കുന്നത്തൂര്‍: താലൂക്കിലെ പ്രധാന ജംഗ്ഷനിലൊന്നായ ചക്കുവള്ളിയില്‍ ഗതാഗത നിയന്ത്രണ സംവിധാനങ്ങളില്ല. ഇതിനാല്‍ അപകടങ്ങള്‍ പതിവാകുന്നു. കൊല്ലം-തേനി ദേശിയപാത കടന്നുപോകുന്ന ചക്കുവള്ളി ജംഗ്ഷന് പോരുവഴി, ശൂരനാട് വടക്ക്, ശൂരനാട് തെക്ക് പഞ്ചായത്തുകളുടെ സംഗമകേന്ദ്രമാണ്. പ്രധാന നാല് റോഡുകളില്‍ നിന്നുമായി നിയന്തണങ്ങളില്ലാതെ എത്തുന്ന വാഹനങ്ങള്‍ അപകടത്തില്പ്പെടുകയാണിവിടെ.
ദിശയറിയാതെ വരുന്ന വാഹനങ്ങള്‍ ഉണ്ടാക്കുന്ന ചെറുതും വലുതുമായ അപകടങ്ങള്‍ ജംഗ്ഷനില്‍ നിത്യസംഭവമാണെന്ന് വ്യാപാരികളും ആട്ടോ തൊഴിലാളികളും പറയുന്നു. നിയന്ത്രണമില്ലാതെയുള്ള കാല് നടയാത്രയും റോഡു മുറിച്ചുകടക്കലും കൂടിയാകുമ്പോള്‍ അപകടസാധ്യത ഇരട്ടിയാകുകയാണ്. ചാരുംമൂട്, ഭരണിക്കാവ്, പുതിയകാവ്, കടമ്പനാട് എന്നീ പ്രധാന റോഡുകള്‍ക്കു പുറമേ ഗ്രാമീണ റോഡുകളില്‍ നിന്നുള്ള വാഹനങ്ങളും യാതൊരു നിയന്ത്രണമില്ലാതെയാണ് പ്രവേശിക്കുന്നത്.
പോലീസ് സ്റ്റേഷനും ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസും മീറ്ററുകള്‍ മാത്രം അകലെയാണ്. നിരവധി ബാങ്കുകളും സ്കൂളുകളും മാര്‍ക്കറ്റും പ്രവര്‍ത്തിക്കുന്ന ചക്കുവള്ളിയില്‍ ഗതാഗത നിയന്ത്രണത്തിനായി സിഗ്നല്‍ സംവിധാനമൊരുക്കാന്‍ നടപടി വേണമെന്നാണ് ആവശ്യം. അടുത്തിടെ മലനട റോഡില്‍ നിന്നും ജംഗ്ഷനിലേക്ക് കയറിയ സ്കൂട്ടറില്‍ ഭരണിക്കാവ് ഭാഗത്ത് നിന്നും അമിതവേഗതയില്‍ വന്ന കാറിടിച്ച് ദമ്പതികള്‍ മരിച്ചിരുന്നു.
പ്രധാന പ്രശ്നം പാര്‍ക്കിങ്
വിവിധ ആവശ്യങ്ങള്‍ക്കായി ചക്കുവള്ളിയിലെത്തുന്നവരുടെ പ്രധാനപ്രശ്നം വാഹന പാര്‍ക്കിങ്ങാണ്. ബാങ്കുകളിലും ആര്‍ടി ഓഫീസുകളിലും മറ്റും ഒട്ടേറെ ആവശ്യങ്ങള്‍ക്കായി വരുന്നവര്‍ വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തുന്നത് തോന്നിയപോലെ. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന റോഡരികിലാണ് സ്വകാര്യവാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. ഇത് ഗതാഗതക്കുരുക്കുണ്ടാക്കുന്നു. വ്യാപാരസ്ഥാപനങ്ങളുടെ മുന്നില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് കച്ചവടത്തെയും ബാധിക്കുന്നതായി വ്യാപാരികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: