കുന്നത്തൂര്‍: പഞ്ചായത്തിലെ ആറ്റുകടവ് പട്ടികജാതി പ്രീമെട്രിക് ഹോസ്റ്റലിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിനെതിരെ വ്യാപക പരാതി. കൃത്യമായി ആഹാരവും അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നില്ലെന്ന് അന്തേവാസികള്‍.
ഉച്ചയ്ക്കും രാത്രിയിലേക്കുമുള്ള ഊണുപൊതി ഉച്ചയ്ക്കു തന്നെ നല്‍കുന്നതായും ഇത് വൈകിട്ടോടെ തന്നെ ചീത്തയായി ദുര്‍ഗന്ധം വമിക്കുന്നെന്നും പരാതിപ്പെടുന്നു. കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ 14 പേരാണ് നിലവില്‍ ചികിത്സാകേന്ദ്രത്തിലുള്ളത്. കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നുമാണ് ഭക്ഷണം എത്തിക്കുന്നത്. തീരെ നിലവാരമില്ലാത്ത ഭക്ഷണമാണ് കിട്ടുന്നതെന്നും കുടിക്കാന്‍ ചൂടുവെള്ളം പോലും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ഭക്ഷണഅവശിഷ്ടങ്ങളും മറ്റും കൃത്യമായി നീക്കം ചെയ്യാതെ കുന്നുകൂടുകയാണെന്നും ദുരിതപൂര്‍ണമായ അവസ്ഥയിലാണ് ചികിത്സാ കേന്ദ്രത്തില്‍ കഴിയുന്നതെന്നും അന്തേവാസികള്‍ പറയുന്നു. പരാതി ഉന്നയിച്ചവരോട് മോശമായ രീതിയിലാണ് പഞ്ചായത്ത് അധികൃതര്‍ പെരുമാറിയതെന്നും പരാതിയുണ്ട്.
കുന്നത്തൂര്‍ പഞ്ചായത്തിലെ കോവിഡ് ചികില്‍സ സംബന്ധിച്ചും വ്യാപക പരാതിയാണുള്ളത്. പഞ്ചായത്തില്‍ കോവിഡ് രോഗികള്‍ ദിനംപ്രതി വര്‍ധിക്കുന്നു. 31ന് നടത്തിയ പരിശോധനയില്‍ നൂറിലേറെപേരെ പരിശോധിച്ചതില്‍ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്രവ പരിശോധനക്ക് സംവിധാനം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഇല്ല. യാത്രാ ബുദ്ധിമുട്ട് ഉള്ള പഞ്ചായത്തില്‍ രോഗബാധ സംശയമുള്ളവര്‍ പരിശോധനനടത്താതിരിക്കുകയും കറങ്ങി നടക്കുന്നതായും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: