കാഴ്ചക്കാരെയും കേള്‍വിക്കാരെയും ഒരുപോലെ അദ്ഭുതപ്പെടുത്തുന്നതാണ് ഈ ആര്‍ഷഭൂമിയുടെ വലുപ്പവും മഹത്വവും. തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീമൂലം തിരുനാള്‍ സമ്മാനിച്ച മുന്നൂറ് ഏക്കറോളം ഭൂമിയില്‍ കൊല്ലവര്‍ഷം 1076ലാണ് സദാനന്ദ സ്വാമികള്‍ ആശ്രമം സ്ഥാപിക്കുന്നത്. സ്വാമികളുടെ പേരില്‍ നിന്നാണ് സദാനന്ദപുരം എന്ന പേര് തന്നെ പ്രദേശത്തിന് പിറവിയെടുത്തത്. തഹസീല്‍ദാര്‍ പ്രാക്കുളം പത്മനാഭപിള്ള, കെ. പരമുപിള്ള തുടങ്ങിയവരുടെ സഹായവുമുണ്ടായിരുന്നു ആശ്രമസ്ഥാപനത്തിന്. തമിഴ്നാട്, കൊല്‍ക്കത്ത, മുംബൈ, സിലോണ്‍, റംഗൂണ്‍ തുടങ്ങി വിദൂര ദേശങ്ങളിലെ നാട്ടുക്കോട്ട ചെട്ടിയാര്‍മാരുടെ ധനസഹായവും ലഭിച്ചിരുന്നു.
ഹിന്ദുക്കളെയെല്ലാം വൈദികസംസ്കാര സമ്പന്നരാക്കണമെന്നായിരുന്നു സ്വാമികളുടെ അഭിപ്രായം. ഇതിനായി ചട്ടമ്പിസ്വാമികളുമായും വിദ്യാനന്ദ തീര്‍ഥപാദ സ്വാമികളുമായി ചേര്‍ന്ന് ഒരു ഹിന്ദു സംസ്കാര പദ്ധതി രൂപീകരിക്കാനും സ്വാമികള്‍ ശ്രമിച്ചിരുന്നതായി ചരിത്രം പറയുന്നു.
ശ്രീനാരായണഗുരുവിനും ചട്ടമ്പിസ്വാമിക്കുമൊപ്പമായിരുന്നു സദാനന്ദസ്വാമികളുടെയും സ്ഥാനം. അവധൂതനായി സഞ്ചരിക്കുമ്പോഴും സാധാരണജനങ്ങളുടെ ജീവിതപുരോഗതിയായിരുന്നു സ്വാമികളുടെ ലക്ഷ്യം. കേരളത്തില്‍ ആദ്യമായി സോപ്പുനിര്‍മാണ യൂണിറ്റ് ആരംഭിച്ചതും മാരുതി, ഭാരതി എന്നീ പേരുകളില്‍ ബസ് സര്‍വീസ് ആരംഭിച്ചതും ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. മഹാവ്യാധികള്ക്കുള്ള മരുന്നുകള്‍ വരെ അദ്ദേഹം നല്‍കിയിരുന്നു. ഒരുകാലത്ത് കേരളത്തിനകത്തും പുറത്തും പ്രശസ്തമായ സദാനന്ദപുരം വൈദ്യശാലയും സ്വാമികളുടെ ദീര്‍ഘദൃഷ്ടിയില്‍ പിറന്നതാണ്.
പച്ചമരുന്നുകള്‍ പറിച്ചെടുത്ത് മരുന്ന് നിര്‍മിക്കുന്ന വൈദ്യശാല ഇവിടെയുണ്ടായിരുന്നു. ഇന്നും കല്ലിലുള്ള മരുന്ന് പൊടിക്കുന്ന ഉപകരണങ്ങള്‍ ഇവിടെയുണ്ട്. സിദ്ധവൈദ്യത്തിലും പ്രവീണനായിരുന്ന അദ്ദേഹം ഒരു ഔഷധത്തോട്ടവും വൈദ്യശാലയും സ്ഥാപിച്ചു. അഗസ്ത്യമുനിയുടെയും ലോപാമുദ്രയുടെയും ക്ഷേത്രമുണ്ടാക്കി പ്രതിഷ്ഠ നടത്തി.
റസിഡന്‍ഷ്യല്‍ സ്കൂള്‍ എന്ന ആശയം ആദ്യമായി നടപ്പാക്കിയതും സ്വാമികളാണ്. ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് ദീപം തെളിച്ചത് സ്വാമിയാണ്. കേരളത്തിലും ഉത്തരഭാരതത്തിലും പര്യടനം നടത്തിയശേഷമായിരുന്നു സദാനന്ദപുരത്ത് അവധൂതാശ്രമവും അനുബന്ധ സ്ഥാപനങ്ങളും അദ്ദേഹം സ്ഥാപിച്ചത്. സദാനന്ദവിലാസം ഔഷധശാല, നെയ്ത്തുശാല, പ്രിന്റിങ് പ്രസ്, ഗോശാല, റെസിഡന്‍ഷ്യല്‍ സ്കൂള്‍ എന്നിവ ആശ്രമത്തോടനുബന്ധിച്ച് പ്രവര്‍ത്തിച്ചിരുന്നു.
ആശ്രമം സര്‍ക്കാരിന് ദാനമായി നല്കിയ സ്ഥലത്താണ് ഇന്നത്തെ ഗവ. എച്ച്എസ്എസ് പ്രവര്‍ത്തിക്കുന്നത്. സദാനന്ദവിലാസം എന്ന പേരില്‍ മലയാളത്തിലും അഗസ്ത്യന് എന്ന പേരില്‍ തമിഴിലും മാസികകള്‍ നടത്തി. തമിഴിലും മലയാളത്തിലും നിരവധി ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. ശ്രീമദ് ഭഗവദ്ഗീത ശാങ്കരഭാഷ്യസഹിതം ഉള്‍പ്പെടെ നിരവധി കൃതികള്‍ പ്രസിദ്ധീകരിച്ചു. ധാരാളം താളിയോല ഗ്രന്ഥങ്ങളും ചുരുണകളും അപൂര്‍വ ഗ്രന്ഥങ്ങളും ആശ്രമത്തിലുണ്ട്. കൊടുന്തമിഴ്, ചെന്തമിഴ് താളിയോലകളുടെ ഉള്ളടക്കം സിദ്ധവൈദ്യവുമായി ബന്ധപ്പെട്ടവയാണെന്ന് കരുതപ്പെടുന്നു. അനേകം വര്‍ഷം പഴക്കമുള്ള നീറ്റുമരുന്നുകളും കളിമണ്‍ ഭരണികളിലായി സൂക്ഷിച്ചിട്ടുണ്ട്. വേദങ്ങളും ആഗമങ്ങളും വിധിച്ചിട്ടുള്ള വിഗ്രഹാരാധനയെപ്പറ്റിയുള്ള ഒരു വിവരണമാണ് അദ്ദേഹം രചിച്ച ‘വിഗ്രഹാരാധന’ എന്ന ഗ്രന്ഥം.
കൊല്ലവര്‍ഷം 1052 കുംഭം 13ന് പാലക്കാട് ചിറ്റൂര്‍ തത്തമംഗലം പുത്തന്‍വീട്ടില്‍ ജനിച്ച രാമനാഥമേനോനാണ് പിന്നീട് സദാനന്ദ സ്വാമികളായത്. 1907ല്‍ ആരംഭിച്ച സദാനന്ദ സാധുജന പരിപാലന സംഘമാണ് പിന്നീട് സാധുജന പരിപാലന സംഘമായത്. സദാനന്ദസ്വാമികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ചിത്സഭയിലെ പ്രസംഗകര്‍ സാധുജനപരിപാലന സംഘത്തിനു എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. അയ്യന്‍കാളിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വാമികള്‍ ആത്മബലം നല്കി. കേരളത്തില്‍ ആദ്യമായി മത-ധര്‍മ പ്രഭാഷണം തുടങ്ങിയ ഹിന്ദുസന്യാസി സദാനന്ദ സ്വാമികള്‍ ആയിരുന്നു. 1924 ജനുവരി 22 ന് അദ്ദേഹം ശരീരമുപേക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: