തൊടുപുഴ: ശ്രീ ശങ്കരന്റെ അദ്വൈതവും ശ്രീ ബുദ്ധന്റെ സംഘ ബോധവും ഇഴചേര്‍ന്ന് നില്ക്കുന്ന ശബരിമലയില്‍ ആചാര ലംഘനത്തിന് ആരും ശ്രമിക്കരുതെന്ന് തപസ്യ കലസാഹിത്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്. അന്തര്‍ദേശീയ അയ്യപ്പ മഹാ സംഗമം ഗ്ലോബല്‍ വിര്‍ച്ച്വല്‍ യോഗത്തിന്റെ ഭാഗമായി തൊടുപുഴ സരസ്വതി വിദ്യാഭവന് സെന്‍ട്രല്‍ സ്കൂളില്‍ നടന്ന അയ്യപ്പ മഹാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ ആചാര അനുഷ്ഠാനങ്ങളെ നശിപ്പിക്കുവാനുള്ള സര്‍ക്കാര്‍ ഗൂഡാലോചനയില്‍ വീഴരുതെന്ന് ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ ഉപാധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ് മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു. എല്ലാ അയ്യപ്പ ഭക്തരും കുടുംബങ്ങളും ഈ തീര്‍ത്ഥാടന കാലത്ത് സ്വന്തം ഭവനങ്ങളില്‍ വ്രതാനുഷ്ഠാനത്തോടെ ‘ഭവനം സന്നിധാനം’ എന്ന ആശയം അന്വര്‍ത്ഥമാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് വി.എം. ബാലന്, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് ടി.കെ. സുകുമാര്‍, വിഎച്ച്പി ജില്ലാ ഉപാധ്യക്ഷ കെ.എന്‍. ഗീതകുമാരി, സേവാഭാരതി ജില്ലാ ഉപാധ്യക്ഷന്‍ കെ. രവീന്ദ്രന് നായര്‍, അയ്യപ്പ സേവസമാജം സംസ്ഥാന സമിതി അംഗം എസ്. പത്മഭൂഷണ്‍, അയ്യപ്പ സേവസമാജം താലൂക് ജനറല്‍ സെക്രട്ടറി എം.കെ. രാജേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: