കൊച്ചിയിലെ പഴയ സ്വയംസേവകന് പുരുഷോത്തമ പൈ അന്തരിച്ചുവെന്ന വാര്‍ത്ത നവംബര്‍ നാലാം തീയതി ജന്മഭൂമി വായിച്ചപ്പോള്‍ മനസ്സില്‍ ഒരു ശൂന്യസ്ഥലം രൂപംകൊണ്ടതുപോലെ തോന്നി. 1950 കളുടെ അവസാന വര്‍ഷങ്ങളിലും അറുപതുകളുടെ ആരംഭവര്‍ഷങ്ങളിലും അടുത്തിടപെടാന്‍ അവസരമുണ്ടായ സ്വയംസേവകനായിരുന്നു അദ്ദേഹം. വാസ്തവത്തില്‍ ഇത് ദിവസങ്ങള്‍ക്കുമുന്നെ എഴുതി തുടങ്ങിയതുമാണ്. ഒരു ഖണ്ഡിക കഴിഞ്ഞപ്പോള്‍ തുടര്‍ന്നെഴുതാന്‍ കഴിയാത്തവിധം മനസ്സ് വികാരവിക്ഷുബ്ധമായി എന്നു പറയുന്നതാവും ശരി. ഞാന്‍ ഗുരുവായൂര്‍ ആര്‍എസ്എസ് പ്രചാരകനായിരുന്ന 57-58 കാലത്ത് ജില്ലാ കേന്ദ്രം എറണാകുളവും, പരമേശ്വര്‍ജി പ്രചാരകനായിരുന്നപ്പോള്‍ എറണാകുളത്തുവരുകയും ചെയ്യുമായിരുന്നു. അദ്ദേഹം കൊച്ചി നഗരത്തിലെ ശാഖകളില്‍ പോയപ്പോള്‍ കൂടെ കൊണ്ടുപോകുമായിരുന്നു. നമുക്കു തന്ന ശിക്ഷണങ്ങളിലൊന്നായിരുന്നു അതെന്ന് വര്‍ഷങ്ങള്‍ കഴിയുന്തോറും വ്യക്തമായി വരികയാണ്. അവിടത്തെ ശാഖകളിലെ സ്വയംസേവകരുടെ കൂട്ടത്തില്‍ അതീവ ഊര്‍ജസ്വലനും കടുകു പൊട്ടിത്തെറിക്കുന്നതുപോലെ സജീവവുമായിരുന്ന സ്വയംസേവകന് ശ്രദ്ധയില്‍ പെട്ടു. പൊക്കം കുറവായതും ശ്രദ്ധയില്‍ നിലനില്ക്കാന് കാരണമായിരിക്കാം. കൊച്ചിയിലെ മലയാളഭാഷയുടെ സവിശേഷതയും അതുപോലെയായിരുന്നു. ഭാരതത്തിലെ എല്ലാ ഭാഗങ്ങളില്‍നിന്നുമുള്ള ജനവിഭാഗങ്ങള്‍ മാത്രമല്ല, പാശ്ചാത്യ പൗരസ്ത്യ നാടുകളില്‍ മിക്കയിടങ്ങളില്നിന്നുള്ളവരും നൂറ്റാണ്ടുകളായി അവിടെ അധിവസിച്ച് ജീവിതത്തിന്റെ നാനാതുറകള്ക്ക് മുതല്ക്കൂട്ടിയിരുന്ന യഹൂദന്മാര്. ഇസ്രായേലികളും പൗരസ്ത്യരുമായ മറ്റു വിഭാഗങ്ങളും പോര്‍ച്ചുഗീസു, ഡച്ച്, ഇംഗ്ലീഷ് വിഭാഗക്കാരും അവിടെ ധാരാളമാണല്ലൊ. അതിന്റെയൊക്കെ മുദ്രണങ്ങള്‍ അവിടെ പ്രത്യക്ഷമാണ്.
മട്ടാഞ്ചേരിയിലും കൊച്ചിയിലും ആ വര്ണരാജിയിലേക്കാണ് സംഘവും കടന്നുചെന്നത്. പരമേശ്വര്‍ജിയോടൊപ്പം അവിടെ സഞ്ചരിച്ചതിന്റെ ധന്യത ഓര്‍ക്കാതിരിക്കാന്‍ വയ്യ. 58 ആദ്യമാണെന്നു തോന്നുന്ന, കാലടി ശ്രീരാമകൃഷ്ണ അദൈ്വതാശ്രമത്തില്‍ ബാല സ്വയംസേവകര്‍ക്കായി സംഘടിപ്പിക്കപ്പെട്ട ഒരു സഹലില്‍ പങ്കെടുക്കാന്‍ എനിക്ക് നിര്‍ദ്ദേശം ലഭിച്ചു. ഗുരുവായൂര്‍ നിന്നു തൃശ്ശിവപേരൂരെത്തി ട്രെയിനില്‍ ഞാന്‍ അങ്കമാലിയില്‍ ഇറങ്ങി. കൊച്ചി, ആലുവ ഭാഗത്തുനിന്നുള്ളവര്‍ അവിടെ വന്നപ്പോള്‍ അവരോടൊപ്പം അവിടെനിന്നു കാലടിയിലേക്ക് എല്ലാവരും ഗണഗീതവും പാടി നടന്നു. ചില ശിശുക്കളെ ചുമലിലേറ്റിയവരുമുണ്ടായിരുന്നു. ആശ്രമ പരിസരത്തെ ഒരു ദിവസത്തെ താമസവും ചിട്ടകളും ആദ്യാനുഭവമായിരുന്നു. അവിടെയും ബാല, ശിശു സ്വയംസേവകരെ രസിപ്പിക്കുന്നതില്‍ പുരുഷോത്തമന്റെ സാമര്‍ത്ഥ്യം ശ്രദ്ധിക്കപ്പെട്ടു. മലയാള ഭാഷ തന്നെ സംഘപരിപാടികളില്‍ ഉപയോഗിക്കണമെന്ന കീഴ്വഴക്കം ഭാസ്കര്‍ റാവുജി മുതലേ നിലനിന്നിരുന്നത് പാലിക്കുന്നതില്‍ പുരുഷോത്തമനടക്കമുള്ള കൊച്ചിയിലെ കാര്യകര്‍ത്താക്കള്‍ അനുഭവിച്ച ക്ലേശം ശ്രദ്ധയില്‍പ്പെട്ടിരുന്നു. ആ സഹലില്‍ പുരുഷോത്തമന് എത്ര വിദഗ്ദ്ധനായ എന്ടര്ടെയിനറാണെന്നു കണ്ടറിഞ്ഞു.
പിന്നീട് 1958 മുതല്‍ ഞാന്‍ തലശ്ശേരിയിലാണ് പ്രവര്‍ത്തിച്ചത്. അക്കാലത്ത് എന്റെ ഇളയച്ഛന് കുടല് സംബന്ധമായ ഒരസുഖം വന്നു. വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് 1944 ല്‍ തുടങ്ങിയ അസുഖത്തിന് തെക്കന്‍ തിരുവിതാംകൂറിലെ നെയ്യൂര്‍ എന്ന സ്ഥലത്തെ ലണ്ടന്‍ മിഷന് ആസ്പത്രിയില്‍ പ്രസിദ്ധ ഡോക്ടര്‍ സാമര്ബല് ശസ്ത്രക്രിയ ചെയ്തിരുന്നു. പ്രസിദ്ധ പര്‍വതാരോഹക ഡോക്ടറായിരുന്ന അദ്ദേഹം അന്നു വൈദ്യുതിയില്ലാത്തതിനാല്‍ സൂര്യപ്രകാശം പ്രതിബിംബിച്ച വെളിച്ചത്തിലാണ് ശസ്ത്രക്രിയ ചെയ്തത്. വീണ്ടും അതേ പ്രശ്നമുണ്ടാകാമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കിയിരുന്നു.
പെരുമ്പാവൂരിലെ റയണ്‍സ് കമ്പനി വക ആസ്പത്രിയില്‍ 1960കളില്‍ പാഠങ്കര്‍ എന്ന സര്‍ജനും, മപ്കര്എന്ന ഫിസിഷ്യനും ജോലി ചെയ്തിരുന്നു. അവര്‍ ആര്‍എസ്എസുകാരാണെന്ന ശ്രുതി പരന്നിരുന്നു. തൊടുപുഴയിലെ സ്വയംസേവകനായിരുന്ന (പരേതനായ)ഗോപാലന് റയോണ്‍സില്‍ ജോലി തേടി നടക്കവേ ഈ ഡോക്ടര്‍ പാഠങ്കറെ പരിചയപ്പെടുകയും, ഭാസ്കര്‍ റാവുജിയെ വിവരമറിയിക്കുകയും ചെയ്തു. അവര്‍ നേരത്തെ പരിചിതരായിരുന്നു. ഇളയച്ഛനെ അദ്ദേഹത്തെ കാണിക്കാമെന്ന ഗോപാലന്റെ നിര്‍ദ്ദേശമനുസരിച്ച് അവിടെ കൊണ്ടുപോകേണ്ട ചുമതല എന്റേതായി. പാഠങ്കറുമായി കണ്ടു പരിശോധനകളും പഴയ ചരിത്രവും ചര്‍ച്ച ചെയ്തു. അഡ്മിറ്റ് ചെയ്യാന്‍ തീയതി നിശ്ചയിച്ചു.
ഗോപാലന്റെ പരിശ്രമത്തില്‍ പെരുമ്പാവൂരില്‍ പട്ടാല്‍ എന്ന ഭാഗത്ത് സംഘത്തിനോട് താല്‍പ്പര്യമുള്ള കുറേ യുവാക്കള്‍ ഒരുമിച്ചു കൂടി തുടങ്ങി. അവിടെ വിസ്താരകനായി പുരോഷത്തമന് നിയോഗിക്കപ്പെട്ടു. ഒന്നോ രണ്ടോ മാസത്തേക്കായിരുന്നു. ഇളയച്ഛന്റെ ആസ്പത്രിവാസക്കാലത്ത്, അദ്ദേഹത്തിന്റെ അനുജന് കൂടി ബൈസ്റ്റാന്‍ഡര്‍ ആയി വന്നതിനാല്‍ എനിക്ക് ഭാരം കുറഞ്ഞു. പുരുഷോത്തമനുമൊത്ത് സമയം ചെലവഴിക്കാന്‍ കഴിഞ്ഞു. പെരുമ്പാവൂരിലെ പല പില്ക്കാല പ്രവര്‍ത്തകരെയും അക്കാലത്ത് അടുത്തറിയാന്‍ കഴിഞ്ഞു. അന്ന് ഭക്ഷണച്ചെലവ് തുച്ഛമായിരുന്നെങ്കിലും അതുപോലും വേണ്ടവിധം നല്കാന് സംഘത്തിനു കഴിയുമായിരുന്നില്ല. ഇരിങ്ങോള്‍ ക്ഷേത്രത്തില്‍ നേരത്തെ മൂന്നണ (ഏകദേശം 20 പൈസ)കൊടുത്താല്‍ ഒരു പട വഴിപാട് ചോര്‍ കിട്ടുമായിരുന്നു. അടുത്ത വീട്ടിലെ ക്ഷേത്രത്തിലെ സഹായിയായിരുന്ന, ‘രാമന് ചേട്ടന്’ ഉപദംശംകൊടുത്ത് ആ പടച്ചോര് വാങ്ങി ഭക്ഷിക്കും. താന്‍ കഴിച്ചു ശീലിക്കാത്ത ഭക്ഷണവും, പരിചയിച്ചിട്ടില്ലാത്ത ജീവിതരീതിയുമായി മല്ലടിച്ച് പെരുമ്പാവൂരിലെ സംഘ പ്രവര്‍ത്തനത്തിന്റെ ആരംഭകാലത്തിന് ഭദ്രത സൃഷ്ടിക്കാന്‍ സമയം കണ്ടെത്തിയ ആളായിരുന്നു പുരുഷോത്തമന്. അദ്ദേഹത്തെ ഓര്‍ക്കുന്നവര്‍ ഇന്ന് ആ ഭാഗത്തെത്രയുണ്ടാകുമെന്നറിയില്ല.
അതിനുശേഷം വളരെ വര്‍ഷക്കാലത്തേക്ക് അദ്ദേഹത്തെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. 1965 ലോ മറ്റോ ആലുവയില്‍ ദേശം എന്ന സ്ഥലത്ത് ബാല സ്വയംസേവകര്‍ക്കായി ഒരു ദിവസത്തെ പരിപാടി നടത്തപ്പെട്ടു. അന്നു ഞാന്‍ കോട്ടയത്തായിരുന്നു. അതില്‍ പങ്കെടുക്കാന്‍ എനിക്കും നിര്‍ദ്ദേശം കിട്ടി. അവിടെ ഏറ്റവും നല്ല എന്റര്ടെയിനര്മാരായി കണ്ട രണ്ടുപേരില്‍ ഒന്നു പുരുഷോത്തമനായിരുന്നു, മറ്റേത് ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ പില്ക്കാലത്തെ ദേശീയ നേതാക്കളില്‍ ഒരാളായ പി.ടി. റാവുവും.
പുരുഷോത്തമന് പിന്നീട് ടാക്സിയോടിച്ചും ലോറിയോടിച്ചും ജീവിതം നയിച്ചു. ആകാരം ചെറുതായ അദ്ദേഹം ലോറി ഓടിക്കുന്നത് കണ്ടാല്‍ മാത്രമേ വിശ്വസിക്കാനാവുമായിരുന്നുള്ളൂ. വിശ്വസിക്കാന്‍ ആവാത്ത സ്ഥലത്തും സമയത്തും കാര്‍ അടുത്തുനിര്‍ത്തി കുശലം പറയുമ്പോള്‍, അത് മണിപ്പാലിലേക്കു ഓട്ടം പോകവേ നീലേശ്വരത്തോ കുമ്പളയിലോ വെച്ചാവാം, മണ്ണുത്തിയില്‍ ലോറി നിര്‍ത്തിയാവാം, വിസ്മയിച്ചുപോയിരുന്നു.
അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടത്തില്‍ അദ്ദേഹം ഏറ്റവും മുന്നില്‍ തന്നെയുണ്ടായിരുന്നു. സത്യഗ്രഹത്തിന്റെ ആദ്യ സംഘത്തില്‍ തോപ്പുംപടിയിലെ സത്യഗ്രഹികളുടെ നേതൃത്വം വഹിച്ചു. പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു പള്ളുരുത്തി പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി വൈകുന്നേരം വിട്ടയച്ചു. ഭീകരമായി മര്‍ദ്ദിച്ചു. പിന്നീട് മട്ടാഞ്ചേരി സ്റ്റേഷനില്‍ കൊണ്ടുപോയും ചോദ്യവും ഭേദ്യവും ചെയ്തു. മര്‍ദ്ദനം അദ്ദേഹത്തെ അവശനാക്കിയിരുന്നു.
അവസാന ദിവസ സത്യഗ്രഹത്തിനും സംഘാധികൃതരുടെ നിര്‍ദ്ദേശം ശിരസാവഹിച്ച് പുരുഷോത്തമന് നേതൃത്വം നല്കി. എറണാകുളം പള്ളിമുക്കിലായിരുന്നു സമരം. ആയിരക്കണക്കിനാളുകള്‍ വീക്ഷിച്ചു. ലോക്കപ്പില്‍ കൊണ്ടുപോയിട്ടായിരുന്നു മര്‍ദ്ദനം, നേതൃത്വം വഹിച്ച പുരുഷോത്തമന് ഭീകരമായ മര്‍ദ്ദനം ഏറ്റു. ഒരുമാസം പോലും ജീവനോടെയിരിക്കില്ലെന്നു പോലീസുകാര്‍ പരിഹസിച്ചു. പക്ഷേ കേള്‍വി നഷ്ടപ്പെട്ടും, നട്ടെല്ലിനു തകരാര്‍ സംഭവിച്ചും നരകജീവിതമായിരുന്നു പിന്നത്തെ കാല്‍നൂറ്റാണ്ട്.
അടിയന്തരാവസ്ഥാ പീഡിത സംഗമങ്ങളില്‍ പങ്കെടുക്കാന്‍ അദ്ദേഹം വരാറുണ്ടായിരുന്നു. രണ്ടു വര്‍ഷം മുന്‍പ് ആലുവായിലെ ടൗണ്‍ഹാളില്‍ സംഗമത്തിന് കുടുംബാംഗങ്ങള്‍ ട്രോളിയിലിരുത്തിയാണ് വേദിക്കരികിലേക്കു കൊണ്ടുവന്നത്. 80 കഴിഞ്ഞ പ്രായത്തില്‍ കൊച്ചിയില്‍നിന്ന് ആലുവ വരെ വന്നത് തുല്യദുഃഖിതര്ക്കൊപ്പം ഏതാനും സമയം പങ്കിടാനും, അവരെല്ലാം അനുഭവിച്ച ത്യാഗത്തിന്റെയും വേദനയുടെയും ഫലമായി പുതിയ നാളുകളെത്തുമെന്ന പ്രതീക്ഷയിലുമാണ്. അടിയന്തരാവസ്ഥ, സംഘ സ്വയംസേവകര്‍ കടന്നുവന്ന അഗ്നിപഥത്തിന്റെ ഒരു ഘട്ടം മാത്രമാണ്. അതിലെ അഗ്രഗാമികളില് ഒരു പ്രമുഖനാണ് 83-ാം വയസ്സില്‍ കടന്നുപോയത്. സ്മരണാഞ്ജലികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: