തിരുവനന്തപുരം: കേരളത്തില്‍ ബാലാവകാശ കമ്മീഷന്റെ സംരക്ഷണം ലഭിക്കുന്നത് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും വേണ്ടപ്പെട്ടവര്‍ക്ക് മാത്രം. വാളയാറിലടക്കം കുട്ടികളുടെ അവകാശങ്ങള്‍ പിച്ചിചീന്തിയപ്പോള്‍ ആരും ബാലാവകാശ കമ്മീഷനെ കണ്ടില്ല. പക്ഷെ, എന്‍ഫോഴ്സ്മെന്റിനെതിരെ നാടകം അരങ്ങേറിയപ്പോള്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ ഓടിയെത്തി. പരിശോധനയ്ക്കിടെ കോടിയേരിയുടെ ചെറുമകളുടെ അവകാശം ഹനിക്കപ്പെട്ടെന്നാരോപിച്ച് ഓടിയെത്തിയ ബാലാവകാശ സംരക്ഷകര്‍ ‘നാണക്കേടിന്റെ കമ്മീഷനായി’.
2020 സെപ്തംബര്‍ വരെ മാത്രം കുട്ടികളുടെ 20 കൊലപാതകങ്ങളും 815 പീഡനങ്ങളുമാണ് സംസ്ഥാനത്തുണ്ടായത്. 149 കുട്ടികളെ കാണാതായി. രണ്ട് ആത്മഹത്യാപ്രേരണകള്‍, കുട്ടികളെ പ്രദര്‍ശിപ്പിക്കുന്നതിന് അഞ്ച് കേസുകള്‍, ഒമ്പത് ബാലവിവാഹങ്ങള്‍, കുട്ടികള്‍ക്കെതിരെയുള്ള 1668 അതിക്രമ കേസുകളും ഉണ്ടായതായി പോലീസിന്റെ കണക്കുകള്‍. ഈ സമയത്തെല്ലാം കണ്ണടച്ചിരുന്ന ബാലാവകാശ സംരക്ഷകരാണ് അമ്മയ്ക്കും അമ്മുമ്മയ്ക്കുമൊപ്പം കഴിഞ്ഞ, കോടിയേരി ബാലകൃഷ്ണന്റെ പേരക്കുട്ടിയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഓടിയെത്തിയത്.
സിപിഎം അനുഭാവികളോ പ്രവര്‍ത്തകരോ പ്രതിയാകുന്ന കേസുകളില്‍ കമ്മീഷന് ബാലാവകാശ ലംഘനം കണ്ടെത്താനാകില്ല. വാളയാറില്‍ പീഡനത്തെത്തുടര്‍ന്ന് സഹോദരിമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കമ്മീഷന് കണ്ണടച്ചു. തൊടുപുഴയില്‍ അമ്മയുടെ കാമുകന് കുട്ടിയെ നിലത്തടിച്ചു കൊന്ന സംഭവത്തിലെ പ്രതി സിപിഎം നേതാവിന്റെ മകനായിരുന്നു. പ്രതിയുടെ അമ്മയുടെ സിപിഎം സ്വാധീനത്തിന് വഴങ്ങുകയായിരുന്നു കമ്മീഷന്. ഇളയകുഞ്ഞിന് സംരക്ഷണം ഒരുക്കാന്‍പോലും തയാറായില്ല.
സ്കൂളിനുള്ളില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഇടത് അനുകൂല അധ്യാപക സംഘടനകളെ രക്ഷിക്കുന്ന നിലപാടായിരുന്നു കമ്മീഷന്. അതേസമയം പാലത്തായി സംഭവത്തില്‍ കുട്ടി നുണപറയുകയാണെന്ന് അന്വേഷണത്തില്‍ ബോധ്യമായിട്ടും കമ്മീഷന് അധികാരമേറ്റയുടന്‍ കുട്ടിയുടെ വീട്ടിലേക്ക് ഓടിയെത്തി.
ചെങ്കൊടി പിടിച്ചത് യോഗ്യത
അര്‍ദ്ധ നിയമാധികാരവും ചീഫ് സെക്രട്ടറി പദവിയുമുള്ള സ്ഥാനമാണ് കമ്മീഷന് ചെയര്‍മാന്റേത്. കുട്ടികളുടെ അവകാശ സംരക്ഷണ രംഗത്ത് 10 വര്‍ഷത്തെ പ്രവൃത്തി പരിചയവും കുട്ടികളുടെ അവകാശത്തെക്കുറിച്ചുള്ള നിയമ പരിജ്ഞാനവും പോലീസ്, നിയമ വകുപ്പുകളുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാനുള്ള അറിവും ചെയര്മാന് വേണം. എന്നാല്‍, പിണറായി സര്‍ക്കാര്‍ ഇതെല്ലാം കാറ്റില്‍പ്പറത്തി.
സിപിഎമ്മുകാരനായ കെ.വി. മനോജ് കുമാറിന് കമ്മീഷന് ചെയര്‍മാനായി നിയമനം നല്കാന് യോഗ്യതയില്‍ ഇളവു വരുത്തി. സാമൂഹ്യക്ഷേമവകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം കുട്ടികളുടെ ക്ഷേമത്തില്‍ പ്രശസ്ത രീതിയില്‍ ശ്രദ്ധേയമായ പ്രവൃത്തി പരിചയം മാത്രമാക്കി. പോക്സോ വിധികളിലൂടെ ശ്രദ്ധേയനായ കാസര്‍കോട് ജില്ലാ ജഡ്ജി എസ്.എച്ച്. പഞ്ചാപകേശന്‍, മറ്റൊരു ജഡ്ജി ടി. ഇന്ദിര ഒപ്പം അരഡസന്‍ ബാലാവകാശ പ്രവര്‍ത്തകരെയും തഴഞ്ഞാണ് യോഗ്യതയില്‍ പിന്നില്‍ നിന്ന കെ.വി. മനോജ്കുമാറിനെ നിയമിക്കുന്നത്. ഒന്നാം റാങ്കുകാരനായ മനോജ് കുമാര്‍ ഒരു സ്കൂള്‍ പിടിഎയിലും, മാനേജ്മെന്റിലും മൂന്ന് വര്‍ഷം പ്രവര്‍ത്തിച്ചുവെന്നതാണ് യോഗ്യത. ഐസിഡിഎസിന്റെ കുട്ടികളുടെ ക്യാമ്പില്‍ ക്ലാസ്സെടുത്തു എന്നതും യോഗ്യതയായി ചേര്‍ത്തിട്ടുണ്ട്. അങ്ങനെ ഒരു ക്യാമ്പില്‍ മനോജ് കുമാര്‍ ക്ലാസ്സെടുത്തിട്ടില്ലെന്ന വിവരാവകാശ രേഖ ലഭിച്ചതോടെ ഹൈക്കോടതിയില്‍ കേസും നടക്കുന്നു.
അംഗങ്ങളുടെ നിയമനം തോന്നിയ പോലെ
തിരുവനന്തപുരം: ഗവണ്മെന്റ് സെക്രട്ടറിയുടെ പദവിയും ശമ്പളവുമാണ് അംഗങ്ങള്‍ക്ക്. ആറ് അംഗങ്ങളും ചെയര്‍മാനും അടങ്ങുന്നതാണ് ഭരണസമിതി. പി.പി. ശ്യാമളാദേവി, സി. വിജയകുമാര്‍, റെനി ആന്റണി, ഫാദര്‍ ഫിലിപ് പറക്കാട്ടില്‍, അഡ്വ. കെ. നസീര്‍, അഡ്വ. ബബിത എന്നിവരാണ് കമ്മീഷന് അംഗങ്ങള്‍. പി.പി. ശ്യാമളാദേവി സിപിഎമ്മിന്റെ കാസര്‍കോട് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു എന്നതാണ് യോഗ്യത. സി. വിജയകുമാറാകട്ടെ കോഴിക്കോട്ടെ പ്രൈമറി സ്കൂള്‍ അധ്യാപകനും.
ഹിന്ദി സാഹിത്യാചാര്യയാണ് അധികമുള്ള യോഗ്യത. ഡെപ്യൂട്ടേഷനിലാണ് നിയമനം. റെനി ആന്റണി കൊല്ലം പുനലൂരിലെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനാണ്. ഒരു അധ്യാപകന് കുട്ടികള്‍ക്ക് വേണ്ടി ചെയ്യുന്നതിനും അപ്പുറം ഒരു ബാലാവകാശ സംരക്ഷണ പരിജ്ഞാനവും ഇല്ല.
അഡ്വ. ബബിത ശിശു ക്ഷേമ സമിതി കോഴിക്കോട് കമ്മിറ്റി അംഗം എന്ന് നിലയിലാണ് എത്തിയത്. കോണ്‍ഗ്രസ്സ് രാഷ്ട്രീയമുള്ള ഫാ. ഫിലിപ്പും ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് പ്രവര്‍ത്തകനായ അഡ്വ. നസീറും മുന്‍ കമ്മീഷന് അംഗങ്ങള്‍ എന്ന നിലയിലാണ് കമ്മീഷനിലേക്ക് എത്തിയത്. പി.പി. ശ്യാമാളാദേവിയെ കഴിഞ്ഞ കമ്മീഷന് അംഗമാക്കാനായി അപേക്ഷാ തീയതി മാറ്റി നല്‍കിയതിനെത്തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ട് തടഞ്ഞിരുന്നു. വീണ്ടും ഒഴിവ് വന്നപ്പോള്‍ ഇവരെ പരിഗണിക്കുകയായിരുന്നു.
‘ഉത്തരവുകള്‍’ തോന്നിയപടി
കമ്മീഷന് ഉത്തരവുകള്‍ നല്കാന് അവകാശമില്ല, പകരം സര്‍ക്കാരിനെ ഉപദേശിക്കാനേ കഴിയൂ. ഇത് പോലും കമ്മീഷന് അറിയില്ല. കമ്മീഷന് ഇടക്കാല ഉത്തരവു പോലും ഇറക്കാനാകില്ലെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശമുണ്ട്.
കാറുകളുടെ പ്രളയം
കമ്മീഷന് സ്വന്തമായി മാരുതി എസ്എക്സ് 4 കാറുണ്ട്. എന്നാല്‍, ചെയര്മാന് സര്‍ക്കാര്‍ അനുവാദമില്ലതെ, മാസം 45,000 രൂപയ്ക്ക് ഇന്നോവ ക്രെസ്റ്റ വാടകയ്ക്കെടുത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: