”ഭാരതമെന്നു കേട്ടാലഭിമാന
പൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍” എന്ന വള്ളത്തോളിന്റെ കവിതാ ശകലം ഓരോ കേരളീയന്റെയും മനസ്സില്‍ ഉണര്‍ത്തുപാട്ടായി നിലനിന്നിരുന്ന ഭൂതകാലം നമുക്കു സ്വന്തമായിരുന്നു. അത്രമാത്രം പവിത്രമായിരുന്നു കേരളീയ സംസ്കൃതി. എന്നാല്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ നമ്മുടെ സാംസ്കാരിക പൈതൃകം അനുദിനം കൈമോശം വന്നുകൊണ്ടിരിക്കുന്നു. ഇതിന്റെ ദൂഷിതഫലങ്ങള്‍ അനുഭവിക്കുന്ന ആധുനിക സമൂഹത്തിന്റെ കണ്ണു തുറപ്പിക്കുവാന്‍ ഉതകുമെന്ന വിശ്വാസത്തില്‍ ”സാമൂഹിക മുന്നേറ്റത്തിന് സ്ത്രീ ശക്തിയെന്ന വിശ്വാസ പ്രമാണത്തില്‍ രൂപീകൃതമായ മഹിളാ ഐക്യവേദി യുടെ കാഴ്ചപ്പാടുകളാണ് ഇവിടെ പരാമര്‍ശിക്കുന്നത്.
സ്ത്രീകളോടുള്ള അതിക്രമത്തിന്റെ പേരില്‍ യുഗങ്ങള്‍ക്കു മുന്‍പു നടന്ന രണ്ടു മഹായുദ്ധങ്ങള്‍ വിശ്വവിഖ്യാതങ്ങളായ രണ്ട് ഇതിഹാസങ്ങളുടെ ഇതിവൃത്തമായി പരിണമിച്ചതും ചരിത്ര സത്യം. ഇതിഹാസകാരന്മാരായ രണ്ടു മനീഷികളും പിന്നാക്ക വിഭാഗങ്ങളുടെ പ്രതിനിധികള്‍ ആയിരുന്നുവെന്നതും ഒരു നിയോഗം. പുരുഷാധിപത്യത്തിന്റെ ഇരകളായിത്തീര്‍ന്ന സ്ത്രീ കഥാപാത്രങ്ങളെ ഇതിഹാസങ്ങളില്‍ ധാരാളം കാണാം. ”രക്ഷന്തി പുണ്യാനി പുരാകൃതാനി” അതായത് രക്ഷിതമായ ധര്‍മം രക്ഷകശക്തിയായി ഭവിക്കുന്നു എന്നതാണ്. ”യത്രനാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാഃ”
മൂല്യങ്ങളെ കടപുഴക്കി അരാജക സമൂഹം സൃഷ്ടിച്ചവര്‍ക്ക് അതിജീവന സാധ്യത അപ്രാപ്യമായി മാറുന്ന കാലം അതിവിദൂരമല്ല. കേരളത്തില്‍ നവോത്ഥാനം കൊണ്ടുവരാനും, ലിംഗസമത്വവും സ്ത്രീ സുരക്ഷയും ഉറപ്പുവരുത്താനും ഭരണ നേതൃത്വവും ആസ്ഥാന ബുദ്ധിജീവികളുമെല്ലാം കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തി മതിലു പണിതിട്ടും സ്ത്രീപീഡനങ്ങള്‍ അനുദിനം വര്‍ധിച്ചുവരികയാണ്. പരിപാവനമായി കരുതിയിരുന്ന വിദ്യാലയ കാമ്പസുകളില്‍ ചുംബന സമരവും ലഹരിയുടെ അമിതോപയോഗവും അക്രമരാഷ്ട്രീയവും അരങ്ങേറിയിട്ടും അതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുവാനോ, കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുവാനോ നിയമപാലകര്‍ തയ്യാറാകുന്നില്ലായെന്നതും ഒരു ദുഃഖസത്യമായി അവശേഷിക്കുന്നു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ കേരളം വളരെ മുമ്പിലാണെന്ന് ആധികാരികമായി വ്യക്തമാക്കപ്പെടുമ്പോള്‍ തകര്‍ന്നുവീഴുന്നത് ”ദൈവത്തിന്റെ സ്വന്തം നാട്” എന്ന് നിരന്തരം ഉന്നയിച്ചുപോരുന്ന അവകാശവാദങ്ങളാണ്, പ്രതിബിംബങ്ങളാണ്. കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെട്ട ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. പാര്ശ്വവല്കരിക്കപ്പെട്ട പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിലെ കുട്ടികളും സ്ത്രീകളും ഏറ്റവും കൂടുതല്‍ ബലാത്സംഗം ചെയ്യപ്പെട്ടതും കൊല്ലപ്പെട്ടതും കേരളത്തിലാണെന്നതും സാക്ഷര കേരളത്തിന് മാത്രമായ ബഹുമതിയാണ്!
2016 മുതല്‍ പൊതുസമൂഹം അറിഞ്ഞതും അറിയാത്തതുമായ പീഡനങ്ങള്‍ ആയിരക്കണക്കിന് അരങ്ങേറിക്കൊണ്ടിരിക്കുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പട്ടാപ്പകല്‍ പട്ടികജാതി വിദ്യാര്‍ത്ഥിനിയെ പെട്രോള്‍ ഒഴിച്ചു കത്തിച്ചതും, പെരുമ്പാവൂര്‍ മുതല്‍ കട്ടപ്പന വരെ എത്തിനില്‍ക്കുന്ന പീഡന കൊലപാതകങ്ങളിലും ഇരകളാകേണ്ടി വന്നവര്‍ ഇവിടുത്തെ ഹിന്ദു സമുദായ അംഗങ്ങള്‍ ആണെന്നതും പ്രത്യേകം പ്രസ്താവ്യമാണ്. സ്ഥലനാമങ്ങളില്‍ സമൂഹത്തില്‍ ഇരകളെ അടയാളപ്പെടുത്തുമ്പോഴും ഇവരൊക്കെ നമ്മുടെ മക്കളോ കൊച്ചുമക്കളോ സഹോദരിമാരോ ആണെന്ന ധാര്‍മികമായ ഒരു ചിന്ത നമുക്ക് ഉണ്ടാകേണ്ടതല്ലേ? അറിവുപകര്‍ന്നു നല്കിയ ഗുരുക്കന്മാര്ക്ക്, വിരമിക്കല്‍ ദിവസം അവരുടെ കുഴിമാടം തീര്‍ത്തും കസേര കത്തിച്ചും കലാലയാന്തരീക്ഷം സംഘര്ഷഭരിതമാക്കിത്തീര്ത്ത ശിഷ്യഗണത്തിന് മാല ചാര്‍ത്തിയ വികൃതമായ ഒരു സമൂഹവും കേരളത്തിന് സ്വന്തം.
പാലക്കാട് വാളയാറില്‍ ഒരു പട്ടികജാതി കുടുംബത്തിലെ പറക്കമുറ്റാത്ത, പീഡനത്തിനിരയായ രണ്ടു പെണ്‍കുഞ്ഞുങ്ങളെ വീടിന്റെ ഉത്തരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ട സംഭവം മനഃസാക്ഷിയുള്ളവരെയെല്ലാം ഞെട്ടിച്ചിരുന്നു. 2019 ഒക്ടോബര്‍ മാസം 31 ന് പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്കു നല്കിയ നിവേദനത്തിനു മറുപടി നല്കാന് സംസ്ഥാന സര്‍ക്കാരിനു വേണ്ടിവന്നത് 365 ദിവസങ്ങള്‍ എന്നതും ശ്ലാഘനീയം തന്നെ! എന്തിനാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ വീട്ടുപടിക്കല്‍ സമരം നടത്തുന്നതെന്ന് അറിയില്ല എന്നു പറഞ്ഞവരും സാക്ഷര കേരളത്തിന്റെ അഭിമാന സ്തംഭങ്ങള്‍ തന്നെയാണല്ലോ? കൊവിഡ്-19 സ്ഥിരീകരിച്ച ഹരിജന്‍ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി, സര്‍ക്കാര്‍ സംവിധാനമായ 108 ആംബുലന്‍സില്‍ വച്ച് ഡ്രൈവര്‍ അതിക്രൂരമായി പീഡിപ്പിച്ചതും, കട്ടപ്പനയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി അപമാനഭാരത്താല്‍ ആത്മഹത്യ ചെയ്തതും അങ്ങനെ ആയിരക്കണക്കിന് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പീഡനപര്‍വ്വ കാലഘട്ടത്തിനാണ് കേരളത്തിലെ പൊതുസമൂഹം സാക്ഷ്യം വഹിക്കുന്നത്.
ഈ വിധത്തിലുള്ള സംഭവപരമ്പരകളെ നിഷ്ക്രിയരായി, നിസ്സംഗരായി കണ്ടുകൊണ്ടിരിക്കുന്ന, ദിശാബോധം നഷ്ടപ്പെട്ട, വടക്കു ദിക്കിലേക്കു മാത്രം നോക്കിക്കൊണ്ടിരിക്കുന്ന സാംസ്കാരിക നായകന്മാരും സ്വയം പ്രഖ്യാപിത സ്ത്രീ സംരക്ഷകരും പേരിനുപോലും പ്രതികരിക്കാത്തത് മഹാപാപമല്ലേ? മയക്കുമരുന്നിന്റെ അമിതോപയോഗം, ലഹരിക്കടത്ത്, സ്വര്‍ണക്കടത്ത്, തീവ്രവാദ ബന്ധങ്ങള്‍, ലൗജിഹാദ് എന്നിവയെല്ലാം ചേര്‍ത്ത് കേരള യുവത്വത്തിന്റെ വിനാശകരമായ അധഃപതനമല്ലേ പ്രകടമാക്കുന്നത്. വാക്കില്‍ മതേതരത്വവും, പ്രവൃത്തിയില്‍ മതപരിവര്‍ത്തനവും പ്രോത്സാഹിപ്പിക്കുന്നവര്‍, അതിനുവേണ്ടി നിലകൊള്ളുന്നവര്‍ അധഃസ്ഥിതന്റെ അസ്ഥിത്തറയില്‍ മുളച്ച് വടവൃക്ഷമായ പ്രസ്ഥാനം തന്നെ, അടിസ്ഥാന വര്‍ഗത്തെ ഉന്മൂലനം ചെയ്യുന്നത് വിരോധാഭാസമല്ലേ? ഇവിടെ അധഃസ്ഥിതരെ ഉദ്ധരിക്കുവാന്‍ അനവധി കമ്മീഷനുകള്‍ രൂപീകരിച്ചിട്ടുണ്ടെങ്കിലും, അവയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്താണെന്നു പോലും അറിയാന്‍ ശ്രമിക്കാതെ, അധികാരത്തിന്റെ അകത്തളങ്ങളില്‍, സുഖശീതളിമയില്‍ അഭിരമിക്കുമ്പോള്‍ ഇവിടുത്തെ നിരാലംബരായ പെണ്‍കുട്ടികളുടെ, അമ്മമാരുടെ, അവരുടെ കുടുംബത്തിന്റെ വേദനകള്‍ കണ്ടിട്ടും കാണാതെ പോകുന്ന ഈ മനോഭാവത്തിന് കാലം മാപ്പുതരികയില്ലെന്നും ഓര്‍ക്കുക. വേട്ടക്കാരനെ സംരക്ഷിക്കുന്ന നിലപാടില്‍ മാത്രം നിലകൊള്ളാതെ, ഇരകള്‍ക്ക് നീതി ലഭ്യമാക്കുവാനും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുവാനുമുള്ള വിവേകം മുഖ്യമന്ത്രിയടക്കമുള്ള ഭരണാധികാരികള്‍ക്ക് ഉണ്ടാകണം.
പി.ജി. ശശികല ടീച്ചര്‍
മഹിളാ ഐക്യവേദി, സംസ്ഥാന രക്ഷാധികാരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: