ദുബായ്: നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ ആറാം ഫൈനല്‍ ലക്ഷ്യമിട്ട് കളിക്കളത്തിലിറങ്ങുന്നു. ഈ സീസണിലെ ഐപിഎല്‍ ക്വാളിഫയര്‍ ഒന്നില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് ദല്‍ഹി ക്യാപിറ്റല്‍സുമായി മാറ്റുരയ്ക്കും. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30 ന് കളി ആരംഭിക്കും. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
ഈ മത്സരത്തിലെ വിജയികള്‍ ഫൈനലില്‍ കടക്കും. തോല്‍ക്കുന്ന ടീമിന് ഫൈനലിലെത്താന്‍ ഒരു അവസരം കൂടി ലഭിക്കും. നാളെ നടക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള എലിമിനേറ്റിലെ വിജയികളുമായി ഞായറാഴ്ച പൊരുതാം. ജയിക്കുന്ന ടീം ഫൈനലിലെത്തും. ചൊവ്വാഴ്ച ദുബായ് ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍.
ലീഗ് മത്സരങ്ങളില്‍ പതിനെട്ട് പോയിന്റോടെ ഒന്നാം സ്ഥാനക്കരായാണ് മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍ കടന്നത്. ഇത് ഒമ്പതാം തവണയാണ് അവര്‍ പ്ലേ ഓഫിലെത്തുന്നത്. ഈ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോട് തോറ്റ മുംബൈ അവസാന മത്സരത്തിലും തോറ്റു. സണ്‍റൈസേഴ്സ് ഹൈദരാബാദ് പത്ത് വിക്കറ്റിനാണ് മുംബൈയെ കീഴടക്കിയത്.
അതേസമയം ലീഗിലെ തങ്ങളുടെ അവസാന ലീഗ് മത്സരരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തോല്‍പ്പിച്ചാണ് ദല്‍ഹി ക്യാപിറ്റല്‍സ് പ്ലേ ഓഫിലെത്തിയത്. പതിനാല് മത്സരങ്ങളില്‍ പതിനാറു പോയിന്റോടെ ദല്‍ഹി രണ്ടാം സ്ഥാനക്കാരായി.
ഐപിഎല്ലില്‍ നാലു തവണ കിരീടം ചൂടിയ ഏക ടീമാണ് മുംബൈ ഇന്ത്യന്‍സ്. 2013, 2015, 2017, 2019 വര്‍ഷങ്ങളിലാണ് കിരീടം നേടിയത്. 2010ല്‍ റണ്ണേഴ്സ് അപ്പായി. ഇത്തവണയും കിരീടം സ്വന്തമാക്കണമെന്ന ആവേശത്തിലാണ് മുംബൈ ഇന്ത്യന്‍സ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഓള് റൗണ്ടര്‍ കീരോണ്‍ പൊള്ളാര്‍ഡ്, ക്വിന്റണ്‍ ഡികോക്ക്, പേസര്‍ ജസ്പ്രീത് ബുംറ എന്നിവരിലാണ് മുംബൈയുടെ കരുത്ത്.
പരിക്കിനെ തുടര്‍ന്ന് ലീഗിലെ ഒന്ന് രണ്ട് മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്ന രോഹിത് ശര്‍മ സണ്‍റൈസേഴ്സിനെതിരായ മത്സരത്തില്‍ തിരിച്ചത്തിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. നാലു റണ്‍സിന് ശര്‍മ പുറത്തായി. എന്നാല്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ നാലാമത്തെ താരമായ ശര്‍മ പ്ലേ ഓഫില്‍ ഫോമിലാകുമെന്നാണ് പ്രതീക്ഷ.
പൊള്ളാര്‍ഡും ബുംറയും മികച്ച ഫോമിലാണ്. ഈ സീസണില്‍ പതിമൂന്ന് മത്സരങ്ങളില്‍ നിന്ന് 23 വിക്കറ്റ് സ്വന്തമാക്കിയ ബുംറ വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്താണ്. ദല്‍ഹിയുടെ കഗിസോ റബാഡ 25 വിക്കറ്റുമായി ഒന്നാം സ്ഥാനത്ത് നില്ക്കുന്നു.
ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, പൃഥ്വി ഷാ, ശിഖര്‍ ധവാന്, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത് എന്നിവരാണ് ദല്‍ഹിയുടെ ബാറ്റിങ് കരുത്ത്. പേസ് ബൗളിങ്ങില്‍ റബഡയും നോര്ട്ജെയുമാണ് ശക്തി കേന്ദ്രങ്ങള്‍. ആര്. അശ്വിനും അക്ഷര്‍ പട്ടേലുമാണ് സ്പിന്‍ ബൗളിങ്ങിനെ നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: