തിരുവല്ല : ശബരിമല മണ്ഡല ,മകരവിളക്ക് ഉത്സവത്തിനുള്ള ലേലം മുടങ്ങിയതോടെ ദേവസ്വം ബോർഡിന് 50 കോടിയുടെ നഷ്ടം. കഴിഞ്ഞ ദിവസം റീടെണ്ടർ തുറന്നപ്പോൾ രണ്ടു പേർ മാത്രമാണ് പങ്കെടുത്തത്. നൂറ്റിയമ്പതോളം ഇനങ്ങളാണ് ലേലത്തിനുള്ളത്. മണ്ഡല,മകരവിളക്ക് ഉത്സവത്തിനായി അടിസ്ഥാന സൗകര്യങ്ങൾക്കും മറ്റ് ചെലവുകൾക്കുമായി ലേലത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗപ്പെടുത്തിയിരുന്നു.സർക്കാർ കൊടുക്കാമെന്നേറ്റ സഹായവും അനിശ്ചിതത്വത്തിലായതോടെ കരുതൽ ധനത്തിൽ കൈവയ്‌ക്കേണ്ട അവസ്ഥയിലാണ് ദേവസ്വം ബോർഡ്.
കഴിഞ്ഞ ദിവസം റീ ടെണ്ടറും വ്യാപാരികൾ ബഹിഷ്‌ക്കരിച്ചതോടെ ഓപ്പൺ ലേലം നടത്താനാണ് ബോർഡിന്റെ തീരുമാനം. ഇതിന്റെ തീയതിയും സ്ഥലവും ബോർഡ് തീരുമാനിച്ചിട്ടില്ല. എന്നാൽ നിരക്കുകൾ കുറയ്‌ക്കാൻ ബോർഡ് തയ്യാറാകാത്ത സാഹചര്യത്തിൽ ഓപ്പൺ ലേലവും വിജയിക്കാനുള്ള സാധ്യത കുറവാണ്.കുത്തക ലേലം നടപടികൾ നിർത്തിവയ്‌ക്കണമെന്നും മുൻ വർഷത്തെ വ്യാപാരികൾക്ക് തുടരാൻ അവസരമൊരുക്കണമെന്നും വ്യാപാരികൾ ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു.കഴിഞ്ഞ വർഷങ്ങളിൽ ലേലം കൊണ്ട വ്യാപാരികൾക്ക് സാമ്പത്തിക നഷ്ടം സംഭവിച്ച സാഹചര്യം കണക്കിലെടുത്താണ് ഈ ആവശ്യം ഉന്നയിച്ചത്. ഇക്കാര്യത്തിൽ ബോർഡിലെ മറ്റംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും അനുഭാവപൂർണ്ണമായ നിലപാടാണ് സ്വീകരിച്ചതെങ്കിലും ബോർഡ് പ്രസിഡന്റ് കടുംപിടിത്തം തുടരുകയാണെന്നാണ് വ്യാപാരികളുടെ ആരോപണം.
മണ്ഡലക്കാലം തുടങ്ങാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ ഇനി ലേലം നടക്കാനുള്ള സാധ്യത വിരളമാണ്. സർക്കാരിന്റെ ധനസഹായവും നടവരുമാനവും ലേലത്തിൽ നിന്ന് ലഭിക്കുമായിരുന്ന വരുമാനവും മുടങ്ങിയ സാഹചര്യത്തിൽ ദേവസ്വം ജീവനക്കാരുടെ ശമ്പളവും പെൻഷനും വരുംമാസങ്ങളിൽ മുടങ്ങാൻ സാധ്യതയുണ്ട്.അല്ലെങ്കിൽ ദേവസ്വം ബോർഡിന് കരുതൽ ധനം എടുത്ത് ഉപയോഗിക്കേണ്ടി വരും.200 കോടിയാണ് ദേവസ്വം ബോർഡിന്റെ കരുതൽ ധനം. ഇത് ഉപയോഗിക്കണമെങ്കിൽ ഹൈക്കോടതിയുടെ അനുമതി വാങ്ങാണ്ടേതായി വരും.സാമ്പത്തിക പ്രതിസന്ധിമൂലം ശബരിമലയിലും പമ്പയിലും അത്യാവശ്യ നിർമാണ ജോലികൾ മാത്രമാണ് നടത്തുന്നത്.
ഇതിനിടെയിൽ മണ്ഡലക്കാലത്ത് തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ട്. സാഹചര്യങ്ങൾ വിലയിരുത്തി ഘട്ടംഘട്ടമായി തീർത്ഥാടകരുടെ എണ്ണം ഉയർത്താനാണ് ആലോചിക്കുന്നത്. ഇപ്പോൾ ശനി,ഞായർ ദിവസങ്ങളിൽ രണ്ടായിരവും മറ്റ് ദിവസങ്ങളിൽ ആയിരം തീർത്ഥാടകർക്കുമാണ് പ്രവേശനം. മകരവിളക്കിന് 5,000 വും.ദിവസം 10,000 തീർത്ഥാടകരെ പ്രവേശിപ്പിക്കണമെന്നാണ് ദേവസ്വം ബോർഡ് ആവശ്യപ്പെടുന്നത്. ഇക്കാര്യങ്ങൾ വ്യാപാരികളെ ബോധ്യപ്പെടുത്തി ഓപ്പൺ ലേലത്തിൽ പങ്കെടുപ്പിക്കാനുള്ള നീക്കവും സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: