Categories: Samskriti

കല്‍പ്പാത്തിയിലെ ദേവരഥങ്ങള്‍

ഇത്തവണ ചടങ്ങുകളില്‍ ഒതുങ്ങുകയാണ് കല്‍പ്പാത്തി രഥോല്‍സവം. ഇന്നും നാളെയും മറ്റന്നാളുമായി നടത്തേണ്ടിയിരുന്ന മഹാമഹത്തിനും വിഘാതമായത് മഹാമാരി. കല്‍പ്പാത്തിയെ ഭക്തി സാന്ദ്രമാക്കിയിരുന്ന രഥോല്‍സവ വിശേഷങ്ങളിലേക്ക്...

ആചാരാനുഷ്ഠാനങ്ങളുടെ പെരുമ വിളിച്ചോതുന്ന അഗ്രഹാരം. മുറ്റത്ത് അരിമാവ്‌കൊണ്ടെഴുതിയ കോലങ്ങള്‍. കാറ്റിന് ചന്ദനത്തിരിയുടെയും കര്‍പ്പൂരത്തിന്റെയും ഗന്ധം. വേദമന്ത്രങ്ങള്‍ മുഴങ്ങുന്ന വീടുകള്‍ ഇതൊക്കെയാണ് വിഖ്യാതമായ പാലക്കാട് കല്‍പ്പാത്തി അഗ്രഹാരം.  

‘കാശിയില്‍ പാതി  കല്‍പ്പാത്തി’  

വര്‍ഷങ്ങള്‍ക്കുമുമ്പ് തഞ്ചാവൂരില്‍ നിന്നും കുടിയേറിപാര്‍ത്ത തമിഴ് ബ്രാഹ്മണരാണ് കല്‍പ്പാത്തിയിലുള്ളത്. ആരാധ്യദേവനായ സുബ്രഹ്മണ്യനും കാശിനാഥനായ ശിവനും, ഭഗവതിയും, ഗണപതിയും അവര്‍ക്ക് കൂട്ടുവന്നെന്നും ഇഷ്ടദൈവങ്ങള്‍ക്കായി അമ്പലങ്ങള്‍ ഉണ്ടാക്കി പൂജ നടത്തി പ്രീണിപ്പിച്ചെന്നും ദൈവങ്ങള്‍ക്ക് സവാരി ചെയ്യാന്‍ അവര്‍ രഥങ്ങള്‍ ഉണ്ടാക്കി രഥപൂജ നടത്തിയെന്നുമാണ് കഥ. വര്‍ഷത്തിലൊരിക്കല്‍ കല്‍പ്പാത്തിയിലെ  ഭക്തരെ കാണാന്‍ ദേവന്‍മാര്‍ രഥത്തിലേറി അഗ്രഹാരവീഥിയിലൂടെ സവാരി നടത്തുമെന്നാണ് വിശ്വാസം. കാശിയില്‍ പാതി കല്‍പ്പാത്തി എന്ന ചൊല്ല് അന്വര്‍ഥമാകുകയാണ് ഇവിടെ.  

ഇത്തവണ കല്‍പ്പാത്തി രഥോത്സവം ചടങ്ങുകളിലൊതുങ്ങും. ഇന്നും നാളെയും മറ്റന്നാളുമായി നടത്തേണ്ടിയിരുന്ന രഥോല്‍സവ ചടങ്ങുകള്‍ ക്ഷേത്രത്തിന് അകത്താണ് നടത്തുക. എല്ലാവര്‍ഷവും പതിവു തെറ്റാതെ നവംബര്‍ 13,14,15 തീയതികളിലാണ് പ്രധാന ആഘോഷം.  

തഞ്ചാവൂര്‍ തനിമ

കല്‍പ്പാത്തിയിലെത്തിയ തഞ്ചാവൂര്‍ ബ്രാഹ്മണസമൂഹം തമിഴ് രീതികള്‍ ഒന്നൊന്നായി പ്രചരിപ്പിച്ചു. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ആഘോഷങ്ങളിലും ഒരു തഞ്ചാവൂര്‍ തനിമ പാലിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു. അതിലേറ്റവും പ്രസിദ്ധം കല്‍പ്പാത്തി രഥോത്സവത്തിനാണ്. ദിവസങ്ങള്‍ നീളുന്ന ഉത്സവമാണ് പാലക്കാടിന്റെ പെരുമ വിളിച്ചോതുന്ന രഥോത്സവം. ഇവിടുത്തെ രഥങ്ങള്‍ക്ക് കാശി വിശ്വനാഥ ക്ഷേത്ര ഗോപുരങ്ങളോടും മേല്‍ക്കൂരയോടും കൃത്യമായ സാമ്യമാണുള്ളത്. പ്രത്യേക വൈദഗ്‌ദ്ധ്യം നേടിയ ശില്‍പ്പികളാണ് രഥം തയ്യാറാക്കുന്നത്. രഥം പൂര്‍ണരൂപത്തില്‍ തയ്യാറാകുന്നതോടെ കാശി ക്ഷേത്രത്തിലെ മഹാ ചൈതന്യ സാന്നിദ്ധ്യം മൂന്ന് ദിവസത്തേക്ക് ഈ രഥങ്ങളില്‍ ആവാഹിക്കപ്പെടുമെന്നാണ് ഐതിഹ്യം. ശ്രീവിശാലാക്ഷീ സമേത വിശ്വനാഥ സ്വാമി ക്ഷേത്രം, മന്തക്കര മഹാഗണപതീക്ഷേത്രം,  ലക്ഷ്മീനാരായണ പെരുമാള്‍ ക്ഷേത്രം, ചാത്തപുരം പ്രസന്നഗണപതീക്ഷേത്രം, പുതിയ കല്‍പ്പാത്തി ക്ഷേത്രം എന്നിവിടങ്ങളിലെ തേരുകളാണ് അഗ്രഹാര വീഥികളിലൂടെ കാഴ്ചയെ വര്‍ണാഭമാക്കി ഉരുളുക. രഥോത്സവം കൊടിയേറിയ ശേഷം നടക്കാറുള്ള  ചെറിയ ദേവരഥങ്ങളുടെ സംഗമം കണ്ടുതൊഴാന്‍ മുപ്പത്തിമുക്കോടി ദേവകള്‍ എത്തുമെന്നാണ് വിശ്വാസം.  

ദേവരഥസംഗമം

വേദമന്ത്രജപത്താല്‍ മുഖരിതമാകുന്ന അഗ്രഹാര വീഥികളിലൂടെ ദേവഗണങ്ങളെ വഹിച്ചുകൊണ്ടുള്ള രഥങ്ങള്‍ തൊട്ടുവണങ്ങാനും, തേര് വലിക്കാനും ഭക്തരുടെ വന്‍ തിരക്കാണ്. സമാപനത്തില്‍ അഞ്ച് രഥങ്ങള്‍ അണിനിരന്നിരിക്കും. സായംസന്ധ്യയില്‍ വിശാലാക്ഷീ സമേത വിശ്വനാഥ സ്വാമി, ഗണപതി, വള്ളി ദൈവാന സമേത സുബ്രഹ്മണ്യന്‍, ലക്ഷ്മീനാരായണ പെരുമാള്‍, പ്രസന്ന മഹാഗണപതി എന്നിവിടങ്ങളില്‍ നിന്നുള്ള തേരുകള്‍ തേരുമുട്ടിയില്‍ സംഗമിക്കുന്നതോടെ ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമാവും. തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രത്തിലെ പൂജാവിധികളും ശൈലിയുമാണ് കല്‍പ്പാത്തി രഥോത്സവത്തിലും കാണുക. ദേവരഥ സംഗമത്തിന്  ആയിരങ്ങള്‍ സാക്ഷിയാകുന്നു.  

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക