ആലപ്പുഴ: പോലീസുകാരോട് ഡിജിപിയുടെ സര്‍ക്കുലറിനെക്കുറിച്ച് ഓര്‍മിപ്പിച്ച പിഎസ്സി ഉദ്യോഗസ്ഥനെ മര്‍ദിച്ച് കള്ളക്കേസ് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ ചേര്‍ത്തല എസ്ഐയും സിവില്‍ പോലീസ് ഓഫീസറും ഡ്രൈവറും നേരിട്ട് ഹാജരാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവ് നല്കി.
ഡിസംബര്‍ രണ്ടിനു തിരുവനന്തപുരത്തു നടക്കുന്ന സിറ്റിങില്‍ ഹാജരാകാനാണ് കമ്മീഷന് ജുഡീഷല്‍ അംഗം പി. മോഹനദാസിന്റെ ഉത്തരവ്.ചേര്‍ത്തല പൂത്തോട്ട വളവില്‍ 2019 ഡിസംബര്‍ 14നായിരുന്നു പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. വാഹനപരിശോധനനടത്തുകയായിരുന്ന പോലീസ് സംഘത്തോടു വളവില്‍ വാഹന പരിശോധന പാടില്ലെന്ന ഡിജിപിയുടെ സര്‍ക്കുലറിനെക്കുറിച്ച് പരാതിക്കാരനായ രമേഷ് എച്ച്. കമ്മത്ത് ഓര്‍മിപ്പിച്ചു. ഇതുകേട്ടയുടനെ പ്രകോപിതരായ പോലീസ് സംഘം പരാതിക്കാരന്റെ വയ്പുപല്ല് അടിച്ചുതെറിപ്പിച്ചശേഷം സ്റ്റേഷനില്‍ കൊണ്ടുപോയി കേസ് രജിസ്റ്റര്‍ ചെയ്തു.
ചേര്‍ത്തല സ്റ്റേഷനിലെ ഡ്രൈവര്‍ സുധീഷ്, ഗ്രേഡ് എസ്ഐ ബാബു, സിപിഒ തോമസ് എന്നിവര്‍ക്കെതിരേയാണ് പരാതി.സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിക്കു പുറമേ കമ്മീഷന്റെഅന്വേഷണ വിഭാഗവും അന്വേഷണം നടത്തി.പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ അച്ചടക്ക നടപടി വേണമെന്ന് ശിപാര്‍ശയോടെ കമ്മീഷന്റെ അന്വേഷണ വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
അന്വേഷണ റിപ്പോര്ട്ടിന്മേല് പോലീസുകാര്‍ക്ക് വിശദീകരണം നല്‍കാനുള്ള അവസരമാണ് നല്‍കിയിരിക്കുന്നത്. രമേഷ് എച്ച്. കമ്മത്തിനെ കൂടാതെ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ. ജി. സാമുവല്‍, വിളയോടി ശിവന്‍കുട്ടി തുടങ്ങിയവരും പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: