ആലപ്പുഴ: ബിനീഷ് കൊടിയേരിയുടെ വീട്ടിലെ ഇ.ഡി റെയിഡിനിടെ ബാലാവകാശ കമ്മീഷന് രണ്ട് വയസുള്ള കൊച്ചുകുട്ടിയെ ഉപയോഗിച്ച് രാഷ്ട്രീയ പ്രചരണം നടത്തിയത് ബാലാവകാശ ലംഘനമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. ബാലാവകാശ കമ്മീഷന് പാര്‍ട്ടി കമ്മീഷനായി മാറിയെന്നും ആലപ്പുഴ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. എസ്.എഫ്.ഐയെയും ഡിവൈ.എഫ്.ഐയെയും പോലെ സി.പി.എമ്മിന്റെ പോഷകസംഘടനയായാണ് കമ്മീഷന് പെരുമാറുന്നത്. രണ്ട് വയസ് പ്രായമുള്ള കൊച്ചു കുഞ്ഞിനെ ആള്‍ക്കൂട്ടത്തിലേക്ക് വിളിച്ചു വരുത്തിയത് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണ്. മാദ്ധ്യമപ്രവര്‍ത്തകരും പൊലീസും ഉള്ള സ്ഥലത്തേക്കാണ് കുട്ടിയെ വിളിപ്പിച്ചത്. ഇഡി പരിശോധന തുടങ്ങിയപ്പോഴാണ് കൊച്ചു കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുവന്നതെന്നും ഇത് ബാലാവകാശത്തിന്റെ നിഷേധമാണെന്നും സുരേന്ദ്രന് ആരോപിച്ചു. പരാതി പരിശോധിക്കാന്‍ കമ്മീഷന് അധികാരമുണ്ടെങ്കിലും രാഷ്ട്രീയ പ്രശ്നമാക്കി മാറ്റിയത് അപക്വമാണ്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.പി.എമ്മുമായി ബന്ധമുള്ള ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന വാര്‍ത്തകള്‍ ഗൗരവതരമാണ്. പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ പേരിലുള്ള മയക്കുമരുന്ന് കേസ് ജനങ്ങളോട് വിശദീകരിക്കാന്‍ സിപിഎമ്മിന് കഴിയുന്നില്ല. മുസ്ലിം ലീഗിന്റെ മഞ്ചേശ്വരം എം.എല്‍.എ 150 കോടിയുടെ തട്ടിപ്പ് നടത്തിയിട്ടും സര്‍ക്കാരിന്റെ സഹായമുള്ളതുകൊണ്ടാണ് ഇത്രയും ദിവസം അറസ്റ്റ് ചെയ്യാതിരുന്നത്. കടുത്ത സമ്മര്‍ദ്ദമുണ്ടായതു കൊണ്ടാണ് അറസ്റ്റ് നടന്നത്. പാലാരിവട്ടം കേസില്‍ മുഖ്യമന്ത്രിയുടെ സഹായമുള്ളതുകൊണ്ടാണ് ഇബ്രാഹിം കുഞ്ഞ് ഇപ്പോഴും പുറത്തിറങ്ങി നടക്കുന്നത്. എല്‍.ഡിഎഫും യു.ഡി.എഫും സമാന സ്വഭാവമുള്ള അഴിമതി കേസില്‍ മുങ്ങി കുളിച്ചിരിക്കുകയാണെന്നും സുരേന്ദ്രന് ആരോപിച്ചു. ധനകാര്യമന്ത്രി തോമസ് ഐസക്ക് നടപ്പിലാക്കുന്ന പലപദ്ധതികളും വന്‍അഴിമതിയാണ്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ മറയാക്കി മന്ത്രിമാരും സി.പി.എം നേതാക്കളും ഹവാല ഇടപാടുകളും കള്ളപ്പണ വെളുപ്പിക്കലും നടത്തുന്നുണ്ട്. കിഫ്ബിയില്‍ ഒരു ഓഡിറ്റിംഗും ടെണ്ടര്‍ നടപടികളുമില്ല. കിഫ്ബി എന്നത് തട്ടിപ്പിനുള്ള ഉപാധിയായി മാറി. 8000 കോടിയുടെ പദ്ധതികള്‍ വരെ ടെണ്ടര്‍ വിളിക്കാതെ ഊരാളുങ്കലിന് കൊടുക്കുകയാണ്. കിഫ്ബിയുടെ ഇടപാടുകള്‍ ഇ.ഡി അന്വേഷിച്ചാല്‍ തോമസ് ഐസക്കിന്റെ എല്ലാ തട്ടിപ്പുകളും പുറത്താകും.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടേഴ്സിന്റെ വാഹനം തടയാന്‍ പൂജപ്പുര എസ്.ഐക്ക് ആരാണ് അധികാരം നല്‍കിയതെന്ന് സുരേന്ദ്രന് ചോദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയെ പറ്റിയുള്ള അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തടയാന്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് അവിശുദ്ധ സഖ്യം നിലവില്‍ വന്നെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: