്പിറ്റേന്നും. വാര്ദ്ധക്യത്തിലൊറ്റപ്പെട്ടുപോകുന്ന ദമ്പതിമാരുടെയും അവര്‍ക്കിടയിലേക്ക് സ്നേഹത്തിന്റെ നുറുങ്ങുവെട്ടവുമായി കടന്നുവന്ന് പൊടുന്നനെ മാഞ്ഞുപോകുന്ന പെണ്‍കുട്ടിയുടെയും കഥ പറഞ്ഞ ഈ ചിത്രം ജോണ്‍പോളിനെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനാക്കി. തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കുടുംബത്തിന്റെ ഭാരമത്രയും ഏറ്റെടുക്കാന്‍ വിധിക്കപ്പെട്ട നിഷ്കളങ്കനായൊരു ചെറുപ്പക്കാരന്റെ ജീവിതമായിരുന്നു ഉത്സവപ്പിറ്റേന്ന് പറഞ്ഞത്. ഭരത്ഗോപി എന്ന ചലച്ചിത്രപ്രതിഭയുടെ ആദ്യ സംവിധാന സംരംഭം കൂടിയായ ഈ ചിത്രം മോഹന്‍ലാലിന്റെ അഭിനയചാതുര്യം കൊണ്ടുകൂടി ഏറെ പ്രശംസിക്കപ്പെട്ടു.
എണ്‍പതുകളുടെ വാണിജ്യസിനിമയുടെ പ്രിയസംവിധായകനായിരുന്ന പി.ജി.വിശ്വംഭരന്റെയും, കരുത്തുറ്റ പ്രമേയത്തിന്റെയും ആഖ്യാനത്തിന്റെയും വക്താവായ കെ.എസ്.സേതുമാധവന്റെയും ചിത്രങ്ങളില്‍ ഒരുപോലെ ജോണ്‍പോള്‍ സഹവര്‍ത്തിക്കുകയുണ്ടായി. സാഗരം ശാന്തം, ഈ ലോകം ഇവിടെ കുറെ മനുഷ്യര്‍, ഈ തണലില്‍ ഇത്തിരിനേരം, സൈമണ്‍ പീറ്റര്‍ നിനക്കുവേണ്ടി എന്നിവ പി.ജി.വിശ്വംഭരനുമായി ചേര്‍ന്ന് ഒരുക്കിയ ചിത്രങ്ങളാണെങ്കില്‍ അറിയാത്ത വീഥികള്‍, ആരോരുമറിയാതെ, അവിടുത്തെ പോലെ ഇവിടെയും എന്നിവയായിരുന്നു കെ.എസ്.സേതുമാധവനുവേണ്ടി എഴുതിയവ.
ലബ്ധപ്രതിഷ്ഠനായ എഴുത്തുകാരനായി തിരക്കിന്റെ ലോകത്ത് വിരാജിക്കുമ്പോഴും അത്ര പ്രശസ്തരല്ലാത്തവരും നവാഗതരുമായ സംവിധായകര്‍ക്കു വേണ്ടിയും ജോണ്‍പോള്‍ എഴുതാന്‍ തയ്യാറായിരുന്നു. കമലിന്റെ ആദ്യചിത്രം കൂടിയായ ‘മിഴിനീര്പ്പൂക്കളി’ന്റെ രചന നിര്‍വഹിച്ചത് ജോണ്‍പോളായിരുന്നു. അശോക്കുമാര് എന്ന പുതുമുഖസംവിധായകനുവേണ്ടിയാണ് തേനും വയമ്പും എഴുതിയത്. അനില്‍ (സൂര്യഗായത്രി), ജോര്‍ജ്ജ് കിത്തു (സമാഗമം), ജോഷി മാത്യു (ഒരു കടംകഥ പോലെ), സിബി മലയില്‍ (അക്ഷരം) എന്നിവര്‍ക്കുവേണ്ടി നടത്തിയ രചനകളും ശ്രദ്ധനേടുകയുണ്ടായി. എക്കാലത്തെയും ത്രില്ലര്സിനിമകളുടെ സംവിധായകനായ ജോഷിയും (ഇനിയും കഥ തുടരും) ജോണ്‍പോളിന്റെ തിരക്കഥയെ ആധാരമാക്കി സിനിമ ചെയ്തിട്ടുണ്ടെന്നത് തനിക്ക് ഏതുതരം രചനകളും വഴങ്ങുമെന്നതിന്റെ സൂചനയായിരുന്നു. കുടുംബപ്രേക്ഷകരുടെ സംവിധായകനായ സത്യന് അന്തിക്കാടിനൊപ്പം രചനാസൗഹൃദം പുലര്‍ത്തിയ അദ്ധ്യായം ഒന്നുമുതല്‍, രേവതിക്കൊരു പാവക്കുട്ടി എന്നീ ചിത്രങ്ങള്‍ ഭാവമൂഹൂര്ത്തങ്ങളുടെ സന്നിവേശം കൊണ്ടും, ഹൃദയസ്പൃക്കായ സംഭാഷണങ്ങള്‍കൊണ്ടും എന്നും ഓര്‍മ്മിക്കപ്പെടുന്നവയായിരുന്നു.
അമ്പതുവര്‍ഷത്തോളം മലയാളസിനിമയുടെ സൂക്ഷ്മചലനങ്ങളെ തൊട്ടറിഞ്ഞ് ഒപ്പം സഞ്ചരിച്ച ജോണ്‍പോള്‍ തിരക്കഥാരംഗത്ത് ഇപ്പോള്‍ സജീവമല്ലെങ്കിലും സിനിമയുടെ ലോകത്ത് ഒരു അനിവാര്യസാന്നിധ്യം തന്നെയാണ്. നാളത്തെ തലമുറയുടെ കൂടി സിനിമാസങ്കല്‍പ്പങ്ങളെ നിര്‍ണ്ണയിക്കുന്നതില്‍ കൂടി ജോണ്‍പോളിന്റെ ചിന്തകളും അനുഭവസമ്പത്തും പ്രധാന പങ്കുവഹിക്കുന്നു. ഇന്ന് മുഖ്യധാരയില്‍ സജീവമായ പല സിനിമാപ്രവര്‍ത്തകരും ജോണ്‍പോളിന്റെ ശിഷ്യരെന്ന് പറയാവുന്നവരാണ്. ചലച്ചിത്രക്ലാസുകളോടൊപ്പം എഴുത്തും പ്രഭാഷണങ്ങളും ചേര്‍ന്ന് തിരക്കേറിയ ജീവിതം തന്നെയാണ് ഇന്നും ജോണ്പോളിന്റെത്.
അടയാളനക്ഷത്രമായി ഗോപി, ഒരു കടങ്കഥ പോലെ ഭരതന്, കാലത്തിന് മുമ്പേ നടന്നവര്‍, പരിചായകം കാഴ്ചയും കഥയും എന്നിങ്ങനെ ചലച്ചിത്രവിദ്യാര്ത്ഥികള്ക്കു കൂടി പ്രയോജനകരമായ നിരവധി പുസ്തകങ്ങള്‍ ജോണ്പോളിന്റെതായുണ്ട്. മലയാളസിനിമയുടെ ചരിത്രമന്വേഷിക്കുന്ന പുസ്തകമടക്കം നിരവധി പുസ്തകങ്ങള്‍ പുറത്തുവരാനിരിക്കുന്നു. മലയാളിയുടെ ഒരു കാലത്തിന്റെ സിനിമാനുശീലനങ്ങളുടെ ഗതി നി
ര്ണ്ണയിച്ച ഈ എഴുത്തുകാരന്റെ ചിന്തകള്‍ക്കും സ്വപ്നങ്ങള്‍ക്കും എഴുപതിലും ഒട്ടും തീവ്രതക്കുറവില്ല. ഒഴിയാത്ത ആവനാഴിപോലെയാണ് കഥയുടെ അസ്ത്രങ്ങള്‍ ഇന്നും ആ മനസ്സില്‍. അതുകൊണ്ടുതന്നെ ‘പ്രണയമീനുകളുടെ കടലി’ല്‍ അവസാനിക്കുന്നില്ല ആ ചലച്ചിത്രജീവിതം. കൊച്ചിയിലെ സാംസ്കാരികവേദികളുടെ അനിവാര്യസാന്നിധ്യമായി ജോണ്‍പോള്‍ യാത്ര തുടരുകയാണ്, എഴുത്തിന്റെയും സ്വപ്നങ്ങളുടെയും പുതിയ നിറക്കാഴ്ചകളിലേക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: