അബുദാബി: ഐപിഎല്‍ ഫൈനല്‍ ലക്ഷ്യമിട്ട് സണ്‍റൈസേഴ്സ് ഹൈദരാബാദും ദല്‍ഹി ക്യാപിറ്റല്‍സും ഇന്ന് രണ്ടാം ക്വാളിഫയറില്‍ ഏറ്റുമുട്ടും. അബുദാബിയിലെ ഷെയ്ക്ക് സയ്യദ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30ന് കളി തുടങ്ങും. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
ഇന്ന് ജയിക്കുന്ന ടീം ഫൈനലില്‍ കടക്കും. ചൊവ്വാഴ്ച നടക്കുന്ന കലാശക്കളിയില്‍ അവര്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ നേരിടും.ആവേശകരമായ എലിമിനേറ്റര്‍ മത്സരത്തില്‍ വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തോല്‍പ്പിച്ചാണ് വാര്‍ണറുടെ സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്വാളിഫയറില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ നേരിടാന്‍ അര്‍ഹത നേടിയത്.
സണ്‍റൈസേഴ്സിന്റെ തുടര്‍ച്ചയായ നാലാം വിജയമാണിത്. അവസാന മൂന്ന് ലീഗ് മത്സരങ്ങളിലും എലിമിനേറ്ററിലും ഹൈദരാബാദ് വിജയക്കൊടി പാറിച്ചു. ക്വാളിഫയറിലും വിജയം നേടി ഫൈനലിലെത്താനുള്ള ഒരുക്കത്തിലാണ് ഹൈദരാബാദ്. അവസാന ലീഗ് മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ചത് ഹൈദരാബാദിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്.
ഡേവിഡ് വാര്‍ണര്‍, മനീഷ് പാണ്ഡെ, കെയ്ന്‍ വില്യംസണ്, ഓള് റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡര്‍, തുടങ്ങിയവരാണ് ഹൈദരാബാദിന്റെ കരുത്ത്. 2018ല്‍ ഐപിഎല്‍ കിരീടം നേടിയ ടീമാണ് ഹൈദരാബാദ്. അതിനുശേഷം ഇതുവരെ ഫൈനലില്‍ എത്തിയിട്ടില്ല.
ഐപിഎല്ലില്‍ ആദ്യ ഫൈനല്‍ തേടിയാണ് ദല്‍ഹി ക്യാപിറ്റല്‍സ് ഇന്ന് കളത്തിലിറങ്ങുന്നത്. ആദ്യ ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റതിനെ തുടര്‍ന്നാണ് ദല്‍ഹി ക്യാപിറ്റല്‍സിന് രണ്ടാം ക്വാളിഫയര്‍ കളിക്കേണ്ടിവന്നത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, ശിഖര്‍ ധവാന്, ഋഷഭ് പന്ത് തുടങ്ങിയവരാണ് ദല്‍ഹിയുടെ ബാറ്റിങ് ശക്തികള്‍. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബഡയും ഇന്ത്യന്‍ സ്പിന്നര്‍ ആര്. അശ്വിനുമാണ് ബൗളിങ്ങിനെ നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: