കൊല്ലം: പെരുമണ്‍-പേഴുംതുരുത്ത് പാലത്തിന്റെ നിര്‍മാണ ഉദ്ഘാടന നടത്തുന്നത് ഇത് രണ്ടാംതവണ. പത്തുവര്‍ഷം മുമ്പ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ആദ്യത്തെ ഉദ്ഘാടനമുണ്ടായത്. എന്നാല്‍ പിന്നീട് സര്‍ക്കാരിനെതിരെ ശക്തമായ പ്രാദേശികവികാരമുയര്‍ന്നു. കൃത്യമായി പാക്കേജോ പുനരധിവാസനടപടിയോ പ്രഖ്യാപിക്കാതെയായിരുന്നു ഭൂമിയേറ്റെടുക്കാന്‍ ഉദ്ദേശിച്ചത്. ഇത് പ്രദേശവാസികളില്‍ പ്രതിഷേധം വ്യാപിക്കാനിടയാകുകയും വസ്തുഉടമകളായ ചിലര്‍ കോടതിയെ സമീപിക്കുകയും ചെയ്തതോടെയാണ് പാലം നിര്‍മാണം നീണ്ടുപോയി.
മണ്‍ട്രോതുരുത്ത്, പനയം നിവാസികളുടെ കാലങ്ങളായുള്ള യാത്രാക്ലേശത്തിന് പരിഹാരമാകുന്ന ഈ പണ്ടാലത്തിന്റെ നിര്മാണോദ്ഘാടനണ് ഇന്നലെ വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചത്. ശാസ്താംകോട്ട, കുന്നത്തൂര്‍ മേഖലയിലേക്കും തിരിച്ചും വേഗത്തിലെത്താന്‍ പാലം സഹായിക്കും. മണ്‍ട്രോത്തുരുത്തിന് പടിഞ്ഞാറ് കണ്ണങ്കാട് പാലം കൂടി യാഥാര്‍ഥ്യമായാല്‍ ശാസ്താംകോട്ടക്കാര്‍ക്ക് വലിയ യാത്രാസഹായവുമാകും.
നിലവില്‍ അഷ്ടമുടിക്കായലില്‍ കടത്തിന്റെ സഹായത്തോടെയാണ് ഇരുകരകളിലേക്കുമുള്ള ജനങ്ങളുടെ യാത്ര. പാലം യാഥാര്‍ഥ്യമാകുന്നതോടെ കൊല്ലത്തുനിന്നും മണ്‍ട്രോതുരുത്ത് വരെയുള്ള ദൂരം 10 കിലോമീറ്ററോളം കുറയും. കല്ലടയാറിന് കുറുകെയുള്ള കണ്ണങ്കാട് പാലം കൂടി പൂര്‍ത്തിയാകുന്നതോടെ ജില്ലാ ആസ്ഥാനത്തുനിന്ന് വടക്കന്‍ ജില്ലകളിലേക്കുള്ള യാത്രയും കൂടുതല്‍ സുഗമമാകും. പെരുമണ്‍ പണ്ടാലത്തിനായി കിഫ്ബിയില്‍ നിന്ന് 42 കോടി രൂപയാണ് അനുവദിച്ചത്. 396 മീറ്റര്‍ നീളവും 11.5 മീറ്റര്‍ വീതിയുമുള്ള പാലത്തിന്റെ ഇരുകരകളിലുമായി നിര്‍മിക്കുന്ന 900 മീറ്റര്‍ അപ്രേണ്ടാച്ച് റോഡിനുമായി ഭൂമി ഏറ്റെടുക്കാനുള്ള പാക്കേജിനും അനുമതിയുണ്ട്. എക്സ്ട്രാ ഡോസ്ഡ് പ്രീ സ്ട്രെസ്ഡ് ടൈപ്പ് സൂപ്പര്‍ സ്ട്രക്ച്ചറായി രൂപകല്പന ചെയ്ത പാലത്തിന് 30 മീറ്ററിന്റെ എട്ടു സ്പാനുകളും 42 മീറ്ററിന്റെ രണ്ടു സ്പാനുകളും 70 മീറ്ററിന്റെ ഒരു സ്പാനുമാണ് ഉള്ളത്.
പെരുമണ്‍, മണ്‍ട്രോതുരുത്ത്, അഷ്ടമുടി കായല്‍ എന്നിവിടങ്ങളിലെ ഭൂമിശാസ്ത്രപരമായ സൗന്ദര്യത്തിന് ഉതകുന്ന രീതിയിലുള്ള പുതിയ ഡിസൈനും ആധുനികസാങ്കേതികവിദ്യയുമാണ് പൊതുമരാമത്ത് ഡിസൈന്‍ വിഭാഗം പാലത്തിനായി ആവിഷ്കരിച്ചിരിക്കുന്നതെന്ന് ഇന്നലെ മുഖ്യമന്ത്രി അറിയിച്ചു. മന്ത്രി ജി. സുധാകരന് ചടങ്ങില്‍ അധ്യക്ഷനായി. എം. മുകേഷ് എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. എംപി എന്‍.കെ. പ്രേമചന്ദ്രന്, കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ എന്നിവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: