കോട്ടത്തറ: സൈഡ് ഇടിഞ്ഞു നീങ്ങിയ കുഴിവയല്‍ മുണ്ടക്കുറ്റി റോഡ് ഉപയോഗശൂന്യമായി കിടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഇതുവരെയും റോഡ് നന്നാക്കുവാന്‍ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. ഏകദേശം 72 വര്‍ഷത്തോളം പഴക്കമുള്ളതാണ് ഈ റോഡ്. കോട്ടത്തറ, പടിഞ്ഞാറത്തറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡുകൂടിയാണ്. ഇതുവരെയും റോഡ് സോളിങ് ചെയ്യുകയോ സൈഡ് കെട്ടുകയോ ചെയ്തിട്ടില്ല.
മണ്ണിട്ടു നികത്തിയ റോഡാണ് നാട്ടുകാര്‍ ഉപയോഗിച്ച് പോരുന്നത്. എന്നാല്‍ കുറച്ചു നാള്‍ മുമ്പ് റോഡിന്റെ ഒരു സൈഡ് മുഴുവന്‍ ഒലിച്ചു പോവുകയും ഉപയോഗ ശൂന്യമാവുകയും ചെയ്തു. മണ്ണിടിഞ്ഞു പോയത് കാരണം കാല്‍നട പോലും ദുഷ്‌കരം ആയിരിക്കുകയാണ്. അറുപതോളം കുടുംബങ്ങളാണ് ഈ റോഡിനെ ആശ്രയിച്ച് ജീവിക്കുന്നത്. ഇതില്‍ 80 ശതമാനവും വനവാസി വിഭാഗത്തില്‍ പെട്ടവരാണ്.
റോഡ് ഉപയോഗ ശൂന്യമായതു കാരണം രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഒരു നിര്‍വാഹവുമില്ല എന്ന് നാട്ടുകാര്‍ പറയുന്നു. രോഗികളെ എടുത്തു കൊണ്ടാണ് റോഡിന്റെ മറുവശത്ത് എത്തുന്നത്. ഏകദേശം ഒരു കിലോമീറ്ററോളം റോഡ് ഉപയോഗശൂന്യമായി കിടക്കുകയാണ്. റോഡിന്റെ സൈഡ് ഭാഗത്തുള്ള ഇലക്ട്രിക് പോസ്റ്റും ഭീഷണിയായി നില്‍ക്കുന്നുണ്ട്. മണ്ണ് ഒലിച്ചു പോയതിനെ തുടര്‍ന്ന് ഏതു സമയവും വീഴാം എന്ന നിലയിലാണ് പോസ്റ്റ്. മാത്രമല്ല സാധനങ്ങള്‍ എല്ലാം തലച്ചുമടായി വേണം റോഡിന്റെ അപ്പുറത്ത് എത്തിക്കുവാന്‍. റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: