തന്റെ പത്രത്തിന് എന്ത് മറുപടിയാണ് ശിവാജി നല്കാന് പോകുന്നതെന്നറിയാന്‍ ഉത്കണ്ഠാകുലനായിരിക്കുകയായിരുന്നു അഫ്സല്‍ഖാന്‍. കൃഷ്ണാജി ഭാസ്കറിന്റെ വരവും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഖാന്. കൃഷ്ണാജി ഖാന്റെ പടകുടീരത്തില്‍ എത്തി. നടന്നതെല്ലാം പറഞ്ഞു. ശിവാജി അത്യധികം ഭയന്നിരിക്കുകയാണ്. എങ്ങനെയെങ്കിലും ഖാന്റെ ദയക്കുവേണ്ടി ഭിക്ഷ യാചിക്കുകയാണ്. സന്ധി കൂടാതെ തന്നെ എല്ലാ ദുര്‍ഗങ്ങളും നല്കാന് തയ്യാറാണ് എന്നെല്ലാം വിസ്തൃതമായി പറഞ്ഞു. എല്ലാം കേട്ട ഖാന് ആനന്ദസാഗരത്തില്‍ നിമഗ്നനായി.
തുടര്‍ന്ന് ഗോപിനാഥ പന്ത് കൊണ്ടുവന്ന പത്രം കൃഷ്ണാജി ഖാന് സമര്‍പ്പിച്ചു. ശിവാജി കൊടുത്തയച്ച സമ്മാനങ്ങളും കൊടുത്തു. എഴുത്ത് വായിച്ച ഖാന്റെ മുഖത്ത് പുഞ്ചിരി പടര്‍ന്നു. പത്രത്തില്‍ ശിവാജി എഴുതിയിരിക്കുന്നു ഇന്നുവരെ ഞാന്‍ ചെയ്ത തെറ്റുകള്‍ അങ്ങ് ദയാപൂര്‍വം ക്ഷമിക്കണം. ഇനിയങ്ങോട്ട് വിശ്വസ്ത സേവകനായി ബാദുഷയുടെ ദാസനായി പ്രവര്‍ത്തിച്ചുകൊള്ളാം.
ശിവാജിയുടെ പത്രത്തിന്റെ സ്വരസമാനമായി ഗോപിനാഥ പന്ത് ഖാനോട് പറഞ്ഞു- താങ്കളുടെ പരാക്രമത്തിനു മുന്നില്‍ നിഷ്പ്രഭനായ ശിവാജി വല്ലാതെ ഭയന്നിരിക്കുകയാണ്. താങ്കള്‍ ജാവളിയില്‍ വന്ന് ശിവാജിയുടെ കൈപിടിച്ച് കൊണ്ടുപോകണം എന്ന് നിവേദനം നടത്തി. ജാവളിയുടെ വനശോഭ കാണാന്‍ താങ്കള്‍ നിശ്ചയമായും വരണം എന്നുകൂടി പറഞ്ഞു. എല്ലാം കേട്ട അഫ്സല് ഖാന് സ്വര്‍ഗം അടുത്തെത്തിയിരിക്കുന്നതായി തോന്നി. തന്റെ തന്ത്രം ഫലിച്ചു. ശിവാജി തന്റെ വലയില്‍ വീണു എന്ന് ചിന്തിച്ച് വളരെ സന്തോഷവാനായി.
എന്നാലും ജാവളിയില്‍ പോകണം എന്ന് ചിന്തിക്കുമ്പോള്‍ ഖാന്റെ ഹൃദയത്തുടിപ്പ് വര്‍ധിക്കുന്നു. ജാവളിയിലെ ഘോരവനത്തിന്റെ ഭീകരതയാണ് ഖാന്റെ ചങ്കിടിപ്പ് വര്‍ധിപ്പിക്കുന്നത്. ഖാന് പലവട്ടം ചുഴിഞ്ഞു ചിന്തിച്ചു. ശിവ ഭീരുവാണെന്ന് തോന്നുന്നു. എന്നെ സൈന്യസമേതം ജാവളിയിലേക്ക് വിളിച്ചിരിക്കയാണ്. ഞാന്‍ ജാവളിയില്‍ പോയില്ലെങ്കില്‍ ദുര്‍ഗം വിട്ട് ശിവ വരില്ല. അവിടത്തന്നെ നില്‍ക്കുകയോ ഒരു ദുര്‍ഗത്തില്‍നിന്ന് മറ്റൊരു ദുര്‍ഗത്തിലേക്ക് മാറിമാറി പോയേക്കുകയോ ചെയ്യാം. ഞാന്‍ ആവശ്യപ്പെട്ടതനുസരിച്ച് ശിവ വന്നില്ലെങ്കില്‍ ശരി, സൈന്യസമേതം ഞാനങ്ങോട്ട് പോകാം. എന്റെ സൈന്യത്തെ നേരിടാനുള്ള ശക്തി, സാഹസം ഇല്ല തന്നെ. പറഞ്ഞതനുസരിച്ച് ശിവ വന്നെങ്കില്‍ പിന്നെ പ്രശ്നം ഇല്ലതന്നെ.
ഈ വിഷയത്തെ സംബന്ധിച്ച് തന്റെ വിശ്വാസപാത്രമായ കൃഷ്ണാജി ഭാസ്കറുമായി ഖാന് ചര്‍ച്ച ചെയ്തു. ശിവാജിയെ വിശ്വസിക്കാം വഞ്ചിക്കില്ല എന്ന് കൃഷ്ണാജിയും വാക്കുകൊടുത്തു. അതിനിടയ്ക്ക് തന്റെ സ്വാര്ത്ഥലാഭത്തിനായിട്ടാണെങ്കിലും ഖാനെ ജാവളിയിലെത്തിക്കാന് പ്രതാപറാവു മോറേയും ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. അവസാനം ഖാന് ഗോപീനാഥപന്തിനോടായിപ്പറഞ്ഞു-ശിവാജി കാഫിറാണ്, വഞ്ചകനാണ്. ശിവ എന്നെ ജാവളിയിലേക്ക് വിളിക്കുകയാണ്. താങ്കള്‍ ബ്രാഹ്മണനാണ്. താങ്കള്‍ വാക്കു തരികയാണെങ്കില്‍ ഞാന്‍ ജാവളിയില്‍ പോകാം ശിവയെ എനിക്ക് വിശ്വാസമില്ല. അയാള്‍ മഹാവഞ്ചകനാണ്.
ശിവാജി ഗോപിനാഥ പന്തനോട് പറഞ്ഞിരുന്നു വാക്കുകൊടുക്കേണ്ടിവന്നാല് ശങ്ക കൂടാതെ കൊടുക്കണം. അഫ്സല്‍ഖാന്‍ ജാവളിയില്‍ വരിക എന്നതാണ് മുഖ്യം. സൗമ്യനായി ഗോപിനാഥപന്ത് പ്രത്യുത്തരം നല്കി- താങ്കള്‍ സംശയിക്കരുത്, ശിവാജി ഒരിക്കലും താങ്കള്‍ക്ക് അഹിതമായി ഒന്നും പ്രവര്‍ത്തിക്കില്ല. നിശ്ചയമായും കൂടിക്കാഴ്ചയ്ക്ക് വരണം. ഖാന് അതംഗീകരിച്ചു. സൈന്യസമേതം ജാവളിയില്‍ പോകാന്‍ ഖാന് തയ്യാറെടുത്തു തുടങ്ങി.
ഗോപിനാഥപന്തിന്റെ പകുതി ജോലി തീര്‍ന്നു. എന്നാല്‍ കൂടനീതിജ്ഞനായ ഗോപിനാഥപന്ത്ജി ഖാന്റെ ശിബിരത്തിലുള്ള സേനാനായകന്മാരെ ഓരോരുത്തരെയായി കണ്ടു അവര്‍ക്ക് പ്രതാപഗഡില്‍ നിന്നുകൊണ്ടുവന്ന വിലപിടിച്ച വസ്ത്രങ്ങള്‍ സ്നേഹ സമ്മാനമായി കൊടുത്തു. ഈ അവസരത്തില്‍ ഗോപിനാഥജി അമൂല്യമായ ആ രഹസ്യം മനസ്സിലാക്കി. ശിവാജി വഞ്ചകനാണ് യുദ്ധത്തില്‍ അവനെ പിടിക്കാന്‍ കിട്ടില്ല. അതുകൊണ്ട് സന്ധിയുടെ മറവില്‍ പിടികൂടണം. ഇതാണ് ഖാന്റെ പദ്ധതി. ഖാന്റെ കുതന്ത്രം മനസ്സിലായ ഗോപിനാഥ പന്ത്ജിയുടെ വ്യാകുലത വര്‍ധിച്ചു. അടുത്ത ദിവസം കാലത്ത് ഖാനോട് യാത്ര ചോദിച്ച് ഖാന് ശിവാജിക്കായി കൊടുത്ത സമ്മാനങ്ങളും വാങ്ങി പ്രതാപഗഡിലേക്ക് ഓടി. അദ്ദേഹത്തിന്റെ മനസ്സില്‍ ആനന്ദവും ഉത്കണ്ഠയും ഉണ്ടായിരുന്നു.
അഫ്സല്‍ഖാന്റെ സേനാശിബിരത്തില്‍ ഉണ്ടായിരുന്നവര്‍ ജാവളി യാത്രാ വിഷയം അറിഞ്ഞു. അവരില്‍ ചിലര്‍ ബീജാപ്പൂരിന്റെ വിശ്വസ്തരും നിഷ്ഠയുള്ള സേവകരുമായിരുന്നു. അവര്‍ക്ക് ജാവളിയാത്ര ഇഷ്ടപ്പെട്ടില്ല. അവിടെ എന്തെങ്കിലും അപകടം പതിയിരിക്കുന്നുണ്ടെന്ന് അവര്‍ക്ക് തോന്നി. അതുകൊണ്ട് അവര്‍ ഖാനോട് സ്പഷ്ടമായി പറഞ്ഞു. അവിടെ എന്തെങ്കിലും കുതന്ത്രം ഉണ്ടായിരിക്കണം. ഇന്നുവരെ ശിവാജി ആരുടെ മുന്നിലും തലകുനിച്ചിട്ടില്ല. അയാള്‍ മഹാകൂടതന്ത്രജ്ഞനാണ് മഹാപരാക്രമിയും.
കുട്ടിക്കാലം മുതല്‍ ശിവാജിയുടെ സാഹസകഥ കേട്ടിട്ടുള്ള ആരും അദ്ദേഹം ഭീരുവാണെന്ന് അംഗീകരിക്കില്ല. ശിവ താങ്കളുടെ മുന്നില്‍ ഭയത്തിന്റെ നാടകം കളിക്കയാണ്. ജാവളിയിലെ ഘോരമായ വനത്തില്‍ വിളിച്ച് വല്ല കുതന്ത്രവും ചെയ്യാനിടയുണ്ടെന്ന് അവര്‍ സൂചിപ്പിച്ചു.
തന്റെ ശത്രുവിന്റെ സ്തുതി കേട്ട ഖാന്റെ അഹങ്കാരത്തിന് മുറിവേറ്റു. പറഞ്ഞവരെ ഖാന് ക്രോധത്തോടെ നിന്ദിച്ചു. അഫ്സല്‍ഖാന്റെ പരാക്രമത്തെക്കുറിച്ച് നിങ്ങള്‍ക്കറിയില്ല. എന്റെ ക്രോധത്തിന്റെ മുന്നില്‍ പിശാചും വിറക്കും. പിന്നെയല്ലെ ശിവാജി. എന്റെ ക്രോധാഗ്നിയില്‍ ജാവളിവനം തന്നെ കത്തി ഭസ്മാകും.
ഗോപിനാഥപന്ത് തന്റെ വാക്ചാതുര്യം കൊണ്ടും അഭിനയം കൊണ്ടും ഖാനെ മുക്തകണ്ഠം പ്രശംസിച്ചിരുന്നു അത് ഫലിച്ചു. തന്റെ സൈന്യത്തിലെ നായകന്മാരാരും തന്നെ ഉപദേശിക്കാനുള്ള സാഹസത്തിനു മുതിരരുതെന്ന് ഖാന് ആജ്ഞാപിച്ചു. ചിലര്‍ക്ക് അദ്ദേഹം ചെറിയ ശിക്ഷകളും നല്കി. ഖാന് ശിവാജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് വെമ്പല്‍ കൊള്ളുകയായിരുന്നു. പുറപ്പെടാന്‍ സൈന്യത്തിനും ആജ്ഞ നല്കി.
പ്രതാപഗഡില്‍ ശിവാജി ഗോപിനാഥ പന്തിന്റെ ആഗമനത്തിന്റെ പ്രതീക്ഷയിലായിരുന്നു. പര്‍വതം കയറി പന്ത് കോട്ടയിലെത്തി. വായിയില്‍ നടന്നതെല്ലാം ഒന്നൊഴിയാതെ വിസ്തരിച്ചു പറഞ്ഞു. ഖാന്റെ സന്ധിയുടെ ഉള്രഹസ്യം ശിവാജി മനസ്സിലാക്കി. കുറച്ചുകാലം മുന്‍പ് ശൃംഗപുരത്തിലെ രാജാവിനെ സന്ധിക്ക് വിളിച്ച് വഞ്ചിച്ച് കൊന്നതുപോലെ ശിവാജിയേയും കൊല്ലാനായിരുന്നു ഖാന്റെ പദ്ധതി. ഖാന്റെ സേനയുടെ ശക്തിയും സാമര്‍ത്ഥ്യവും ശിവാജിക്ക് ലഭിച്ചിരുന്നു.
എല്ലാം പറഞ്ഞതിനുശേഷം തന്റെ നിഗമനവും ഗോപിനാഥപന്ത് പറഞ്ഞു. ഖാന്റെ ഉദ്ദേശം ചതിയാണ്. ഞാന്‍ ഖാനെ അനുനയിപ്പിച്ച് ജാവളിയില്‍ കൊണ്ടുവരാം. താങ്കള്‍ ഒറ്റയ്ക്ക് സധൈര്യം ഖാനുമായി കൂടിക്കാഴ്ച നടത്തി ഖാനെ വധിക്കുകയും അയാളുടെ സൈന്യത്തെ നാമാവശേഷവുമാക്കുകയും ചെയ്യും.
ഇത് ശിവാജി അംഗീകരിച്ചു. അല്ലാത്തപക്ഷം ഒരു ദുര്‍ഗത്തില്‍ നിന്ന് മറ്റൊരു ദുര്‍ഗത്തിലേക്ക് ചാടിച്ചാടി ശത്രു സൈന്യത്തിന് ആഘാതമേല്‍പ്പിക്കുന്ന വഴി നോക്കണമായിരുന്നു. സാഹസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും വിജിഗീഷു പ്രവൃത്തിയുടെയും മൂര്‍ത്തരൂപമായ ശിവാജിക്ക് ഗോപിനാഥ പന്തിന്റെ യോജന ഇഷ്ടപ്പെട്ടു. ഗോപിനാഥപന്തിനെ വീണ്ടും വായിയില്‍ ഖാന്റെ അടുത്തേക്കയച്ചു. ഖാന്റെ വരവ് ഉറപ്പിക്കാന്‍.
ഗോപിനാഥപന്ത് വായിയില്‍ എത്തി അഫ്സല്‍ഖാനെ കണ്ടു. ശിവാജിയുടെ ഭയഭീതമായ മനഃസ്ഥിതിയെ വര്‍ണിച്ചു. ഖാന് പറഞ്ഞു-ശിവാജി ഭയപ്പെടേണ്ടതില്ല അയാളുടെ കോട്ടകള്‍ അയാള്‍ക്കുതന്നെ കൊടുക്കാം-ഞാന്‍ ജാവളിയില്‍ വരാം എന്നും പറഞ്ഞു.
അഫ്സല്‍ഖാന്റെ ആനകളും ഒട്ടകങ്ങളും കുതിരകളും സൈന്യവും വ്യാപാരികളും ജാവളിയിലേക്ക് പുറപ്പെട്ടു. മൂന്ന് മൈല്‍ പര്‍വതം കയറി പത്ത് മൈല്‍ കാട് താണ്ടി വീണ്ടും മൂന്നുമൈല്‍ ഇറക്കം ഇറങ്ങിയാലെ പ്രതാപഗഡിന്റെ അടിഭാഗത്ത് എത്തുകയുള്ളൂ. സൈന്യത്തിന്റെ വസ്തുക്കള്‍, ആഹാരപദാര്‍ത്ഥങ്ങള്‍ എന്നിവ പുറത്ത് ചുമന്ന് പര്‍വതം കയറിക്കൊണ്ടിരുന്ന ആനകളും കുതിരകളും പല്ലക്ക് വാഹകരും അനുഭവപ്പെട്ട കഷ്ടതകള്‍ അള്ളായ്ക്ക് മാത്രമേ അറിയൂ. അവരുടെ ശരീരം രക്തവര്ണമായി മാറി.
പര്‍വതം കയറുമ്പോള്‍ ആനകളുടെ കാലുതട്ടി വീഴുന്ന പാറക്കല്ലുകള്‍കൊണ്ട് പിറകെ വരുന്ന സൈനികര്‍ക്ക് മുറിവുകള്‍ സംഭവിക്കുന്നുണ്ടായിരുന്നു. ബീജാപ്പൂരിന്റെ വിലാസികളായ സൈനികര്‍ക്ക് ഇങ്ങനെയുള്ള കഷ്ടം ഒരിക്കലും അനുഭവിക്കേണ്ടിവന്നിട്ടില്ല. തളര്‍ന്ന സൈനികര്‍ ദീര്ഘോച്ഛ്വാസം ചെയ്യുന്നുണ്ടായിരുന്നു. അവസാനം ഖാന് മഹാബലേശ്വരം കടന്നു കോയനാ താഴ്വരയിലെത്തി. ഇപ്പോള്‍ ജാവളി പ്രദേശം തന്റെ കയ്യില്‍ വന്നു എന്നു ചിന്തിച്ച് ഖാന് സന്തോഷിച്ചു. പ്രതാപഗഡിന്റെ ഒരു മൈല്‍ ദൂരെ ഖാന്റെ സേനാശിബിരം സ്ഥാപിച്ചു. ഖാന്റെ സൈന്യത്തിന്റെ ജല ആഹാരവ്യവസ്ഥ ശിവാജി തന്നെയായിരുന്നു ചെയ്തിരുന്നത്.
പ്രതാപഗഡില്‍ ആര്‍ക്കും ഉറക്കം ഉണ്ടായിരുന്നില്ല. എല്ലാവരും വ്യാകുലരായിരുന്നു. വലിയ തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ടായിരുന്നു. ചെറിയ ചെറിയ കാര്യങ്ങളിലും സൂക്ഷ്മ നിരീക്ഷണം ശിവാജി നടത്തുന്നുണ്ടായിരുന്നു. ഖാനുമായുള്ള കൂടിക്കാഴ്ച എവിടെ വച്ചായിരിക്കണം കൂടിക്കാഴ്ചാ മണ്ഡപത്തിന്റെ ശോഭ എങ്ങനെയായിരിക്കണം. തന്റെ വേഷം എങ്ങനെയുള്ളതായിരിക്കണം. എല്ലാ വിഷയങ്ങളിലും സൂക്ഷ്മ വിചാരം ചെയ്യുന്നുണ്ടായിരുന്നു. അതോടൊപ്പം ഖാന്റെ നടപടികളെക്കുറിച്ച് നിരീക്ഷണം ചെയ്യാനും വ്യവസ്ഥ ചെയ്തിട്ടുണ്ടായിരുന്നു. ചാരന്മാരില് കൂടി എല്ലാ വിവരങ്ങളും പെട്ടെന്ന് അറിയാനുള്ള വ്യവസ്ഥയും ഉണ്ടായിരുന്നു.
പരമ്പരപൂര്‍ണമായി വായിക്കാന്‍ താഴെ ക്ലിക്ക് ചെയ്യു:
Click Here: ചരിത്രം നിര്‍മിച്ച ഛത്രപതി
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: