ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ സൈദ്ധാന്തികമായി നേരിട്ടതും പരാജയപ്പെടുത്തിയതും പി. പരമേശ്വരനായിരുന്നു. എന്നാല്‍ ഇഎംഎസ് എന്ന ഭരണാധികാരിയെ പലപ്പോഴും തുറന്നുകാട്ടിയത് കെ. രാമന് പിള്ളയാണ്.
സിപിഎസ്യുവിന്റെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പ്രസിഡന്റ് നികിത ക്രൂഷ്ചേവ് കമ്യൂണിസ്റ്റ് സ്വേച്ഛാധിപതിയായിരുന്ന ജോസഫ് സ്റ്റാലിനെ തള്ളിപ്പറഞ്ഞത് ഇന്ത്യന്‍ കമ്യൂണിസ്റ്റുകളെ നിശ്ശബ്ദരാക്കി. സ്റ്റാലിനെ തള്ളാനോ കൊള്ളാനോ കഴിയാത്ത അവസ്ഥ. ഈ നിശ്ശബ്ദത ഭഞ്ജിച്ചത് 1957 ല്‍ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസാണ്. തിരുവനന്തപുരത്തെ പിരപ്പന്‍കോട് ജംഗ്ഷനില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ ലോകം കണ്ട ഏറ്റവും വലിയ മഹദ് വ്യക്തിയാണ് സ്റ്റാലിനെന്ന് ഇഎംഎസ് വാഴ്ത്തി.
സ്വന്തം നാടായ വെഞ്ഞാറമൂടില്‍ നിന്ന് തിരുവനന്തപുരം നഗരത്തിലേക്കുള്ള ബസ് യാത്രയിലായിരുന്നു രാമന് പിള്ള. ഇഎംഎസിന്റെ പ്രസംഗം കേള്‍ക്കാന്‍ ജനങ്ങള്‍ തടിച്ചുകൂടിയതിനാല്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ബസ്സിലിരുന്ന് രാമന്‍പിള്ള, ഇഎംഎസിന്റെ പ്രസംഗം കേട്ടു. സോവിയറ്റ് യൂണിയന് ഔദ്യോഗികമായി നിരാകരിച്ച സ്റ്റാലിനെ വാരിപ്പുണര്‍ന്ന് ഇഎംഎസ് നടത്തിയ പ്രഖ്യാപനം അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ നിലപാടായിരുന്നു.
യാത്ര പുനരാരംഭിച്ച് തിരുവനന്തപുരത്ത് എത്തിയ രാമന് പിള്ള ആദ്യം ചെയ്തത് ഈ വിവരം വാര്‍ത്തയാക്കി നല്‍കുകയായിരുന്നു. ഹിന്ദുസ്ഥാന്‍ സമാചാര്‍ എന്ന വാര്‍ത്താ ഏജന്‍സിയുടെ ലേഖകനെന്ന നിലയ്ക്കായിരുന്നു ഈ റിപ്പോര്‍ട്ടിങ്. പിറ്റേ ദിവസം മിക്ക പത്രങ്ങളും ഇത് ശ്രദ്ധേയമായ രീതിയില്‍ പ്രസിദ്ധീകരിച്ചു. യാദൃച്ഛികമായിരുന്നെങ്കിലും ചരിത്രപരമായ ഒരു ഇടപെടലായിരുന്നു രാമന്‍പിള്ളയുടേത്. ഹിറ്റ്ലറെക്കാളേറെ കൂട്ടക്കൊലകള്‍ നടത്തിയ സ്റ്റാലിനെ നിരുപാധികം ഏറ്റെടുത്തത് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സിപിഎമ്മിന്റെയും ചരിത്രത്തില്‍ ആര്‍ക്കും മായ്ച്ചുകളയാനാവാത്ത കള്ളമായി ഇന്നും അവശേഷിക്കുന്നു.
അടിയന്തരാവസ്ഥയിലെ കൂടിക്കാഴ്ച
ഇത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. 1967 ല്‍ പാലക്കാട്ടുനിന്ന് ഒ. രാജഗോപാലിന്റെ നേതൃത്വത്തില്‍ കര്‍ഷകരുടെ ഒരു പ്രതിനിധി സംഘം മുഖ്യമന്ത്രിയായിരുന്ന ഇഎംഎസിനെ കാണാന്‍ തിരുവനന്തപുരത്തെത്തി. രാമന് പിള്ളയും ഒപ്പം ചേര്‍ന്നു. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് ഒന്നുകില്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക അല്ലെങ്കില്‍ സ്വന്തം നിലയ്ക്ക് വില്ക്കാന് കര്‍ഷകരെ അനുവദിക്കുക. ഇതായിരുന്നു ആവശ്യം. എല്ലാം കേട്ടിരുന്ന ഇഎംഎസ് ഒന്നും പ്രതികരിച്ചില്ല. പക്ഷേ പിന്നീട് വാര്‍ത്താ സമ്മേളനം വിളിച്ച്, പാലക്കാട്ടുനിന്നും ചില ഭൂവുടമകള്‍ വന്നിരുന്നുവെന്നും അവരുടെ ആവശ്യത്തിനു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ലെന്നും പ്രഖ്യാപിച്ചു. ഒട്ടും മാന്യമല്ലാത്ത ഈ പെരുമാറ്റത്തിന്റെ കാപട്യം വെളിപ്പെടുത്തി യഥാര്‍ത്ഥത്തില്‍ എന്താണ് നടന്നതെന്നു കാണിച്ച് രാമന് പിള്ള ഒരു പത്രപ്രസ്താവന നടത്തി.
ഇടതുപക്ഷ സര്‍ക്കാര്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലാ രൂപീകരണത്തിന് തീരുമാനിച്ചിരിക്കെ അതിന്റെ അപകടങ്ങള്‍ ചൂണ്ടിക്കാട്ടി രാമന് പിള്ള ഉള്‍പ്പെടുന്ന ജനസംഘത്തിന്റെ പ്രതിനിധി സംഘം മുഖ്യന്ത്രി ഇഎംഎസിനെ നേരില്‍ കണ്ട് നിവേദനം നല്കി. ഒന്നും പ്രതികരിക്കാതിരുന്ന ഇഎംഎസ് അവര്‍ പോയശേഷം സ്വന്തം ചേമ്പറിലേക്ക് അപ്പോള്‍തന്നെ പത്രപ്രതിനിധികളെ വിളിച്ചുവരുത്തി. ഇപ്പോള്‍ ഇവിടെ വന്നിട്ടുപോയത് ഹിന്ദുവര്‍ഗീയ സംഘടനകളുടെ പ്രതിനിധികളാണെന്നും, മുസ്ലിം വിരോധംകൊണ്ട് അവര്‍ വിറയ്ക്കുകയായിരുന്നുവെന്നും ഇഎംഎസ് കള്ളം പറഞ്ഞു. ഇതിനെയും രാമന് പിള്ള ശക്തമായി വിമര്‍ശിച്ചു.
അടിയന്തരാവസ്ഥയ്ക്കെതിരെ സംയുക്ത സമരം ചെയ്യുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാനാജി ദേശ്മുഖിന്റെ നിര്‍ദ്ദേശപ്രകാരം, തിരുവനന്തപുരത്ത് ഇഎംഎസ് താമസിച്ചിരുന്ന 25-ാം നമ്പര്‍ മുറിയിലെത്തിയ രാമന് പിള്ളയെ സ്വീകരിച്ചത് വി.എസ്. അച്യുതാനന്ദനായിരുന്നു. ”താങ്കളുടെ പേരില്‍ മിസ വാറണ്ടുണ്ട്. അങ്ങനെയുള്ളവരെ കാണാന്‍ ഇഎംഎസ് തയ്യാറല്ല” എന്ന് വിഎസ് വെട്ടിത്തുറന്നു പറഞ്ഞു. അടിയന്തരാവസ്ഥയ്ക്കെതിരെ പ്രത്യക്ഷ സമരത്തിന് പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
സംവാദത്തിനില്ലെന്ന് ഇഎംഎസ്
ഈ സംഭവം നടന്ന് ഒരു മാസം കഴിഞ്ഞ് ദല്‍ഹിയില്‍നിന്ന് അപ്രതീക്ഷിതമായി ജനസംഘം അഖിലേന്ത്യാ സെക്രട്ടറി രാംഭാവു ഗോഡ്ബോളെ അടിയന്തരാവസ്ഥയ്ക്കെതിരെ ഒളിപ്രവര്‍ത്തനം നടത്തിയിരുന്ന രാമന് പിള്ളയുടെ രഹസ്യ താവളത്തിലെത്തി. ഇരുവരും ചേര്‍ന്ന് യാതൊരു മുന്നറിയിപ്പു മില്ലാതെ തിരുവനന്തപുരത്ത് ശാന്തി നഗറിലെ ഇഎംഎസിന്റെ 10-ാം നമ്പര്‍ വീട്ടിലെത്തി. വാതിലില്‍ മുട്ടി. തുറന്നത് ഇഎംഎസിന്റെ ഭാര്യ ആര്യാ അന്തര്‍ജനമാണ്. ദല്‍ഹിയില്‍ നിന്നൊരാള്‍ സഖാവിനെ കാണാനെത്തിയിരിക്കുന്നു. എന്തോ അത്യാവശ്യ കാര്യം പറയാനുണ്ടെന്ന് രാമന് പിള്ള അറിയിച്ചു. അന്തര്‍ജനം അകത്തേക്കു പോയി. നിമിഷങ്ങള്‍ക്കകം ഇറങ്ങിവന്ന ഇഎംഎസ് അകത്തെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഹൃദയം തുറന്നുള്ള സംഭാഷണത്തില്‍ ജനസംഘത്തോടുള്ള തന്റെ വിയോജിപ്പിന്റെ കാരണങ്ങള്‍ ഇഎംഎസ് വിശദീകരിച്ചു. ഗോഡ്ബോളെ മറുപടിയും കൊടുത്തു. അദ്ഭുതകരമെന്നു പറയട്ടെ, കൂടുതല്‍ അറിയാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയാണ് ഇഎംഎസ് ചെയ്തത്. പാര്‍ട്ടി രേഖകള്‍ എത്തിച്ചുകൊടുക്കാമെന്ന് രാമന് പിള്ളയും ഏറ്റു. എന്തായിരുന്നു അന്നത്തെ ആഭിമുഖ്യത്തിനു പിന്നില്‍? രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ ജനസംഘത്തിന് അനുകൂലമായിമാറുകയാണെന്ന് മനസ്സിലാക്കിയായിരുന്നില്ലേ ഇഎംഎസിന്റെ ഈ അനുഭാവം? (1964 ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഒരു പക്ഷത്തും ചേരാതിരുന്ന ഇഎംഎസ് പിന്നീട് സിപിഎമ്മിന്റെ നേതാവായത് ഇവിടെ ഓര്‍ക്കാം) അടിയന്തരാവസ്ഥയ്ക്കെതിരെ സമരം നടത്തുന്നതിന് തന്റെ പാര്‍ട്ടി അനുകൂലമല്ലെന്നും, ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള പരിപാടികള്‍ നടത്താമെന്നുമാണ് ഒരു മണിക്കൂറിലധികം നീണ്ട ഈ സംഭാഷണത്തില്‍ ഇഎംഎസ് അറിയിച്ചത്.
ഭാരതീയ ജനസംഘം ഉള്‍പ്പെടെ ലയിച്ച് അടിയന്തരാവസ്ഥയ്ക്കുശേഷം നിലവില്‍ വന്ന ജനതാ പാര്‍ട്ടിയുമായി സിപിഎമ്മും സഖ്യത്തിലായി. 1977 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സീറ്റു വിഭജന ചര്‍ച്ചയില്‍ ഇഎംഎസും ജനതാ പാര്‍ട്ടിയുടെ പ്രതിനിധിയായി രാമന് പിള്ളയും വീണ്ടും ഒത്തുചേര്‍ന്നു. വലിയ തര്‍ക്കങ്ങളൊന്നുമില്ലാതെ സീറ്റുകള്‍ പങ്കുവയ്ക്കാന്‍ കഴിഞ്ഞെങ്കിലും പാലക്കാട് സീറ്റില്‍ ഒ. രാജഗോപാലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനുവേണ്ടി രാമന് പിള്ള വാദിച്ചതോടെ ഇഎംഎസ് സ്ഥലംവിട്ടു. കര്‍ക്കശക്കാരനായ വിഎസാണ് പിന്നെ രാമന് പിള്ളയെ എതിരിട്ടത്. സ്വാഭാവികമായും ചര്‍ച്ച അലസി. അന്നത്തെ സാഹചര്യം മുന്‍നിര്‍ത്തി ജനതാപാര്‍ട്ടി ഈ ആവശ്യത്തില്‍നിന്ന് പിന്മാറിയതുകൊണ്ടുമാത്രം സഖ്യം നിലവില്‍ വന്നു.
ബിജെപി രൂപംകൊണ്ടതിനു ശേഷം ഇഎംഎസ് ഒരു യുദ്ധ പ്രഖ്യാപനം തന്നെ നടത്തി. ബിജെപിയുമായി ഒരുതരത്തിലുമുള്ള ബന്ധത്തിനുമില്ലെന്നായിരുന്നു അത്. ബിജെപി നേതാക്കളുമായി വേദി പങ്കിടില്ലെന്നും വ്യക്തമാക്കി. ഈ രണ്ട് അവകാശവാദങ്ങളും പിന്നീട് ഇഎംഎസിനു തന്നെ വിഴുങ്ങേണ്ടി വന്നു. തിരുവനന്തപുരം ബാര്‍ അസോസിയേഷന് സംഘടിപ്പിച്ച ഒരു പരിപാടിയിലും യുവമോര്‍ച്ച കശ്മീരിനെക്കുറിച്ച് സംഘടിപ്പിച്ച സെമിനാറിലും രാമന് പിള്ളയുമായി ഇഎംഎസ് വേദി പങ്കിട്ടു. ഐഎംജി സംഘടിപ്പിച്ച ഒരു സെമിനാറില്‍ ബിജെപിയെ ഇഎംഎസ് വിമര്‍ശിച്ചതിന്റെ വാര്‍ത്ത വായിച്ച് രാമന് പി
ള്ള എഴുതി: ”പുത്തരിക്കണ്ടം മൈതാനത്ത് ഇതേ വിഷയം ആധാരമാക്കി ഒരു സംവാദം ഞങ്ങള്‍ സംഘടിപ്പിക്കാം. അങ്ങു കൂടി പങ്കെടുക്കണം” മറുപടി ഉടന്‍ വന്നു. ”സംവാദത്തിന് ഞാനില്ല. എനിക്ക് പറയാനുള്ളത് ഞാന്‍ ലേഖനങ്ങള്ക്കൂടിയും പ്രസംഗങ്ങളില്ക്കൂടിയും പറയുന്നുണ്ട്.”
ബുദ്ധിപരമായ സത്യസന്ധതയോ രാഷ്ട്രീയ സദാചാരമോ ഇല്ലാത്ത കൗശലക്കാരനായ നേതാവായ ഇഎംഎസിന്റെ ചിത്രമാണ് ഈ സംഭവങ്ങള്‍ വരച്ചുകാട്ടുന്നത്. ഇതിന്റെ മറുപക്ഷത്തായിരുന്നു രാമന് പിള്ളയും ബിജെപിയും. 1998 ല്‍ അടല്‍ ബിഹാരി വാജ്പേയി നേതൃത്വം നല്കുന്ന ബിജെപി
സര്‍ക്കാര്‍ അധികാരമേറ്റ ദിവസമാണ് ഇഎംഎസ് അന്തരിച്ചത്. ആഭ്യന്തര മന്ത്രിയായ എല്‍.കെ. അദ്വാനി സത്യപ്രതിജ്ഞയ്ക്കുശേഷം ഇഎംഎസിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തി. ആ ചടങ്ങിലും തന്റെ രാഷ്ട്രീയ പ്രതിയോഗിക്ക് വിടചൊല്ലാന്‍ രാമന്‍പിള്ള ഉണ്ടായിരുന്നു.
എന്നാലും ഞങ്ങള്‍ ഫ്രണ്ട്സാ
ഇഎംഎസ് നമ്പൂതിരിപ്പാടുമായുള്ള രാമന്‍പിള്ളയുടെ കൂടിക്കാഴ്ചകള്‍ നല്കുന്ന ചിത്രമല്ല. ഇ.കെ. നായനാരുമായുണ്ടായിരുന്ന ബന്ധങ്ങളില്‍ തെളിയുന്നത്. രാഷ്ട്രീയമായി പരസ്പരം അതിരൂക്ഷമായി എതിര്‍ക്കുമ്പോഴും ഊഷ്മളമായ വ്യക്തിബന്ധമാണ് ഇരുവരും സൂക്ഷിച്ചത്. ”30 വര്‍ഷമായി ഞങ്ങള്‍ ഫ്രണ്ട്സാ. ഞാന്‍ രാമന് പിള്ളയെ വിമര്‍ശിക്കും. രാമന്‍പിള്ള എന്നെ വിമര്‍ശിക്കും. എന്നാലും ഞങ്ങള്‍ ഫ്രണ്ട്സാ” എന്നാണത്രേ നായനാര്‍ പറയാറുണ്ടായിരുന്നത്.
നായനാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴും പ്രതിപക്ഷ നേതാവായിരിക്കുമ്പോഴുമൊക്കെ പല വിഷയങ്ങളിലും രാമന് പിള്ളയുമായി ആശയവിനിമയം നടന്നിട്ടുണ്ട്. പല പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടിട്ടുമുണ്ട്. ഒരു കൂടിക്കാഴ്ചയില്‍ ഇരുവരും തമ്മില്‍ നടന്ന ചര്‍ച്ച അനഭിമതരായ കുവൈറ്റികള്‍ കേരളം സന്ദര്‍ശിച്ചതിനെക്കുറിച്ചായിരുന്നു. മുസ്ലിംലീഗ് മന്ത്രിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഔദ്യോഗിക വാഹനത്തിലായിരുന്നു രാജ്യത്ത് സന്ദര്ശനവിലക്കുള്ള കുവൈറ്റ് പൗരന്മാരെ സ്വീകരിച്ചുകൊണ്ടുപോയത്. ഈ സന്ദര്‍ശനം സംബന്ധിച്ച ദുരൂഹത ഇന്നും നീങ്ങിയിട്ടില്ല. അന്ന് പ്രതിപക്ഷ നേതാവായിരുന്ന നായനാര്‍ തീവണ്ടിയാത്രക്കിടെ രാമന് പിള്ളയോട് ഇങ്ങനെ പറഞ്ഞു: ”കുവൈറ്റു ഗവണ്മെന്റുപോലും അപകടകാരികളായി കണക്കാക്കുന്നവരെയാണ് ഇവിടെ സല്‍ക്കരിച്ചത്.”
നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ തിരുവനന്തപുരം പൂന്തുറയില്‍ വര്‍ഗീയ കലാപമുണ്ടായി. അരയ സമുദായത്തില്‍പ്പെട്ട ഒരാളെ കടലില്‍ മുക്കിക്കൊന്നു. പ്രബല ശക്തികളായ ക്രൈസ്തവ-മുസ്ലിം വിഭാഗങ്ങള്‍ തമ്മിലായിരുന്നു കലാപം നടന്നതെങ്കിലും പോലീസിന്റെയും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുടെയും പെരുമാറ്റം ദുര്‍ബ്ബലരായ ഹിന്ദുക്കള്‍ക്കെതിരായിരുന്നു. സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ രാമന് പിള്ള നായനാരെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. നായനാര്‍ വെട്ടിത്തുറന്ന് മറുപടി പറഞ്ഞു. ”എനിക്കറിയാം അവിടെ കുഴപ്പമുണ്ടാക്കുന്നത് ആരെന്ന്. എന്റെ മന്ത്രിസഭയിലുള്ള ഒരാളും അതില്‍ കൈകടത്തുന്നുണ്ട്. ഏതായാലും ഒരു നല്ല കളക്ടറെ ഇന്നു തന്നെ നിശ്ചയിക്കാം. ഇനി ഞാനെന്തുവേണം?” കൊലചെയ്യപ്പെട്ട തൊഴിലാളിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് സഹായം വാങ്ങിക്കൊടുക്കാനും രാമന് പിള്ളയ്ക്ക് കഴിഞ്ഞു.
തിരുവനന്തപുരത്തുകാര്‍ കക്ഷി രാഷ്ട്രീയ ഭേദമെന്യേ ആശാന് എന്ന് ആദരപൂര്‍വം വിളിച്ചിരുന്ന കമ്യൂണിസ്റ്റായിരുന്നു കെ.വി. സുരേന്ദ്രനാഥ്. കമ്യൂണിസ്റ്റ് തത്വശാസ്ത്രത്തെയും കമ്യൂണിസ്റ്റ് പാര്‍ട്ടികളെയും എക്കാലവും എതിര്‍ത്തുപോന്ന രാമന് പിള്ളയ്ക്ക് ആശാനുമായി ഹൃദ്യമായ ബന്ധമുണ്ടായിരുന്നു. നിയമസഭയില്‍ പ്രകടനം നടത്തിയതിന് ജയിലിലായ ജനസംഘ പ്രവര്‍ത്തകരുടെ വിവരങ്ങളറിയാന്‍ രാമന് പിള്ളയെ സഹായിച്ചതില്നിന്ന് തുടങ്ങുന്ന ബന്ധം ആശയസമ്പുഷ്ടമായി തുടര്‍ന്നു. പൊതുവേദികളിലും ചാനല്‍ ചര്‍ച്ചകളിലും രൂക്ഷമായി വിയോജിച്ചശേഷവും പരസ്പരം കൈകൊടുത്ത് പിരിയുന്ന ബന്ധം. 1996 ല്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ഇരുവരും ഏറ്റുമുട്ടുകയും ചെയ്തു. എംഎല്‍എയും എംപിയുമൊക്കെ ആയിരുന്നെങ്കിലും പാര്‍ലമെന്ററി വ്യാമോഹം തൊട്ടുതീണ്ടാതിരുന്ന ആശാനുമായി രാമന് പിള്ളയുടെ ആദര്‍ശരാഷ്ട്രീയം പൊരുത്തപ്പെട്ടു. ആത്മീയോന്മുഖമായിരുന്നു സുരേന്ദ്ര നാഥിന്റെ മനസ്സ്. കൈലാസവും മാനസരോവരവും കണ്ട് നിര്‍വൃതിയടഞ്ഞ മനസ്സ്. ‘ലോകത്തിന്റെ മുകള്‍ത്തട്ടിലൂടെ’ എന്ന പുസ്തകം ഈ തീര്‍ത്ഥാടനത്തിന്റെ ബാക്കി പത്രമാണ്. പത്രപ്രവര്‍ത്തകനും പരിസ്ഥിതി സ്നേഹിയും ട്രേഡ് യൂണിയനിസ്റ്റുമായിരുന്ന ഈ സാത്വിക കമ്യൂണിസ്റ്റുമായി രാമന് പിള്ള അടുപ്പത്തിലായത് സ്വാഭാവികം.
രാജന്‍കേസിന്റെ തുടക്കം
അടിയന്തരാവസ്ഥയ്ക്കെതിരെ ഒളിവില്‍ കഴിഞ്ഞുകൊണ്ട് രാമന് പിള്ള നടത്തിയ ധീരോദാത്തമായ പ്രവര്‍ത്തനം പലര്‍ക്കും അറിവുള്ളതാണ്. എന്നാല്‍ ഇതിനിടെ നടത്തിയ ഒരിടപെടല്‍ അധികമാരും പരാമര്‍ശിച്ചു കാണാറില്ല. അടിയന്തരാസ്ഥക്കാലത്ത് കോഴിക്കോട് എഞ്ചിനീയറിങ് കോളജില്‍നിന്ന് കസ്റ്റഡിയിലെടുക്കപ്പെട്ട പി. രാജന് എന്ന വിദ്യാര്‍ത്ഥിയുടെ തിരോധാനം വിവാദമായി. കക്കയം ക്യാമ്പില്‍ പോലീസിന്റെ ക്രൂര മര്‍ദ്ദനമേറ്റ് രാജന് കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ തന്റെ മകന് ജീവിച്ചിരിക്കുന്നതായാണ് കെ.വി. ഈച്ചര വാര്യര്‍ കരുതിയത്. ഒരു പോലീസുദ്യോഗസ്ഥന് ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുവത്രേ.
മകനുവേണ്ടി അലഞ്ഞിരുന്ന ഈ പിതാവിനെ രാമന് പിള്ള കാണുന്നത് എറണാകുളത്ത് വച്ചാണ്. ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ ഹൈക്കോടതിയില്‍ ഒരു ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കൊടുത്താല്‍ മകനെ ഹാജരാക്കേണ്ടിവരുമെന്ന് രാമന് പിള്ള, വാര്യരെ ധരിപ്പിച്ചു. ഇതനുസരിച്ച് അഡ്വ. കെ. രാംകുമാറുമായി പ്രശ്നം ചര്‍ച്ച ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഈ കേസാണ് അപ്രതീക്ഷിതമായ വഴിത്തിരിവുകളിലേക്കു നീങ്ങിയതും, ആഭ്യന്തര മന്ത്രിയായിരുന്ന കെ. കരുണാകരന് രാജിവയ്ക്കേണ്ട അവസ്ഥ സൃഷ്ടിച്ചതും. രാജന് കേസിനെക്കുറിച്ച് ആത്മാര്‍ത്ഥതയില്ലാത്ത അവകാശവാദങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് രാമന് പിള്ള അക്കാര്യത്തില്‍ വഹിച്ച പങ്ക് അറിയില്ല. അറിയുന്നവര്‍ വിസ്മരിക്കുകയും ചെയ്യുന്നു.
വിഷ്ണുഭാരതീയന്‍ പറഞ്ഞത്
മുസ്ലിം ലീഗുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിച്ചതില്‍ പ്രതിഷേധിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി വിട്ട് ജനസംഘത്തില്‍ ചേര്‍ന്ന വിഷ്ണു ഭാരതീയനുമായുള്ള ബന്ധത്തിന്റെ ഓര്‍മകളുമുണ്ട് രാമന് പിള്ളയ്ക്ക്. രാഷ്ട്ര വിഭജനകാലത്ത് കര്‍ഷകസംഘം നേതാവായിരിക്കെ അഹമ്മദാബാദ് സന്ദര്‍ശിച്ചതിന്റെ അനുഭവങ്ങള്‍ വിഷ്ണു ഭാരതീയന് താനുമായി പങ്കുവച്ചത് രാമന് പിള്ള രേഖപ്പെടുത്തിയിട്ടുണ്ട്. പാക്കിസ്ഥാനില്‍നിന്ന് പലായനം ചെയ്തവര്‍ ആഹാരവും വസ്ത്രവുമില്ലാതെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നരകിക്കുന്ന കാഴ്ച നേരില്‍ കണ്ട ഈ കമ്യൂണിസ്റ്റ് സഹയാത്രികന് മതത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ല രൂപീകരിക്കുന്നതിനെ അംഗീകരിക്കാനായില്ല.
കിടയറ്റ കാര്യശേഷികൊണ്ടും സാംസ്കാരിക രംഗത്തോടുള്ള ആഭിമുഖ്യംകൊണ്ടും ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ ഇടം നേടിയ എം. കെ.കെ. നായര്‍ ‘ആരോടും പരിഭവമില്ലാതെ’ എന്ന ആത്മകഥയില്‍ ഒരു കാര്യം പറയുന്നുണ്ട്. ഔദ്യോഗിക ജീവിതത്തിന്റെ അന്തിമഘട്ടത്തില്‍ ചിലരുടെ കുതന്ത്രങ്ങളില്‍പ്പെട്ട് അനഭിമതനായിത്തീര്‍ന്ന ഈ മഹാരഥന് തനിക്കെതിരായ കേസ് ജയിച്ചതിനെക്കുറിച്ചു പറയുന്നിടത്ത് കെ. രാമന് പിള്ളയുടെ പേരു കാണാം. കേസ് ജയിക്കാനാവശ്യമായ ചില രേഖകള്‍ രാമന് പിള്ള നല്കിയതിനെക്കുറിച്ചാണിത്. പാ
#ൈംലക്കാട് നിന്ന് ലഭിച്ച ഈ രേഖകള്‍ എംകെകെയ്ക്ക് കൈമാറാന്‍ എറണാകുളം കാരയ്ക്കാമുറിയിലെ വീട്ടിലെത്തുമ്പോള്‍ ഒരുകാലത്ത് കേരളത്തിന്റെ സാംസ്കാരിക രംഗത്ത് നിറഞ്ഞുനിന്ന ആ വലിയ മനുഷ്യന് അടുക്കളയിലിരുന്ന് കറിക്കരിയുന്ന കാഴ്ചയാണ് കണ്ടതെന്ന് രാമന് പിള്ള രേഖപ്പെടുത്തുന്നു. രേഖകള്‍ വായിച്ചു നോക്കിയശേഷം എംകെകെ പറഞ്ഞ നന്ദി വാക്ക് രാമന് പിള്ള ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്നു. ആയിരം പൂര്ണചന്ദ്രന്മാരെ കണ്ടതിന്റെ ധന്യതയില്‍ ആരോടും പരിഭവമില്ലാതെ ആ രാഷ്ട്രീയ ജീവിതം ഋതുഭേദങ്ങള്‍ കടന്ന് മുന്നോട്ടുതന്നെ പോവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: