ബ്യൂനസ് ഐറിസ് : മുന്‍ ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സമനില. പരാഗ്വക്കെതിരായ മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം ശക്തമായ പോരാട്ടത്തിലൂടെയാണ് അര്‍ജന്റീന സമനില നേടിയത്് (1-1). രണ്ടാം പകുതിയില്‍ ലയണല്‍ മെസി ഗോള്‍ അടിച്ചെങ്കിലും റഫറി അത് അനുവദിക്കാതിരുന്നത് അര്‍ജന്റീനയ്ക്ക് തിരിച്ചടിയായി.
തുടക്കത്തില്‍ ഏയ്ഞ്ചല്‍ റൊമേറോ പരാഗ്വെയെ മുന്നിലെത്തിച്ചു. പെനാല്‍റ്റിയിലൂടെയാണ് എയ്ഞ്ചല്‍ സ്കോര്‍ ചെയ്തത്. ഗോള്‍ വീണതോടെ പൊരുതിക്കളിച്ച അര്‍ജന്റീന ഇടവേളയ്ക്ക് മുമ്പ് സമനില പിടിച്ചു. നിക്കോളസ് ഗോണ്‍സാലസാണ് സ്കോര്‍ ചെയ്തത്.
രണ്ടാം പകുതിയില്‍ ലയണല്‍ മെസി ഗോള്‍ നേടിയെങ്കിലും റഫറി അനുവദിച്ചില്ല. ഗോളിലേക്കുള്ള നീക്കത്തിന്റെ തുടക്കത്തില്‍ ഗോണ്‍സാലസ് ഫൗള്‍ ചെയ്തെന്ന് ആരോപിച്ചാണ് റഫറി ഗോള്‍ നിഷേധിച്ചത്.
യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരങ്ങളില്‍ അര്‍ജന്റീന ഇക്വഡോറിനെയും ബൊളീവയയേയും പരാജയപ്പെടുത്തിയിരുന്നു. പരാഗ്വെ ആദ്യ മത്സരങ്ങളില്‍ വെനീസ്വലയെ തോല്‍പ്പിച്ചു. അതേസമയം പെറുവുമായി സമനില പിടിച്ചു.
അടുത്ത മത്സരത്തില്‍ അര്‍ജന്റീന ചൊവ്വാഴ്ച പെറുവിനെ നേരിടും. പരാഗ്വെ ബൊളീവിയയെ എതിരിടും.
മറ്റൊരു ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇക്വഡോര്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബൊളീവിയയെ തോല്‍പ്പിച്ചു. ഇക്വഡോറിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: