അങ്ങനെ അതും സംഭവിച്ചു. ഇന്ത്യയില്‍ ഇനിയും അവശേഷിക്കുന്ന സഖാക്കന്മാര്‍ക്കെല്ലാം സോണിയയ്ക്കും, രാഹുലിനും ജയ് വിളിക്കാം. കോണ്‍ഗ്രസ്സിന്റെ കൊടിയും, സിപിഎമ്മിന്റെ കൊടിയും ഒറ്റ കമ്പില്‍ ഉയര്‍ത്താം, ഒരുമിച്ച് പാറിക്കാം. കോണ്‍ഗ്രസ്സ്-സിപിഎം സിന്ദാബാദ് ഒരുമിച്ച് മുഴക്കാം. ഇതിന്റെയൊക്കെ റേഹേഴ്സല്‍ ആണല്ലോ ബീഹാറില്‍ നടന്നത്. അവിടെ ഒരു മുന്നണിയിലായിരുന്നല്ലോ ഇരു കൂട്ടരും. കിട്ടിയ രണ്ട് സീറ്റിന്റെ പേരില്‍ തലമറന്ന് ആഘോഷിക്കുകയാണല്ലോ ഇന്ന് സിപിഎം.
ഇത്രയും നാള് സിപിഎം ഉയര്‍ത്തിയ നയങ്ങള്‍ എല്ലാം യാതൊരു ഉളുപ്പുമില്ലാതെ അപ്പാടെ വിഴുങ്ങി. 2020 ഒക്ടോബര്‍ മാസത്തിലെ അവസാന ദിനങ്ങളില്‍ നടന്ന പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മറ്റി യോഗങ്ങള്‍ കോണ്‍ഗ്രസ്സുമായി കൈ കോര്ക്കുന്നതിന് പച്ചക്കൊടികാട്ടി. കേരളത്തില്‍ നിന്നുള്ള മുഴുവന്‍ നേതാക്കന്മാരും കമാ എന്നൊരക്ഷരം ഉരിയാടാതെ ഇതിനെ പിന്തുണച്ചു. അതും പാര്‍ട്ടി രൂപം കൊണ്ടിട്ട് നൂറു വര്‍ഷം ആയെന്നു പറയുന്ന മാസത്തില്‍ തന്നെ. ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടാന്‍ പറ്റില്ലല്ലോ, എന്ന പഴഞ്ചൊല്ലുപോലും മാതൃകയാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല എന്ന് പറഞ്ഞ് പലരും വിലപിക്കുന്നുണ്ട്.
മാതൃ സംഘടനയായ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് 1964ല്‍ രൂപം കൊണ്ടതാണ് സിപിഎം. എന്തൊക്കെയായിരുന്നു ഇക്കാലമത്രയും കോണ്ഗ്രസ്സിനെപ്പറ്റി സിപിഎം പറഞ്ഞിരുന്നത്. 1964 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 7 വരെ കല്‍കട്ടയിലായിരുന്നു പാര്‍ട്ടി രൂപം കൊണ്ടതിനു ശേഷം നടന്ന ആദ്യ പാര്‍ട്ടി കോണ്‍ഗ്രസ്സ്. ‘ഞങ്ങള്‍ വരുന്നൂ ജനാധിപത്യം രക്ഷിക്കാന്‍, കോണ്‍ഗ്രസ്സ് ഇവിടെ തല്ലിയുടയ്ക്കും ജനാധിപത്യം രക്ഷിക്കാന്‍, അടിയും, വെടിയും കൊണ്ടുഭരിക്കും കോണ്‍ഗ്രസ്സ് വാഴ്ച തകര്‍ക്കാനായി, കരിനിയമത്തിന് കൈകള്‍ ഉയര്‍ത്തും കോണ്‍ഗ്രസ്സ് വാഴ്ച തകര്‍ത്തീടും’. എന്നതായിരുന്നു അന്ന് സിപിഎമ്മിന്റെ മുദ്രാവാക്യം. സിപിഐക്കാര്‍ കോണ്‍ഗ്രസ്സുമായി അടിയന്താരാവസ്ഥ കാലത്തുള്‍പ്പടെ കൂട്ടുകൂടിയിരുന്നു. അന്ന് കോണ്‍ഗ്രസ്സ്, മുഖ്യ ശത്രുവായി പ്രഖ്യാപിച്ച പാര്‍ട്ടിയായിരുന്നു സിപിഎം. വലതന്മാരെ വാലാട്ടികളെ, ഇന്ദിരയുടെ ചെരുപ്പ് നക്കികളെ എന്ന് സിപിഐയെ ഇപ്പോഴും സിപിഎമ്മുകാര്‍ കളിയാക്കി വിളിക്കുന്നുണ്ട്. പക്ഷേ ഇന്നവര്‍ സോണിയാ കുടുംബത്തിന്റെ അടുക്കള ദാസന്മാരായി മാറിക്കഴിഞ്ഞിരിക്കുന്നു. കഷ്ടമെന്നല്ലാതെ എന്തുപറയാന്‍. ഇനിയും അവരെ നയിക്കുന്നത് കോണ്‍ഗ്രസ്സ് നയങ്ങള്‍ ആയിരിക്കും. 2018 ഏപ്രില്‍ 22 മുതല്‍ ഹൈദരാബാദില്‍ നടന്ന പാര്‍ട്ടിയുടെ 22-ാം ദേശീയ സമ്മേളനത്തില്‍ കോണ്‍ഗ്രസ്സുമായി ഒരു തരത്തിലും രാഷ്ട്രീയ സഖ്യം പാടില്ല എന്ന് പ്രഖ്യാപിച്ച പ്രമേയം ഇനിയും ജലരേഖ മാത്രം.
ബിജെപിയെ തോല്പ്പികാനാണ് കോണ്‍ഗ്രസ്സുമായി ഈ അവിഹിത ബാന്ധവം എന്നാണ് സിപിഎം പറയുന്നത്. സത്യത്തില്‍ ഇത് മറ്റൊന്നിനും വേണ്ടിയല്ല. എവിടെയെങ്കിലും, എങ്ങനെയങ്കിലും അധികാരത്തില്‍ എത്തണം. 34 വര്‍ഷം ബംഗാളില്‍ ഭരിച്ചു. 25 വര്‍ഷം ത്രിപുരയിലും. അന്നൊക്കെ അവിഹിതമായി അഴിമതിയിലൂടെ കോടിക്കണക്കിന് രൂപ സമ്പാദിച്ചുകൊണ്ടിരുന്നതാണ്. ഇപ്പോള്‍ അവിടെ നിന്നൊന്നും ഒരു ചില്ലിക്കാശിന്റെ വരുമാനമില്ല. കൊട്ടാര സമാനമായ ശീതീകരണ മുറികളുള്ള ദല്‍ഹി, കൊണാട്ട്പ്ലെയ്സിലെ പാര്‍ട്ടി കേന്ദ്ര ഓഫീസ് നടത്തിക്കൊണ്ട് പോകുവാനും, ജനറല്‍ സെക്രട്ടറിയായ യെച്ചൂരി അടക്കമുള്ളവരുടെ ചെലവുകള്‍ നടത്തുവാനും വലിയ തുക തന്നെ വേണ്ടിവരും. കഴിഞ്ഞ നാലരവര്‍ഷമായി കേരളത്തില്‍ തുടരുന്ന ഭരണമാണ് ഏക ആശ്രയം. പിണറായി ഭരണത്തില്‍ കണ്ടതെല്ലാം കട്ടുമുടിച്ചിട്ടും, എല്ലായിടത്തു നിന്നും കമ്മീഷന് വാങ്ങിയിട്ടും, പലതരം പിരിവുകള്‍ നടത്തിയിട്ടും കിട്ടിയ തുകയൊന്നും മതിയാകുന്നില്ല. അതുകൊണ്ട് പാര്‍ട്ടി എപ്പോഴും ഭാരതയക്ഷി എന്നു വിശേഷിപ്പിച്ച ഇന്ദിരയുടെ മരുമകളുടെയും, ചെറുമകന്റെയും കാലുപിടിക്കേണ്ട ഗതിയിലേക്ക് അവസാനം പാര്ട്ടിയെത്തിച്ചേര്ന്നു.
1996 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ഇല്ലാതെ വന്നപ്പോള്‍, സിപിഎം നേതാവായ ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കുവാന്‍ പുറത്തുനിന്ന് പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ്സ് അറിയിച്ചിരുന്നതാണ്. അന്ന് കോണ്‍ഗ്രസ്സ് പിന്തുണയോടെ സിപിഎമ്മിന് അധികാരം വേണ്ടായെന്നായിരുന്നു കേന്ദ്ര കമ്മറ്റിയെടുത്ത തീരുമാനം. തന്റെ അവസരം നഷ്ടമാക്കിയ പാര്‍ട്ടി തീരുമാനത്തെ ചരിത്രപരമായ മണ്ടത്തരം എന്ന് വിശേഷിപ്പിച്ച ജ്യോതിബസുവിന്റെ വാക്കുകള്‍ ആരും മറന്നിട്ടില്ല. ഇപ്പോഴത്തെ ഈ തീരുമാനത്തില്‍ ജ്യോതിബസുവിന്റെ ആത്മാവ് തേങ്ങുന്നുണ്ടായിരിക്കും, തീര്‍ച്ച.
സിപിഎമ്മിന്റെ ഈ തീരുമാനത്തിന് പിന്നില്‍ തന്റെ അവസരം നഷ്ടമാക്കിയവരോടുളള യച്ചൂരിയുടെ പ്രതികാരം ഉണ്ടെന്ന് വിശ്വസിക്കുന്നവരുമുണ്ട്. രാജ്യസഭയിലെ തന്റെ കാലാവധി പൂര്‍ത്തിയായപ്പോള്‍ കോണ്‍ഗ്രസ്സ് പിന്തുണയോടുകൂടി വീണ്ടും രാജ്യസഭയില്‍ എത്താമെന്ന് മനസ്സില്‍ കൊണ്ടുനടന്ന യെച്ചൂരിയുടെ ആഗ്രഹത്തിന് വിലങ്ങുതടിയായതും കോണ്‍ഗ്രസ്സ് പിന്തുണയോടെ അധികാരം വേണ്ടെന്നതും സിപിഎം കേന്ദ്ര കമ്മറ്റിയുടെ നിലപാടായിരുന്നു. ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്ത് ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ സിപിഎം, സോണിയാ തറവാടിന്റെ മുറ്റമടിക്കാന്‍ പോലും സന്നദ്ധമായിരുന്നുവെന്നും പറയപ്പെടുന്നു. ഇപ്പോള്‍ യെച്ചൂരി പല പടികൂടി കടന്ന് ആ തറവാട്ടിലെ അടുക്കള വൃത്തിയാക്കുവാനാണത്രേ പുറപ്പെട്ടിരിക്കുന്നത് പരമ കഷ്ടം!
ഒന്നാം ലോക്സഭയിലെ പ്രധാന പ്രതിപക്ഷമായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. കേരളത്തിന് പുറമേ തമിഴ്നാട്, ആന്ധ്രാപ്രദേശ്, ബീഹാര്‍, പഞ്ചാബ്, ബംഗാള്‍, ത്രിപുര എന്നിവിടങ്ങളിലൊക്കെ ഒരു കാലത്ത് ശക്തമായ വേരോട്ടം പാര്‍ട്ടിക്കുണ്ടായിരുന്നു. ഇപ്പോള്‍ സിപിഐയ്യും, സിപിഎമ്മും ഇന്ത്യയില്‍ അപ്രസക്തമായി മാറി. വ്യക്തമായ നയം ഇല്ലാത്തതുകൊണ്ടും, ദേശീയതയെ തള്ളിപ്പറഞ്ഞ്, ദേശവിരുദ്ധ ശക്തികള്‍ക്കും, മത തീവ്രവാദികള്‍ക്കും പിന്തുണ നല്‍കുകയും ചെയ്തതിന്റെ ഫലമായി അവര്‍ നാശോന്മുകരായി മാറി. പഴയ പാര്‍ട്ടിയുടെ നിഴല്‍പോലും ആകുവാന്‍ ഇന്നത്തെ പ്രസ്ഥാനത്തിന് കഴിയുന്നില്ല. കോണ്‍ഗ്രസ്സുമായി കൂട്ടുകൂടി രക്ഷപെടാമെന്ന ആഗ്രഹം മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്. ഇപ്പോള്‍ തന്നെ തകര്‍ന്ന പാര്‍ട്ടിയെ കൂടുതല്‍ തരിപ്പണമാക്കുവാനേ ഇത് ഉപകരിക്കുകയുളളൂ.
(ബിജെപി ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: