Categories: Main Article

കേരളത്തെ ജിഹാദി തലസ്ഥാനമാക്കുന്നോ?

ജമാ അത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് എന്നിവക്ക് കോണ്‍ഗ്രസുമായി കഴിഞ്ഞ കുറേക്കാലമായി ഉത്തരേന്ത്യയില്‍ അടുപ്പമുണ്ട്. ദല്‍ഹിയില്‍ ജെഎന്‍യു -ജാമിയ മിലിയ തുടങ്ങിയിടങ്ങളില്‍ നടന്ന കലാപത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ഇറങ്ങിച്ചെന്നാല്‍ അത് തെളിഞ്ഞുവരും.

കേരളം പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. പതിവിലേറെ രാഷ്‌ട്രീയം ഏത് വിഷയത്തിലും കടന്നുവരുന്ന ഇവിടെ തീര്‍ച്ചയായും ഇതൊരു വലിയ രാഷ്‌ട്രീയ യുദ്ധം തന്നെയാണ്. അഴിമതി, സ്വര്‍ണ്ണക്കടത്ത്, വിദേശ ഫണ്ടിന്റെ ദുര്‍വിനിയോഗം, ഭരണത്തിന്റെയും മുഖ്യ ഭരണകക്ഷിയുടെയും സിരാകേന്ദ്രങ്ങളില്‍ പോലും ഭൂകമ്പമുണ്ടാക്കിയ സംഭവ പരമ്പരകള്‍ ഒക്കെ കേരളം ചര്‍ച്ചചെയ്യാന്‍ പോകുന്ന തെരഞ്ഞെടുപ്പാണിത് എന്നതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടാവുമോ? അതുസംബന്ധിച്ച് ഈ താളുകളില്‍ ആഴമേറിയ പലതും പ്രസിദ്ധീകൃതമായതാണ്; ഇനിയും അതുണ്ടാവുകയും ചെയ്യും. എന്നാല്‍ അതിനൊപ്പം, അല്ലെങ്കില്‍ അതിലേറെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്. കേരളത്തെ ഇന്ത്യയുടെ ജിഹാദി തലസ്ഥാനമാക്കാനുള്ള ശ്രമമാണത് ……… അതിന് കോണ്‍ഗ്രസ് പാര്‍ട്ടി ചെയ്തുകൊടുക്കുന്ന രാഷ്‌ട്രീയമായ സഹായങ്ങളാണ്. കേരളത്തിന്റെ, ഇവിടത്തെ ജനതയുടെ, സംസ്‌കാരത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണിത് എന്ന് വിചാരിക്കുന്ന ഒരാളാണ് ഞാന്‍. അത് എന്തുകൊണ്ടും ഈ തെരഞ്ഞെടുപ്പിന്റെ വിഷയമായാല്‍ അതിശയിക്കാനില്ല; കാരണം, ഈ തെരഞ്ഞെടുപ്പ് ആ ഒരു പരീക്ഷണത്തിന്റെ ലബോറട്ടറിയായാണ് ജിഹാദി ഗ്രുപ്പുകളും അവരെ തലോടി നിലകൊള്ളുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയും കാണുന്നത്.

എന്താണിങ്ങനെ ചിന്തിക്കാന്‍ കാരണം? ആദി ശങ്കരാചാര്യരും ശ്രീനാരായണ ഗുരുദേവനും ചട്ടമ്പി സ്വാമികളും മഹാത്മാ അയ്യങ്കാളിയും പണ്ഡിറ്റ് കറുപ്പനുമൊക്കെ പിറന്നുവീണ, സ്വാമി വിവേകാനന്ദന്റെ പാദസ്പര്‍ശമേറ്റ പവിത്രമായ മണ്ണ് ജിഹാദി- ഇസ്ലാമിക കേന്ദ്രമായി മാറാന്‍ പോകുന്നു എന്നത് അസംബന്ധമല്ലേ എന്ന് ആരെങ്കിലുമൊക്കെ ചോദിച്ചേക്കാം. സംസ്‌കാര സമ്പന്നമായ കേരളത്തിന് അങ്ങിനെയൊക്കെയാവാന്‍ കഴിയുമോ? ലോകത്ത് ആദ്യമായി കമ്മ്യൂണിസ്റ്റുകള്‍ ബാലറ്റിലൂടെ ഭരണത്തിലേറിയ നാട് ജിഹാദി കേന്ദ്രമാവുന്നോ എന്നും മറ്റുചിലര്‍ സംശയമുന്നയിച്ചേക്കാം. എന്നാല്‍ കാര്യങ്ങളുടെ പോക്ക് ആ വഴിയിലേക്കാണ് എന്ന് കരുതേണ്ടിവരുന്നു. അതില്‍ കോണ്‍ഗ്രസിന്, യുഡിഎഫിന്, മാത്രമല്ല ഇടതുമുന്നണിക്കും ഒരു പങ്കുണ്ട്. എന്നാലിപ്പോള്‍ ആഗോള ജിഹാദി സംഘങ്ങളെ ഇവിടെ ഒന്നിപ്പിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസും മുസ്ലിം ലീഗും കൂട്ടരുമാണ്. അതിന്റെ അപകടം കോണ്‍ഗ്രസ് തിരിച്ചറിയാഞ്ഞിട്ടാണോ അതോ അവരുടെ ഒരു ആസൂത്രിത പദ്ധതിയുടെ ഭാഗമാണോ? 

മാണി ഗ്രുപ്പ് വിട്ടത് കാരണമാക്കുമ്പോള്‍

കേരളാ കോണ്‍ഗ്രസ് മാണി ഗ്രുപ്പ് പുറത്തുപോയത് യുഡിഎഫിനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നല്ലോ. അതുമൂലമുണ്ടാവുന്ന നഷ്ടംനികത്താന്‍ മുസ്ലിം ലീഗ് കണ്ടെത്തിയ പദ്ധതിയാണ് ഈ ജിഹാദി കൂട്ടുകെട്ട് എന്ന് പറയുന്നവരുണ്ട്. കോണ്‍ഗ്രസ് ഒരു പക്ഷെ അത് ആഗ്രഹിച്ചതാവണം എന്നാല്‍ തുറന്നു പറയാന്‍ ധൈര്യവുമില്ല; പക്ഷെ മുസ്ലിം ലീഗിന് അതിനപ്പുറമുള്ള ഒരു അജണ്ട ഉണ്ടായിരുന്നു. ഇപ്പോള്‍ ലീഗ് മുന്‍കയ്യെടുത്ത് ഈ ജിഹാദി സഖ്യത്തിന് ശ്രമിച്ചപ്പോള്‍ മനസ്സില്‍ പുളകിതരായ കോണ്‍ഗ്രസുകാരെയാണ് കേരളം കണ്ടത് എന്നതോര്‍ക്കുക. 

ഇത്തവണ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്‍പേ തന്നെ മുസ്ലിം ലീഗ് നേതാക്കള്‍ ജമാ അത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകളുമായി ചങ്ങാത്തമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ഇത്തരം ‘വര്‍ഗീയ ശക്തികളെ’ എതിര്‍ത്തുപോന്നിരുന്ന ഒരു ചെറിയ വിഭാഗം മുന്‍കാലങ്ങളില്‍ മുസ്ലിം ലീഗിലുണ്ടായിരുന്നു എന്നതോര്‍ക്കുക; അവരുമിപ്പോള്‍ ഈ ചങ്ങാത്തത്തിന് സമ്മതം മൂളിയിരിക്കുന്നു. ഇസ്ലാമിക ശക്തികളെ എല്ലാം ഒരു കുടക്കീഴില്‍ എത്തിക്കുക, ഒന്നിപ്പിച്ചു നിര്‍ത്തുക, എന്നതാവണം അവര്‍ ലക്ഷ്യമിട്ടത്. മുസ്ലിം കേന്ദ്രങ്ങളില്‍ തങ്ങളുടെ പ്രതിയോഗികളായി എന്നും മുസ്ലിം ലീഗ് കണ്ടിരുന്നവരാണ് ഈ രണ്ടു കൂട്ടര്‍ എന്നത് മറന്നുകൂടാ. അവര്‍ക്ക് തീവ്രവാദ സ്വഭാവമുണ്ട്, അവര്‍ ദേശവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നു എന്നും മറ്റുമുള്ള നിലപാട് ലീഗ് നേതാക്കള്‍ പലപ്പോഴും മുന്‍പ് പ്രകടിപ്പിച്ചിട്ടുമുണ്ട്. അതൊക്കെ പറയുമ്പോഴും കര്‍ട്ടനു പിന്നില്‍ ഒന്നിച്ചു വരാറുണ്ടായിരുന്നു എന്നത് രഹസ്യമല്ല; എന്നാല്‍ അവര്‍ പരസ്യമായി കൈകോര്‍ക്കാറില്ലായിരുന്നു. ആ സ്വഭാവമാണ് ഇപ്പോള്‍ മാറിയിരിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് എന്നിവക്കൊക്കെ യുഡിഎഫില്‍ ഒരു അംഗീകാരമുണ്ടാവുന്നു; അതിന് ഔദ്യോഗിക സ്വഭാവം ഉണ്ടോ ഇല്ലയോ എന്നതൊക്കെ രണ്ടാമത്തെ കാര്യം. പക്ഷെ അവര്‍ ഒന്നിച്ചിരിക്കുന്നു എന്നത് പച്ചയായ പരമാര്‍ഥമാണ്. അത് പ്രത്യക്ഷത്തിലില്ല എന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞുനടക്കുമ്പോള്‍ തന്നെ തങ്ങള്‍ ഒന്നിച്ചാണെന്ന് ജമാ അത്തെ ഇസ്ലാമിക്കാരും പോപ്പുലര്‍ ഫ്രണ്ടുകാരും പറയുന്നത് നാം കാണുന്നു, കേള്‍ക്കുന്നു. ഇതുസംബന്ധിച്ച ചാനല്‍ ചര്‍ച്ചകള്‍ ഏറെ ഇതിനകം കേരളത്തില്‍ നടന്നുകഴിഞ്ഞിട്ടുമുണ്ട്.

ഇന്നിപ്പോള്‍ മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും കൂട്ടാളിയായിട്ടുള്ള ഈ രണ്ട് ഇസ്ലാമിക ഗ്രുപ്പുകളുടെ സ്വഭാവം, സംസ്‌കാരം, അവരുടെ പ്രഖ്യാപിത നിലപാടുകള്‍ എന്നിവ മലയാളിക്ക് അറിയാത്തതല്ല. ഇന്ത്യയെ ഇസ്ലാമിക വല്‍ക്കരിക്കുക എന്നതാണ് അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യം. അത് അവര്‍ വിളിച്ചുപറഞ്ഞോട്ടെ; മുസ്ലിം ലീഗ് അതൊക്കെ അംഗീകരിക്കുന്നെങ്കില്‍ ചെയ്‌തോട്ടെ. എന്നാല്‍ ഇസ്ലാമിന് മാത്രമേ ഇവിടെ സ്ഥാനമുള്ളൂ എന്ന് കരുതുന്നവരുമായി കൂട്ടുചേരാന്‍ എങ്ങിനെയാണ് കോണ്‍ഗ്രസിന് സാധിക്കുക ?. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ മറുപടി പറയേണ്ടതുണ്ട്.

സാക്കിര്‍ നയിക്കും ഇസ്ലാമിക കേരളവും

എന്താവാം ഇതിന് കാരണം? അതാണ് ആഴത്തില്‍ വിലയിരുത്തപ്പെടേണ്ടത്. കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം മുന്നണി വിട്ടത് ഒരു കാരണം മാത്രമല്ലെ; അതിനപ്പുറമുള്ള ഒരു അജണ്ട ഇതിന് പിന്നിലില്ലേ?

ഇന്ത്യയില്‍ സംഘടിത ഇസ്ലാമിക രാഷ്‌ട്രീയത്തിന് വേരോട്ടമുണ്ടാക്കാന്‍ കഴിയുന്ന ഏക സംസ്ഥാനം കേരളമാണ് എന്നതാണ് ആഗോള ഇസ്ലാമിക സംഘടനകളും അവരുടെ അപ്പോസ്തലന്മാരും ഇപ്പോള്‍ ചിന്തിക്കുന്നത്. ഇന്ത്യയിലെ മുസ്ലിങ്ങള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് നീങ്ങണം എന്ന് ആഹ്വാനം നല്‍കിയത് ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള തീവ്രവാദ നേതാവ് സാക്കിര്‍ നായിക്ക് ആണല്ലോ. ഭീകര പ്രവര്‍ത്തനമുള്‍പ്പടെയുള്ള കേസുകളില്‍ പ്രതിചേര്‍ക്കപ്പെടുമെന്നായപ്പോള്‍ ഇന്ത്യ വിട്ടുപോയ അയാള്‍ ഇപ്പോള്‍ മലേഷ്യയില്‍ സുഖവാസം നടത്തുകയാണ്. അവിടെയിരുന്നുകൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെ ഇസ്ലാമിക ലോകത്തിന് സന്ദേശങ്ങള്‍ നല്‍കുന്നുമുണ്ട്. ഇസ്ലാമിക കേരളത്തെക്കുറിച്ചുള്ള അയാളുടെ പ്രസ്താവനകളെ പലരും ഗൗരവത്തിലെടുത്തിരുന്നില്ല; ഒരു മത തീവ്രവാദ നേതാവിന്റെ വിലാപമായിട്ടേ ആ ആഹ്വാനത്തെ എടുത്തിരിക്കാനിടയുള്ളു. എന്നാല്‍ അത് ഇപ്പോള്‍ ഇവിടെ നടപ്പിലാക്കാന്‍ തുടങ്ങിയാലോ?

സാക്കിര്‍ നായിക്ക് മാത്രമല്ല, സമാനമായ ചിന്താഗതി പാക്കിസ്ഥാനും വെച്ചുപുലര്‍ത്തുന്നുണ്ട്. കശ്മീര്‍ ഭീകര പ്രസ്ഥാനങ്ങള്‍ ആ സന്ദേശം നേരത്തെ മനസിലേറ്റിയതല്ലേ; അങ്ങിനെയല്ലേ കശ്മീര്‍ താഴ്വരയില്‍ നിന്ന് പണ്ഡിറ്റുകള്‍ക്ക് ജീവനും കൊണ്ട് ഓടേണ്ടിവന്നത്. എത്രയോ ഹിന്ദു പണ്ഡിറ്റുകള്‍ അവിടെ ജീവന്‍ സമര്‍പ്പിച്ചു. യഥാര്‍ത്ഥത്തില്‍ താഴ്വരയില്‍ നടന്നത് ഒരു വംശീയ കലാപമാണ്. അതിനെ പിന്തുണക്കുകയും കൂടെനിന്ന് ഒത്താശ ചെയ്യുകയും ചെയ്തവരില്‍ ജമാ അത്തെ ഇസ്ലാമി ഉണ്ടായിരുന്നില്ലേ? കോണ്‍ഗ്രസ് പിന്തുണയുള്ള ഭരണത്തിന്റെ നാളുകളിലാണ് അതൊക്കെ അരങ്ങേറിയത്; അവരിപ്പോള്‍ അതെ ജമാ അത്തെ ഇസ്ലമിയുമായി ചേര്‍ന്ന് രംഗത്ത് വരുമ്പോള്‍ കേരള സമൂഹം എന്താണ് ചിന്തിക്കേണ്ടിവരിക?

മാപ്പിള ലഹളയുടെ നൂറാം വാര്‍ഷികത്തിലേക്ക് കേരളം നീങ്ങുന്ന വേളയില്‍ ഇവിടെ ഇത്തരമൊരു പുതിയ ഇസ്ലാമിക കൂട്ടായ്മ രൂപപ്പെടുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്. സാക്കിര്‍ നായിക്ക് മാത്രമല്ല മാപ്പിള ലഹളയും ഈ പുതിയ ബാന്ധവത്തിന് കാരണമാവുന്നുണ്ട് എന്ന് തീര്‍ച്ച. മാപ്പിള ലഹളക്കും കശ്മീര്‍ താഴ്‌വരയിലെ പണ്ഡിറ്റുകളുടെ കൂട്ടക്കൊലയുമൊക്കെ പലതുകൊണ്ടും സമാനതകളുള്ളവയാണ് എന്ന് ചിന്തിക്കുന്നവരുണ്ടല്ലോ.

കോണ്‍ഗ്രസാണ് മറുപടി പറയേണ്ടത്

ഇന്ത്യ ഭരിക്കുന്നത് ബിജെപിയാണ്, എന്‍ഡിഎ- യാണ്. അതിന്റേത് ഒരു മതേതര സംസ്‌കാരമാണ്. എല്ലാ മതത്തിലുള്ളവരെയും ഉള്‍ക്കൊള്ളുന്ന സമ്പ്രദായമാണ് ബിജെപിക്കുള്ളത്. ഇന്ത്യയുടെ സംസ്‌കാരവും അതുതന്നെയാണ്. എന്നാല്‍ അതെ സമയം ഒരിക്കലും അത് മതതീവ്രവാദത്തെ അംഗീകരിക്കുന്നില്ല. ഏത് മതത്തിനും നിയമാനുസൃതം പ്രവര്‍ത്തിക്കാന്‍, പ്രചാരണ -സേവന പ്രവര്‍ത്തനങ്ങള്‍ നടത്താനും, അധികാരമുണ്ട്, അവകാശമുണ്ട്. മതത്തിന്റെ മറവില്‍ രാജ്യത്തിന് ദോഷമുണ്ടാവുന്ന കാര്യങ്ങള്‍ ചെയ്താല്‍ ശക്തമായ നടപടികളുണ്ടാവും. മതത്തിന്റെ തണലില്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്ന, സമാജത്തില്‍ കുഴപ്പമുണ്ടാക്കുന്ന നീക്കങ്ങള്‍ നടത്തിയാലും നടപടിയുണ്ടാകും. എന്നാല്‍ നിയമാനുസൃതം ആര്‍ക്കും എന്തും ചെയ്യുകയുമാവാം. ഇത്രത്തോളം മത സ്വാതന്ത്ര്യം ലോകത്ത് വേറൊരു രാജ്യത്തുമുണ്ടാവാനിടയില്ല.

ജമാ അത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് എന്നിവക്ക് കോണ്‍ഗ്രസുമായി കഴിഞ്ഞ കുറേക്കാലമായി ഉത്തരേന്ത്യയില്‍ അടുപ്പമുണ്ട്. ദല്‍ഹിയില്‍ ജെഎന്‍യു -ജാമിയ മിലിയ തുടങ്ങിയിടങ്ങളില്‍ നടന്ന കലാപത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ഇറങ്ങിച്ചെന്നാല്‍ അത് തെളിഞ്ഞുവരും; ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പോലീസ് സമര്‍പ്പിച്ച കുറ്റപത്രം വിശദമായി പരിശോധിച്ചാല്‍ കുറെ തെളിവുകളും ലഭിക്കും. അതില്‍ സിപിഎമ്മിനുള്ള റോളും മറക്കുകയല്ല.

അതൊക്കെയും വിശദീകരിക്കാന്‍ ഇവിടെ സ്ഥല പരിമിതിയുണ്ടല്ലോ. കര്‍ണാടകത്തിലും ഗുജറാത്തിലുമൊക്കെ പോപ്പുലര്‍ ഫ്രണ്ടുകാരും കോണ്‍ഗ്രസുകാരും കൈകോര്‍ത്തത് ഇന്നിപ്പോള്‍ പൊതുമണ്ഡലത്തിലുണ്ട്. പൗരത്വ പ്രശ്‌നത്തിലും മറ്റും നടന്ന കലാപവുമായി ബന്ധപ്പെട്ട് യു. പിയിലെ കോണ്‍ഗ്രസുകാര്‍ ഇക്കൂട്ടര്‍ക്ക് വേണ്ടി സ്വീകരിച്ച നിലപാടുകളും മറന്നുകൂടാ.

എന്നാല്‍ കേരളത്തില്‍ അവരുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസിന് ഇതുവരെ ചങ്കൂറ്റമുണ്ടായിരുന്നില്ല. ഇസ്ലാമിക ഇന്ത്യ എന്ന മുദ്രാവാക്യം കോണ്‍ഗ്രസ് അംഗീകരിക്കുന്നു എന്നതല്ലേ ഇത് കാണിക്കുന്നത്? ഇസ്ലാം മാത്രമാണ് പോംവഴി എന്നത് കോണ്‍ഗ്രസ് അംഗീകരിക്കുന്നു എന്നതല്ലേ തിരിച്ചറിയേണ്ടത്? മാപ്പിള ലഹളയുടെ ശതാബ്ദി ആഘോഷത്തിന് ഇത്തരത്തില്‍ കോണ്‍ഗ്രസ് അരങ്ങൊരുക്കുന്നു എന്നതല്ലേ കാണേണ്ടത്? തീര്‍ച്ചയായും കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ വിശദീകരണമുണ്ടാവും; അത് കേള്‍ക്കാന്‍ കേരളം കാതോര്‍ത്തിരിക്കുന്നു. 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക