ഇടുക്കി: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ മലയോര ജില്ലയായ ഇടുക്കിയും പ്രചരണച്ചൂടിലേക്ക്. ഇന്നലെ പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ഇടുക്കിയില്‍ ഡിസംബര്‍ എട്ടിനാണ് തെരഞ്ഞെടുപ്പ് .
തെരഞ്ഞെടുപ്പില്‍ ഓരോ ഓരോരുത്തര്‍ക്കും മൂന്ന് വോട്ടുകള്‍ വീതം ചെയ്യാനാകും. പഞ്ചായത്ത്/ മുനിസിപ്പാലിറ്റി വാര്‍ഡ് പ്രതിനിധി, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധി, ജില്ലാ പഞ്ചായത്ത് പ്രതിനിധി എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് പാറ്റേണ്‍.
ജില്ലയിലാകെ 52 പഞ്ചായത്തുകളും രണ്ട് മുനിസിപ്പാലിറ്റികളുമാണുള്ളത്. 8 ബ്ലോക്ക് പഞ്ചായത്തും ഒരു ജില്ലാ പഞ്ചായത്തും ഉള്‍പ്പെട്ടതാണ് ജില്ല. തൊടുപുഴ, നെടുങ്കണ്ടം, കട്ടപ്പന, ഇടുക്കി, ഇളംദേശം, ദേവികുളം, അഴുത, അടിമാലി എന്നിവയാണ് ബ്ലോക്ക് പഞ്ചായത്തുകള്‍. ഇതില്‍ ഏഴ് ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും 2015-ല്‍ യുഡിഎഫ് ആണ് നേടിയത്.
കൊറോണയുടെ ഭീഷണിയിലും മിക്ക സ്ഥലത്തും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. പതിവ് രീതികള്‍ വിട്ട് ഓണ്‍ലൈനായും ഫോണ്‍ വിളിച്ചുമാണ് നിലവില്‍ പ്രചാരണം തുടങ്ങിയിട്ടുള്ളത്. ഫേസ്ബുക്ക്, വാട്ട്സ് ആപ്പ് പോലുള്ളവ സമൂഹമാധ്യമങ്ങള്‍ വഴിയും പ്രചാരണം സജീവമാകുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ജില്ലയിലെ 52 പഞ്ചായത്തുകളില്‍ 24 എണ്ണം യുഡിഎഫും 22 എല്‍ഡിഎഫുമാണ് ഭരിച്ചത്. മറ്റുള്ളവര്‍ 6 ഇടത്തും ഭരിച്ചു. 2010ല്‍ യുഡിഎഫിന് 40 പഞ്ചാത്തുകളില് ഭരണം ഉണ്ടായിരുന്നപ്പോഴാണിത്.
അതേസമയം ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയും നിര്‍ണ്ണായക സ്വാധീനമായി ഇത്തവണ ജില്ലയില്‍ മാറിക്കഴിഞ്ഞു. കഴിഞ്ഞതവണ 33 വാര്‍ഡുകളാണ് എന്‍ഡിഎ നേടിയത്, 48 വാര്‍ഡുകളില്‍ രണ്ടാം സ്ഥാനം നേടി. തൊടുപുഴ മണ്ഡലത്തില്‍ 13 ഇടത്ത് വിജയിച്ചപ്പോള്‍ 17 ഇടത്ത് രണ്ടാം സ്ഥാനം നേടി. ദേവികുളം മണ്ഡലത്തില്‍ 8 ഇടത്ത് വിജയിച്ചപ്പോള്‍ 15 വാര്‍ഡില്‍ രണ്ടാമത്തെത്തി. ഉടുമ്പന്‍ചോലയില്‍ നാലിടത്ത് വിജയിച്ചപ്പോള്‍ രണ്ടിടത്ത് രണ്ടാമതും ഇടുക്കിയില്‍ 7 ഇടത്ത് വിജയിച്ചപ്പോള്‍ 3 ഇടത്ത് രണ്ടാം സ്ഥാനവും പീരുമേട് മണ്ഡലത്തില്‍ ഒരു വാര്‍ഡില്‍ ജയിച്ചപ്പോള്‍ 11 ഇടത്ത് രണ്ടാമതുമെത്തി.
തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ എട്ടിടത്തും കുമാരമംഗലം, വെള്ളിയാമറ്റം പഞ്ചായത്തുകളില്‍ രണ്ടിടത്ത് വീതവും കോടിക്കുളത്ത് ഒരു വാര്‍ഡിലും എന്‍ഡിഎ വിജയക്കൊടി പാറിച്ചു. ഇടമലക്കുടി പഞ്ചായത്തില്‍ മൂന്നിടത്തും വട്ടവടയില്‍ നാലിടത്തും കാന്തല്ലൂരില്‍ ഒരിടത്തും വിജയിച്ചു. വണ്ടന്മേട് പഞ്ചായത്തില്‍ 3 വാര്‍ഡുകളും പാമ്പാടുംപാറയില്‍ ഒരു വാര്‍ഡിലും വിജയിച്ചു.
കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ രണ്ടിടത്തും അറക്കുളം പഞ്ചായത്തില്‍ രണ്ടിടത്തും കഞിക്കുഴിയില് ഒരു വാര്‍ഡിലും കുടയത്തൂരില്‍ രണ്ടിടത്തും വിജയിക്കാന്‍ എന്‍ഡിഎയ്ക്ക് കഴിഞ്ഞു. അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ ഒരു വാര്‍ഡും പാര്‍ട്ടി നേടി. അതേസമയം ഈ സീറ്റുകള്‍ പത്തിരട്ടി വരെ ആക്കാനുള്ള ശ്രമമാണ് നിലവില്‍ പാര്‍ട്ടി തലത്തില്‍ നടക്കുന്നതെന്ന് മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു. ഇത്തവണ ബിജെപിയുടെ ശക്തമായ മുന്നേറ്റം ജില്ലയിലെമ്പാടും ഉണ്ടാകുമെന്നും ഭരണം പിടിച്ചെടുക്കുമെന്നും അവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: