ന്യൂദല്‍ഹി: പെന്‍ഷന്‍കാര്‍, തങ്ങള്‍ ജീവിച്ചിരിക്കുന്നു എന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്ന ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ബാങ്കില്‍ പോകാതെ പോസ്റ്റ്മാന് വഴി സമര്‍പ്പിക്കാം. പോസ്റ്റ്മാന്മാര് വീടുകളില്‍ നേരിട്ടെത്തി ഇവ കൈപ്പറ്റുന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതി പെന്ഷന് വാങ്ങുന്ന വൃദ്ധര്‍ക്ക് ഏറെ ആശ്വാസകരമാണ്. ഐപിപിബി(ഇന്ത്യന്‍ പോസ്റ്റ് പേമെന്റ്സ് ബാങ്ക്)യുടെ പങ്കാളിത്തത്തോടെയുള്ള ഡിഒപിപിഡബ്ല്യുവിന്റെ പദ്ധതി വ്യാഴാഴ്ച പ്രാബല്യത്തില്‍ വന്നു.
രാജ്യത്തുടനീളം ഈ വാതില്‍പ്പടി സേവനം ലഭ്യമാക്കാന്‍ ഡിഒപിപിഡബ്ല്യുയും ഐപിപിബിയും അവരുടെ ഗ്രാമീണ്‍ ഡാക് സേവകരെയും പോസ്റ്റ്മാന്മാരുടെ ശൃംഖലയെയുമാണ് ഉപയോഗപ്പെടുത്തുന്നത്. വീട്ടിലിരുന്ന് തന്നെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കുന്നതടക്കമുള്ള നൂതന പദ്ധതികള്‍ക്ക് പിന്നാലെയാണ് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സേവനവും തപാല്‍ വകുപ്പ് വഴി കേന്ദ്രം നടപ്പിലാക്കുന്നത്.
ഇന്ത്യന്‍ പോസ്റ്റ് പേമെന്റ്സ് ബാങ്ക് ഉപയോക്താക്കളായ പെന്‍ഷന്‍കാര്‍ക്ക് മാത്രമേ നിലവില്‍ വാതില്‍പ്പടി സൗകര്യത്തിന്റെ ഗുണഭോക്താക്കളാകാന്‍ കഴിയൂ. എന്നാല്‍, മറ്റുള്ളവര്‍ക്കും ഉടന്‍ സേവനം ലഭ്യമാക്കാനാണ് തീരുമാനം. ബാങ്ക് നിശ്ചയിച്ചിട്ടുള്ള ദൂരപരിധിക്ക് പുറത്തുള്ളവര്‍ സേവനം ലഭ്യമാക്കാന്‍ ചെറിയ ഡിഎസ്ബി തുക അടയ്ക്കേണ്ടി വരും. 2014ല്‍ ജീവന് പ്രമാണ് പോര്‍ട്ടല്‍ വഴി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണം ഓണ്‍ലൈനിലൂടെയാക്കിയത്. ഡിഎല്‍സി സമര്‍പ്പിക്കാനുള്ള അവസാന തീയതി കൊറോണ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നവംബര്‍ ഒന്നില്‍ നിന്ന് ഡിസംബര്‍ 31ലേക്ക് നീട്ടിയിരുന്നു.
ഡിഎല്‍സി സര്‍ട്ടിഫിക്കറ്റിന് പോസ്റ്റ്മാന് വഴി അപേക്ഷിക്കേണ്ട വിധം പോസ്റ്റ് ഇന്‍ഫോ ആപ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുക. ആപ്പിലെ സര്‍വീസ് റിക്വസ്റ്റില്‍ ക്ലിക് ചെയ്യുക. പേര്, വിലാസം, പിന്‍കോഡ്, മൊബൈല്‍ നമ്പര്‍ എന്നിവ നല്കിയ ശേഷം ഐപിപിബി സേവനം തെരഞ്ഞെടുക്കുക. ജീവന് പ്രമാണ് എന്നതില്‍ ക്ലിക്ക് ചെയ്യുക. ഒടിപി സ്ഥിരീകരണത്തിന് ശേഷം പിന് കോഡ് അടിസ്ഥാനമാക്കി ഡിഎല്‍സി സേവനത്തിനുള്ള അഭ്യര്‍ഥന അടുത്തുള്ള പോസ്റ്റ്ഓഫീസിലേക്ക് കൈമാറും. 48 മണിക്കൂറിനകം പോസ്റ്റ്മാന് വീട് സന്ദര്‍ശിക്കുമ്പോള്‍ നിങ്ങളുടെ ആധാര്‍ നമ്പര്‍, പിപിഒ നമ്പര്‍, പെന്ഷന് വിതരണ ഏജന്‍സിയുടെ വിശദാംശങ്ങള്‍ എന്നിവ കൈയില്‍ കരുതുക.
പോസ്റ്റ്മാന് തന്റെ ഉപകരണത്തിലൂടെ എല്ലാ വിവരങ്ങളും പെന്‍ഷനറുടെ വിരലടയാളവും സ്കാന്‍ ചെയ്യും. സര്‍ട്ടിഫിക്കറ്റ് വിജയകരമായി ജനറേറ്റ് ചെയ്താല്‍ ചാര്‍ജ് അടയ്ക്കുക. ഇതോടെ പെന്ഷന് വിതരണ ബാങ്കിലേക്ക് ഡിഎല്‍സി നേരിട്ടെത്തുന്നു.ബാങ്കുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് ഡിഎല്‍സി ലഭിച്ചതായി മൂന്ന് ദിവസത്തിനകം സന്ദേശം എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: