തിരുവനന്തപുരം: സര്‍ക്കാര്‍ ഫയലുകള്‍ വിളിച്ചുവരുത്താനുള്ള തീരുമാനത്തിനെതിരെ നിയമസഭാ സമിതി നല്കിയ നോട്ടിസിന് മറുപടി നല്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). നിയമസഭയുടെ അവകാശങ്ങളെ ലംഘിച്ചിട്ടില്ലെന്നും അന്വേഷണത്തിനായി ഫയലുകള്‍ വിളിച്ചുവരുത്താന്‍ അധികാരമുണ്ടെന്നും മറുപടിയില്‍ ഇഡി വ്യക്തമാക്കി.
ജയിംസ് മാത്യൂ എംഎല്‍എ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിയമസഭ എത്തിക്സ് കമ്മിറ്റി ഇഡിക്ക് നോട്ടിസ് നല്‍കിയത്. നിയമസഭ പാസാക്കിയ ഒരു നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകൃതമായ ലൈഫ് മിഷന് പദ്ധതിയുടെ ഫയലുകള്‍ വിളിച്ചുവരുത്തുന്നത് നിയമസഭയുടെ അധികാരത്തിന് മുകളിലുള്ള കടന്നുകയറ്റമാണെന്നും പദ്ധതിയെ തുരങ്കം വയ്ക്കുന്നതിനാണ് കേന്ദ്ര ഏജന്‍സി ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടിസ്.
ഇതിനു നല്കിയ മറുപടിയിലാണ് ഇഡിക്കുള്ള അധികാരങ്ങളും ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങളും സംബന്ധിച്ച് വിശദീകരിച്ചത്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ലൈഫ് മിഷന് പദ്ധതിയില്‍ നടന്നിട്ടുള്ള കോഴയിടപാട് കണ്ടെത്തുന്നതെന്ന് ഇഡി മറുപടിയില്‍ പറയുന്നു. ഉന്നത ഉദ്യോഗസ്ഥര്‍വരെ ഈ ഇടപാടുമായി ബന്ധപ്പെട്ടിട്ടുണ്ട്.
ഇതു സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ കിട്ടിയെന്നും തുടരന്വേഷണത്തിനായാണ് ഫയലുകള്‍ ആവശ്യപ്പെട്ടതെന്നും മറുപടിയിലുണ്ട്. കഴിഞ്ഞമാസം 31ന് ലൈഫ് മിഷന് സിഇഒ യു.വി. ജോസിന് ഇഡി സമന്‍സ് നല്‍കിയിരുന്നു. തുടര്‍ന്ന് അടുത്ത ദിവസം അദ്ദേഹം ഇഡിക്ക് മുന്നില്‍ ഹാജരായി മൊഴി നല്‍കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: