സാവോപോളോ: വെനിസ്വേലയെ അനായാസം കീഴടക്കി ബ്രസീല്‍ ദക്ഷിണ അമേരിക്കന്‍ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മുന്നിലെത്തി. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീല്‍ വെനിസ്വേലയെ തോല്‍പ്പിച്ചത്. അറുപത്തിയേഴാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയാണ് ഗോള്‍ നേടിയത്.
യോഗ്യതാ റൗണ്ടില്‍ ബ്രസീലിന്റെ മൂന്നാം വിജയമാണിത്. ഇതോടെ മൂന്ന് മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി ബ്രസീല്‍ ഒന്നാം സ്ഥാനത്തെത്തി.
നെയ്മര്‍ അടക്കം ആറു പ്രമുഖ താരങ്ങളെ കൂടാതെ ഇറങ്ങിയ ബ്രസീല്‍ വെനിസ്വേലക്കെതിരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മത്സരത്തില്‍ നാലു തവണ കൂടി ബ്രസീല്‍ വെനിസ്വേലയുടെ ഗോള്‍ വല കുലുക്കിയെങ്കിലും വാര് ഗോള്‍ അനുവദിച്ചത്. മൂന്ന് എണ്ണം ഓഫ് സൈഡും ഒരെണ്ണം ഫൗളെന്നും വാര് വിധിച്ചു.
പരിക്കേറ്റ നെയ്മര്‍, ഫിലിപ്പ് കുടിഞ്ഞോ, ഫാബിനോ, എഡര്‍ മിലിറ്റാവോ, റോഡ്രീഗോ,ഗബ്രീല് മെനീനോ എന്നിവരെ കൂടാതെയാണ് ബ്രസീല്‍ കളിക്കളത്തിലിറങ്ങിയത്. ചൊവ്വാഴ്ച ഉറുഗ്വെക്കെതിരായ യോഗ്യതാ മത്സരത്തിലും ഇവര്‍ കളിക്കില്ല.
മറ്റൊരു മത്സരത്തില്‍ ഉറുഗ്വെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് കൊളംബിയയെ തോല്‍പ്പിച്ചു. എഡിസണ് കവാനി, ലൂയി സുവാരസ്, ഡാര്വിന് എന്നിവരാണ് ഗോളുകള്‍ നേടിയത്. ഈ വിജയത്തോടെ ആറു പോയിന്റുമായി ഉറുഗ്വെ നാലാം സ്ഥാനത്തെത്തി. അര്‍ജന്റീന രണ്ടാം സ്ഥാനത്താണ്.
ദക്ഷിണ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ നിന്ന് പോയിന്റ് നിലയില്‍ മുന്നിലെത്തുന്ന നാലു ടീമുകള്‍ക്ക് നേരിട്ട് ലോകകപ്പില്‍ മത്സരിക്കാന്‍ അര്‍ഹത ലഭിക്കും. അഞ്ചാം സ്ഥാനത്തെത്തുന്ന ടീമിന് പ്ലേ ഓഫില്‍ കളിക്കാന്‍ യോഗ്യത ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: