തിരുവനന്തപുരം : ലൈഫ് മിഷന്‍ പദ്ധതിയുടെ രേഖകള്‍ ആവശ്യപ്പെട്ടതില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് കേരളാ നിയമസഭാ എത്തിക്‌സ് ആന്‍ഡ് പ്രിവിലേജ് കമ്മിറ്റി നോട്ടീസ് നല്‍കി. എന്‍ഫോഴ്‌മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ക്കാണ് എത്തിക്‌സ് കമ്മിറ്റി നോട്ടീസയച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ വിളിച്ചു വരുത്തിയത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഫയലുകള്‍ ആവശ്യപ്പെടുന്നത് സഭയുടെ അവകാശത്തിന് മേലുള്ള കടന്നു കയറ്റമാണെന്നും നിയമസഭ സെക്രട്ടറി ആരോപിച്ചു. നോട്ടീസിന് ഒരാഴ്ചയ്‌ക്കകം മറുപടി നല്‍കണം. മറുപടി തൃപ്തികരമല്ലെങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര സഭയിലേക്ക് വിളിച്ചുവരുത്താനാകും.
ജെയിംസ് മാത്യു എംഎല്‍എയുടെ പരാതിയിലാണ് വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റിനോട് വിശദീകരണം തേടാന്‍ കേരള നിയമസഭാ എത്തിക്‌സ് കമ്മിറ്റി തീരുമാനിച്ചത്. സഭയുടെ ചരിത്രത്തില്‍ തന്നെ അസാധാരണമാണ് ഈ നടപടി.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട അന്വേഷണ ഏജന്‍സിയുടെ നീക്കം അവകാശ ലംഘനമാണെന്നായിരുന്നു ജയിംസ് മാത്യുവിന്റെ എത്തിക്‌സ് കമ്മിറ്റിയോടുള്ള പരാതി. ലൈഫ് പദ്ധതിയിലെ ഇഡി ഇടപെടല്‍ മൂലം പദ്ധതി സ്തംഭനാവസ്ഥയിലാണെന്നും ജയിംസ് മാത്യു നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കേസുകളില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരിലേക്ക് നീളുകയും സര്‍ക്കാരിന്റെ നില തന്നെ പരുങ്ങലില്‍ ആവുകയും ചെയ്തിട്ടുണ്ട്. അതിന് പിന്നാലെയാണ് ലൈഫ് മിഷന്‍ കേസിന്റെ രേഖകള്‍ ആവശ്യപ്പെട്ടെന്ന പേരില്‍ എന്‍ഫോഴ്‌സ്‌മെന്റിനെതിരെ എത്തിക്‌സ് കമ്മിറ്റി നോട്ടീസ് നല്‍കിയത്.
അതേസമയം എന്‍ഫോഴ്‌സ്‌മെന്റിനോട് വിശദീകരണം തേടിയ സ്പീക്കറുടെ നടപടി തിരുത്തണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികളിലെ അഴിമതി മറച്ചുവെയ്‌ക്കുന്നതിനായാണ് ഇപ്പോള്‍ നോട്ടീസ് നല്‍കുന്നതെന്നും അവര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: