ചേര്‍ത്തല: വിദേശ കറന്‍സി മാറാനെന്ന വ്യാജേനയെത്തി പണം അപഹരിച്ച കേസില്‍ നാല് ഇറാന്‍ സ്വദേശികളെ ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്തു. മജീദ് സഹേബിയാസിസ് (32), ഇനോലാഹ് ഷറാഫി (30), ദാവൂദ് അബ്‌സലന്‍ (23), മോഹ്‌സെന്‍ സെതാരഹ് (35) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പ്രതികള്‍ ചേര്‍ത്തല വാരനാട് ഭാഗത്തുള്ള ചെറുപുഷ്പം മെറ്റല്‍ ഏജന്‍സീസില്‍ നിന്ന് പണം തട്ടിയെടുത്തത്്.
സ്ഥാപനത്തില്‍ എത്തിയ ഇവര്‍ വിദേശ കറന്‍സി കാണിച്ച് ഇന്ത്യന്‍ രൂപയാക്കി മാറി തരണമെന്ന് ആവശ്യപ്പെട്ടു. ജീവനക്കാരുടെ ശ്രദ്ധ തിരിച്ച ശേഷം കടയില്‍ നിന്ന് വാങ്ങിയ 2000 ന്റെ നോട്ടുകെട്ടില്‍ നിന്ന് 17 നോട്ടുകള്‍ കൈവശപ്പെടുത്തി മഹാരാഷ്‌ട്ര രജിസ്‌ട്രേഷനിലുള്ള വാഹനത്തില്‍ കടന്നുകളയുകയുമായിരുന്നു. കടയുടമയുടെ പരാതിയെ തുടര്‍ന്ന് എത്തിയ പോലീസ് കടയിലേയും സമീപത്തെയും സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചു.
പ്രതികളുടെയും ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെയും ദൃശ്യങ്ങള്‍ ലഭിച്ചതോടെ സംസ്ഥാനത്തെ മറ്റ് പോലീസ് സ്റ്റേഷനുകളിലേക്ക് സന്ദേശം കൈമാറി. തുടര്‍ന്ന് തിരുവനന്തപുരം സിറ്റി ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ തിരുവനന്തപുരത്തെ നക്ഷത്ര ഹോട്ടലിലുള്ളതായി വിവരം ലഭിച്ചു.
പോലീസിന്റെ സഹായത്തോടെ പ്രതികള്‍ കടന്ന് കളയാതിരിക്കാന്‍ കാവല്‍ ഏര്‍പ്പെടുത്തിയ ശേഷം ചേര്‍ത്തലയില്‍ നിന്നുള്ള പോലീസ് സംഘം ഇവിടെയെത്തി പ്രതികളെ കസ്റ്റഡിയിലെടുത്ത് ചേര്‍ത്തലയിലെത്തിക്കുകയായിരുന്നു. പ്രതികളെ പീന്നീട് കടയിലെത്തിച്ച് തെളിവെടുത്തു. ലോക്ക് ഡൗണിന് മുന്‍പ് ഇറാനിലെ ടെഹ്‌റാനില്‍ നിന്ന് ദല്‍ഹിയിലെത്തിയ പ്രതികള്‍ മൂന്ന് മാസം മുന്‍പ് സംഘം ചേര്‍ന്നാണ് കാര്‍ വാങ്ങി യാത്ര തിരിച്ചത്. ബാംഗ്ലൂര്‍, മധുര വഴി കഴിഞ്ഞ പത്തിനാണ് കേരളത്തില്‍ എത്തിയത്. പ്രതികള്‍ സഞ്ചരിച്ച വഴികളിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പ്രതികളെ വിശദമായി ചോദ്യം ചെയ്യാനും അന്വേഷണം വിപുലീകരിക്കാനും നീക്കം തുടങ്ങി. ഇവര്‍ അപഹരിച്ച 34000 രൂപയ്‌ക്ക് ഇറാനില്‍ രണ്ട് കോടിയോളം രൂപയുടെ മൂല്യമുണ്ടെന്നും ഡിസംബര്‍ വരെ പ്രതികള്‍ക്ക് വിസ കാലാവധിയുണ്ടെന്നും പോലീസ് പറഞ്ഞു. സി.ഐ പി. ശ്രീകുമാര്‍, എസ്ഐ എം. ലൈസാദ് മുഹമ്മദ് എന്നിവര്‍ക്കൊപ്പം സിപിഒ മാരായ വി.വി. ജിതിന്‍, വിനു, രജീഷ്, സുനിലാല്‍, പ്രവീഷ്, ട്രീസാ വര്‍ഗീസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: