കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതി വഴി കേരളത്തിന് കിട്ടിയത് 626 കോടി രൂപ. ചെലവഴിച്ച് കണക്കുകൊടുത്തത് 442 കോടി രൂപയുടേത് മാത്രം. ഇതോടെ 2279 കോടി രൂപയുടെ 1010 വികസന പദ്ധതികള്‍ നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പരിപാടി നടക്കാതെ പോയി. അടല്‍ മിഷന് ഫോര്‍ റജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്സ്ഫര്മേഷന് എന്ന അമൃത് പദ്ധതി, നഗരങ്ങളില്‍ പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ജീവിതം മെച്ചപ്പെടുത്താന്‍ ജല വിതരണം, റോഡ് മെച്ചപ്പെടുത്തല്‍, പാര്‍ക്ക് നിര്‍മാണം തുടങ്ങിയവ നടപ്പാക്കുന്നതാണ് പദ്ധതി.
സംസ്ഥാന സര്‍ക്കാര്‍ പദ്ധതി അവതരിപ്പിച്ച്, അതിന്റെ സാധ്യതയും നടപ്പാക്കല്‍ രീതിയും മനസിലാക്കി കേന്ദ്ര സര്‍ക്കാര്‍ മുഴുവന്‍ തുകയും നല്‍കുന്നതാണ് പദ്ധതി. എന്നാല്‍, ചെലവാക്കിയ കണക്കു കൊടുക്കാഞ്ഞതുമൂലം സംസ്ഥാനത്തിന് 1600 കോടിയോളം രൂപയാണ് നഷ്ടമായത്. കൊച്ചി സ്വദേശി കെ. ഗോവിന്ദന് നമ്പൂതിരി കേന്ദ്ര നഗര കാര്യ വകുപ്പില്‍നിന്ന് നേടിയ വിവരാവകാശ രേഖകളിലാണ് ഈ വസ്തുതകള്‍.
കേരള സര്‍ക്കാര്‍ കേന്ദ്രത്തില്‍നിന്ന് ഫണ്ട് നേടിയെടുക്കാന്‍ 1010 പദ്ധതികള്‍ നല്കി. അതിനെല്ലാം കൂടി 2,279.12 കോടി രൂപയാണ് കേന്ദ്രം കണക്കാക്കി അനുവദിച്ചത്. ഇതില്‍ 1832.34 കോടി രൂപ ചെലവു വരുന്ന 964 പദ്ധതികള്‍ക്ക് കരാര്‍ നല്കി. 307.46 കോടിയുടെ 512 പദ്ധതികള്‍ പൂര്‍ത്തിയാക്കി. ടെന്‍ഡര്‍ ക്ഷണിക്കാത്ത 432.23 കോടിയുടെ 40 പദ്ധതികളാണുള്ളത്.
സ്വച്ഛ് ഭാരതം: 100 കോടി കേന്ദ്ര സഹായത്തില്പകുതിയോളം കേരളം വിനിയോഗിച്ചില്ല
കൊച്ചി: സ്വച്ഛ് ഭാരത പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച നൂറുകോടിയോളം രൂപയില്‍ പകുതിയേ സംസ്ഥാനം വിനിയോഗിച്ചുള്ളൂ. വിനിയോഗിച്ചതിനും യഥാ സമയം കണക്കുകൊടുത്തില്ല. ആറു വര്‍ഷത്തിനിടെ സംസ്ഥാനത്തിന് ഇക്കാരണത്താല്‍ കേന്ദ്ര സഹായം നിര്‍ത്തിവെക്കുകയും ചെയ്തു.
സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം കേന്ദ്ര നഗരകാര്യ മന്ത്രാലയം 2014-15 വര്‍ഷം 19.18 കോടി രൂപ അനുവദിച്ചു. ആ വര്‍ഷം പണം മുഴുവന്‍ സംസ്ഥാനം ചെലവിട്ടു. അടുത്ത വര്‍ഷം 14.99 കോടി രൂപ കൊടുത്തു. പക്ഷേ, സംസ്ഥാനം ചെലവിട്ടത് 3.19 കോടി രൂപ മാത്രം. 2016-17 വര്‍ഷം 9.45 കോടി രൂപ നല്‍കിയതില്‍ 7.46 കോടിയേ ചെലഴിച്ചുള്ളൂ. അതിനാല്‍ 2017-18 വര്‍ഷം ഒരു പൈസയും കേന്ദ്രത്തില്‍നിന്ന് കിട്ടിയില്ല. 2019-20 വര്‍ഷം 52.60 കോടി രൂപ കേന്ദ്രം നല്കി. അതില്‍ 23.39 കോടിയേ ചെലവഴിച്ചുള്ളു. 2019-20 വര്‍ഷം നല്കിയ 0.96 കോടിയും ചെലവഴിച്ചതായി കണക്ക് നല്‍കിയിട്ടുണ്ട്. ആര്‍ടിഐ പ്രകാരം കെ. ഗോവിന്ദന് നമ്പൂതിരിക്ക് ലഭിച്ചതാണ് വിവരങ്ങള്‍.
എന്നാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തയില്ലെങ്കിലും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച മുഴുവന്‍ തുകയും ചെലവഴിച്ചതായാണ് കണക്ക്. 11.45 കോടിയാണ് അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: