തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് ആക്കം കൂട്ടുവാന്‍ ഉപകരിക്കുന്ന പുതിയ നിര്‍ദ്ദേശവുമായി രാജ്യത്തെ പ്രമുഖ ധനകാര്യ വിദഗ്ധനും മലയാളിയുമായ എസ് ആദികേശവന്. സംസ്ഥാനത്ത് ഒരു സ്റ്റേറ്റ് ഡെവലപ്മെന്റ് കൗണ്‍സില്‍ രൂപീകരിക്കണമെന്ന നവീന നിര്‍ദ്ദേശമാണ് മുന്നോട്ടുവെയക്കുന്നത്. വികസന നടപടികള്‍ പോലും രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്കും പാര്‍ട്ടി ലക്ഷ്യങ്ങള്‍ക്കും അനുസൃതമായി മാത്രം കാണുന്ന ഒരു സംസ്ഥാനം എന്ന നിലയ്ക്ക് കേരളത്തെ കുറിച്ചുള്ള ധാരണ മാറ്റിയെടുക്കാന്‍ ഇത് സഹായകമാകും എന്നാണ് ആദികേശവന് വിശദീകരിക്കുന്നത്.
കേരള വികസനത്തെക്കുറിച്ച് ‘ആത്മനിര്‍ഭരം കേരളം’ എന്ന പേരില്‍ ജന്മഭൂമിയില് വന്ന പരമ്പരയിലാണ് അദ്ദേഹം പുതിയ നിര്‍ദ്ദേശം മുന്നോട്ടു വെയ്ക്കുന്നത്.
രാഷ്ട്രീയത്തിന്റെ അതിപ്രസരം മൂലം പിന്നാമ്പുറത്തേയ്ക്ക് തള്ളപ്പെടുന്ന വികസന അജണ്ടയെ, പാര്‍ട്ടിയുടേയോ മുന്നണിയുടെയോ മാത്രം പരിപാടിയായി മാറ്റാതെ എല്ലാ രാഷ്ട്രീയ ധാരകളെയും ജനങ്ങളെയും ഉള്‍പ്പെടുത്തി മുന്നോട്ടു നീങ്ങാന്‍ സ്റ്റേറ്റ് ഡെവലപ്മെന്റ് കൗണ്‍സില്‍ രൂപീകരിക്കണം സഹായിക്കുമെന്നാണ് ആദികേശവന് പറയുന്നത്.
സംസ്ഥാന നിയമസഭയുടെ, നിയമ നിര്‍മാണം മൂലം സ്ഥാപിച്ചെടുക്കാന്‍ പറ്റുന്ന കൗണ്‍സിലിന്റെ ലക്ഷ്യങ്ങളെ ക്കുറിച്ചും ആദികേശവന് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെയ്ക്കുന്നുണ്ട്.
1. രാഷ്ട്രീയത്തിന് അതീതമായി എല്ലാ ജനപ്രതിനിധി സഭകളുടെയും സഹകരണം വികസന പ്രവര്‍ത്തിനു വേണ്ടി ഉറപ്പാക്കുക.
2. പദ്ധതികളോ, പ്രൊജക്ടുകളോ സംസ്ഥാനത്തു നടപ്പാക്കുമ്പോള്‍ എല്ലാ പ്രദേശത്തെ ജനപ്രതിനിധികള്‍ക്കും അതില്‍ ഒരു ”സെന്‍സ് ഓഫ് പാര്‍ട്ടിസിപ്പേഷന്‍” ഉണ്ടാകുവാനുള്ള വിശാല വേദിയാകും ഈ കൗണ്‍സില്‍.
3. എന്തെങ്കിലും മാറ്റങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ ഈ വേദിയില്‍ തന്നെ അതിനുള്ള ചര്‍ച്ചകള്‍ നടത്തി പിന്നെയുള്ള വിവാദങ്ങള്‍ ഒഴിവാക്കുക
4. സമതുലിതമായ വികസനം ഉറപ്പാക്കാന്‍ വേണ്ട ചര്‍ച്ചയ്ക്കുള്ള പൊതുവേദി
5. മുഖ്യമന്ത്രിയോടും മറ്റധികാരികളോടും വികസന അജണ്ടയെ അടിസ്ഥാനമാക്കി മാത്രം ചര്‍ച്ച ചെയ്യുവാനുള്ള അവസരം ഒരുക്കും.
6. സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകള്‍ക്ക്, ഒരംഗത്തെ നോമിനേറ്റ് ചെയ്യാന്‍ സാധിക്കണം. മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍ എന്നിവയില്‍ നിന്നും സംഖ്യ പരിമിതപ്പെടുത്തി നറുക്കെടുത്തു പ്രാതിനിധ്യം കൊടുക്കാം.
7. നിയമസഭയില്‍ പ്രാതിനിധ്യമുള്ള എല്ലാ പാര്‍ട്ടികള്‍ക്കും ഓരോ അംഗങ്ങളെ വീതം നോമിനേറ്റ് ചെയ്യാം എന്ന വ്യവസ്ഥയും കൊണ്ടുവരാം. മുഖ്യമന്ത്രി ചെയര്മാന് ആയിട്ടുള്ള ഈ എസ്ഡിസിക്ക് പരമാവധി 70 അംഗങ്ങളുടെ പ്രാതിനിധ്യം ഉണ്ടാവാം.
8. വികസനോന്മുഖമായ പദ്ധതികളും പരിപാടികളും ഈ കൗണ്‍സിലിലെ ചര്‍ച്ചയ്ക്കു വിധേയമാക്കി സ്വീകരിക്കുകയാണെങ്കില്‍ സമവായത്തിന്റെ സ്വീകാര്യത ആ പദ്ധതികള്‍ക്കും തുടര്‍ നടപടികള്‍ക്കും ലഭിക്കും.
9. കൗണ്‍സിലില്‍ വരുന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിന് പദ്ധതികള്‍ക്ക് രൂപംകൊടുക്കുകയും ചെയ്യാം.
10. ഏറ്റവും താഴെക്കിടയിലുള്ള പഞ്ചായത്തുകളുടെ ശബ്ദവും പ്രാതിനിധ്യവും ഈ കൗണ്‍സിലിന്റെ മാറ്റുകൂട്ടും എന്നതായിരിക്കും ഇതിന്റെ പ്രത്യേകത. അതെപോലെ സാധാരണഗതിയില്‍ നിയമസഭയില്‍ പ്രാതിനിധ്യം ഇല്ലാത്ത ജനപ്രതിനിധകള്‍ക്കും സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വികസന അജണ്ടയുടെ ഭാഗഭാക്കായി എന്ന തോന്നലും ഉണ്ടാവും. മൂന്ന് മാസത്തില്‍ ഒരിക്കലോ മറ്റോ ഈ കൗണ്‍സിലിന് കൂടാന്‍ സാധിച്ചാല്‍ സംസ്ഥാനം ഭരിക്കുന്നവര്‍ ആരായാലും, അവര്‍ക്കു വികസനത്തിന് വേണ്ടി സമവായവും, ഐക്യബോധവും, ഒരുമയും, അഭിപ്രായ സമന്വയവും സൃഷ്ടിക്കുവാനുള്ള വേദിയായി ഇത് മാറും.
https://www.janmabhumi.in/read/state-development-council/
പ്രതികരിക്കാൻ ഇവിടെ എഴുതുക: