ബദിയഡുക്ക: കോണ്‍ഗ്രസില്‍ പൊട്ടിത്തെറി രൂക്ഷമാകുന്നതോടെ പല നേതാക്കന്മാരും പ്രവര്‍ത്തകരും വ്യാപകമായി പാര്‍ട്ടി വിടുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സായിറാം ഭട്ടിന്റെ മകനുമായ ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റുമായ കെ. എന്‍.കൃഷ്ണ ഭട്ട് കോണ്‍ഗ്രസ് അംഗത്വം രാജിവെച്ചു. രാജിക്കത്ത് ഡിസിസി പ്രസിഡന്റിനും ബ്ലോക്ക് പ്രസിഡന്റിനും പോസ്റ്റല്‍ വഴി അയച്ചതായി കൃഷ്ണ ഭട്ട് പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെയും യുഡിഎഫിലേയും പ്രശ്നങ്ങളാണ് പ്രധാനമായും പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.പല കാര്യങ്ങളിലും സ്വന്തം പാര്‍ട്ടി, പാര്‍ട്ടി തത്വങ്ങള്‍ക്കോ പാര്‍ട്ടി പ്രവര്‍ത്തകന്റെ നീതിക്കുവേണ്ടിയുള്ള നിലപാടുകള്‍ക്കോ ഒപ്പം നിന്നില്ല, മാത്രമല്ല മുസ്ലിംലീഗിന്റെ പഞ്ചായത്തിലെ ജനദ്രോഹ നിലപാടുകള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പുറത്തുപറയാനാകാത്ത പ്രശ്നങ്ങളാണ് കോണ്‍ഗ്രസിലും നടക്കുന്നത്. കോണ്‍ഗ്രസ് പല ഗ്രൂപ്പായാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാം തോന്നിയതുപോലെയാണ് പഞ്ചായത്തിലെ യുഡിഎഫില്‍ നടക്കുന്നത് അദ്ദേഹം വ്യക്തമാക്കി. ഭരണത്തിന്റെ സ്വാധീനമുപയോഗിച്ച് ലീഗ് നേതാക്കന്മാര് നടത്തിയ അഴിമതികള്‍ക്കെതിരെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിനും യുഡിഎഫ് ജില്ലാ നേതൃത്വത്തിനും പരാതി നല്‍കിയിരുന്നു. എന്നാല്‍ അക്കാര്യത്തെക്കുറിച്ച് ഒന്ന് ഫോണ്‍ വിളിച്ച് ചോദിക്കാന്‍ പോലും പാര്‍ട്ടി നേതൃത്വവും മുന്നണി നേതൃത്വവും തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്തിലെ ലീഗ് നേതാക്കന്മാര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ വന്ന് പ്രശ്നമുണ്ടാക്കി. ഇത് യുഡിഎഫ് ജില്ലാ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അവര്‍ മൗനം പാലിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം ബദിയഡുക്ക പഞ്ചായത്തില്‍ നല്ല ഭരണം കാഴ്ചവെക്കാന്‍ ശ്രമിച്ചുവെങ്കിലും കോണ്‍ഗ്രസ് സഹകരിച്ചില്ല. മുസ്ലിംലീഗ് എതിര്‍ക്കുകയും ചെയ്തുകൊണ്ടിരുന്നു. കൃഷ്ണഭട്ട് വികാരാധീനനായി പറഞ്ഞു. 2005 ലാണ് ഇദ്ദേഹം ആദ്യമായി കിളിംഗാര്‍ വാര്‍ഡില്‍ മത്സരിച്ച് ജയിച്ചത്. 2010 ല്‍ ബേള വാര്‍ഡില്‍ മത്സരിച്ച് ജയിച്ച് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി. 2015 ല്‍ വീണ്ടും കിളിംഗാര്‍ വാര്‍ഡില്‍ മത്സരിച്ച് ജയിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റാവുകയും ചെയ്തു.
യുഡിഎഫിന് ബദിയഡുക്ക പഞ്ചായത്തില്‍ ഭരണം കിട്ടുമ്പോഴെല്ലാം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലീഗ് ഏറ്റെടുക്കുന്ന കീഴ് വഴക്കം ആദ്യമായി ലംഘിച്ചത് കൃഷ്ണഭട്ടായിരുന്നു. 2018ല്‍ കൃഷ്ണ ഭട്ട് വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയില്‍ പങ്കെടുത്തത് വിവാദമായിരുന്നു. ബദിയഡുക്കയില്‍ നടന്ന ഹിന്ദു സമാജോത്സവത്തില്‍ അധ്യക്ഷനായാണ് കൃഷ്ണ ഭട്ട് പങ്കെടുത്തത്. ഇത് ലീഗിലും കോണ്‍ഗ്രസിലും വിവാദത്തിന് തിരികൊളുത്തിയിരുന്നു. പരിപാടിയില്‍ സംബന്ധിക്കാന്‍ അനുമതി നല്കിയ ബദിയെടുക്ക മണ്ഡലം കോണ്‍സ് കമ്മറ്റിയെ കെപിസിസി പിരിച്ചുവിടുകയായിരുന്നു. നേരത്തെ നിശ്ചയിച്ച പരിപാടിയില്‍ നിന്നും ഒഴിവാകാന്‍ സാധിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു കൃഷ്ണ ഭട്ട്.
പാര്‍ട്ടിക്ക് എന്തു നിലപാട് വേണമെങ്കിലും സ്വീകരിക്കാമെന്നും ഭട്ട് കെപിസിസിയെ അറിയിച്ചിരുന്നു. ഹിന്ദു സമൂഹത്തിനായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നായിരുന്നു കൃഷ്ണ ഭട്ടിന്റെ നിലപാട്. കോണ്ഗ്രസുകാരന് ഹിന്ദു സമാജോത്സവത്തില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന സ്വന്തം പാര്‍ട്ടിയുടെയും യുഡിഎഫ് ജില്ലാ കമ്മറ്റിയുടെയും നിര്‍ദ്ദേശം അദ്ദേഹം അവഗണിച്ചു. പിന്നീട് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പിരിച്ചുവിട്ടാണ് നേതൃത്വം ഈ പ്രശ്നത്തില്‍ നിന്നും തലയൂരിയത്. സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളിലുടെ ബദിയഡുക്ക പഞ്ചായത്തിലെ പല വാര്‍ഡുകളിലും സ്വന്തം വ്യക്തിപ്രഭാവമുള്ളയാളാണ് കൃഷ്ണഭട്ട്.
മൂന്ന് മാസം മുമ്പ് പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കണമെന്നും ലീഗിന് അടിയറവെക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടില്‍ നിന്ന് മോചിതനാകണമെന്നും ആഗ്രഹിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രസിഡന്റ് സ്ഥാനത്ത് അഞ്ച് വര്‍ഷം തുടരണമെന്ന് സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചതിനാലാണ് രാജി തീരുമാനം വൈകിയതെന്ന് കൃഷ്ണഭട്ട് പറഞ്ഞു. ഇനി കോണ്‍ഗ്രസിലേക്കില്ലെന്നും പരാതി പറഞ്ഞു മടുത്തെന്നും അദ്ദേഹം പറയുന്നു. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രവശേഷിക്കവേ കൃഷ്ണ ഭട്ടിന്റെ രാജിയോടെ കോണ്‍ഗ്രസിനകത്തെ പടലപ്പിണക്കങ്ങള്‍ മറനീക്കി കൂടുതല്‍ പുറത്ത് വരുമോയെന്ന ഭയത്തിലാണ് നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: