മുംബൈ : ബിനീഷ് കോടിയേരിക്കെതിരായ എന്‍ഫോഴ്സ്മെന്റ് കേസിന് പിന്നാലെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കേസില്‍ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നു. ബിഹാര്‍ സ്വദേശിനി നല്കിയ പരാതിയില്‍ അടുത്തുതന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
തന്റെ കുഞ്ഞിന്റെ അച്ഛനാണെന്ന ബിഹാര്‍ സ്വദേശിയുടെ ആരോപണത്തില്‍ ഡിഎന്‍എ പരിശോധന നടത്തിയെങ്കിലും ഫലം ഇതുവരെ കോടതിയില്‍ ഹാജരാക്കിയിട്ടില്ല. രജിസ്ട്രാറുടെ പക്കല്‍ രഹസ്യരേഖയായി ഡിഎന്‍എ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ബോംബൈ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയി കോടിയേരി ഹര്‍ജി നല്‍കിയെങ്കിലും ഇത് പരിഗണിക്കുന്നത് 2021 ജൂണിലേക്കു മാറ്റി.
അതേസമയം കോസില്‍ ഒത്തുതീര്‍പ്പ് നടന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും യുവതിയുടെ കുടുംബം അത് നിഷേധിച്ചു. പീഡനപരാതി നിലനില്‍ക്കുന്ന കീഴ്ക്കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയാണെങ്കില്‍ ഡിഎന്‍എ റിപ്പോര്‍ട്ടിനായി ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് യുവതിയുടെ കുടുംബം അറിയിച്ചു.
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നും തന്റെ കുട്ടിയുടെ അച്ഛനാണെന്നും ആരോപിച്ച് 2019 ജൂണിലാണ് ബീഹാര്‍ സ്വദേശിനി പരാതി നല്‍കിയത്. ദുബായിലെ മെഹ്ഫില്‍ ബാറില്‍ ഡാന്‍സര്‍ ആയിരിക്കവേ അവിടെ പതിവായി വന്നിരുന്ന ആളെന്ന നിലയില്‍ ബിനോയിയെ പരിചയപ്പെട്ടത്. പിന്നീട് 2009 ല്‍ ഗര്‍ഭിണിയായതോടെ യുവതി മുംബൈയിലേക്കു മടങ്ങി. ആദ്യഘട്ടങ്ങളില്‍ ചെലവെല്ലാം വഹിച്ചിരുന്നെങ്കിലും പിന്നീട് ഒഴിഞ്ഞുമാറാന്‍ തുടങ്ങിയപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് ബിനോയ് വിവാഹിതനാണെന്ന് തിരിച്ചറിഞ്ഞതെന്നും പരാതിയില്‍ പറയുന്നുണ്ട്.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ബിനീഷിനെതിരെ പിടിമുറുക്കിയതോടെ ഗത്യന്തരമില്ലാതെയാണ് കോടിയേരി ബാലകൃഷ്ണന് സിപിഎം സംസ്ഥാന സെക്രട്ടറി പദത്തില്‍ നിന്നും ഒഴിഞ്ഞത്. ആരോപണങ്ങള്‍ക്കിടയില്‍ സംസ്ഥാന സെക്രട്ടറി പദത്തില്‍ ഇരുന്ന് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ അത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായേക്കാം എന്ന വിലയിരുത്തലിലാണ് ഇത്. അതിനു തൊട്ടു പിന്നാലെയാണ് ബിനോയ്ക്കെതിരായ കേസില്‍ മുംബൈ പോലീസ് അടുത്തുതന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ട് പുറത്തുവിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: