കൊട്ടാരക്കര: കോവിഡ് മാനദണ്ഡങ്ങള്‍ നോക്കാതെ വേലികളില്‍ കാട്ടുപൂക്കള്‍ വിരിയുകയാണ്. കാക്കപ്പൂവും താറാപ്പൂവുമൊക്കെ മണ്ഡലകാലത്ത് വീടകങ്ങളില്‍ വിളക്കിന് ചുറ്റും പൂക്കളം തീര്‍ക്കാന്‍ നേരത്തെ എത്തിത്തുടങ്ങിയിരിക്കുന്നു.
വൃശ്ചികം പുലരുന്നതോടെ ശരണഗീതികള്‍ക്കൊപ്പം ക്ഷേത്രങ്ങളില്‍ ചിറപ്പ് മഹോത്സവങ്ങള്‍ക്കും തുടക്കം കുറിക്കുന്നതാണ് പതിവ്. ഇക്കുറി എന്തെന്നും എങ്ങനെയെന്നും ഇനിയും തീര്‍പ്പായിട്ടില്ല. എങ്കിലും കാട്ടുവള്ളികളില്‍ പൂക്കള്‍ നിരന്നുതുടങ്ങിയിരിക്കുന്നു. പൂജയ്‌ക്കെടുക്കാത്ത കാട്ടുപൂക്കള്‍ പ്രിയമാണ് കാനനവാസന്‍ അയ്യന്. അതുകൊണ്ടാവണം ഓണക്കാലത്തെപോലെ അതിരാവിലെ കുരുന്നുകള്‍ വേലികളില്‍ പടരുന്ന കാക്കപ്പൂക്കള്‍ തിരഞ്ഞുപോകുന്നത്.
നിലവിളക്ക് തെളിച്ച് ചുറ്റിനും അവ നിരത്തി പൂക്കളം തയ്യാറാക്കുന്നതാണ് ഒരു വിശേഷം. മണ്ഡലകാല തീര്‍ഥാടനത്തിന് കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം ഭക്തരുടെ എണ്ണം കുറയുന്നതോടെ സാധാരണഗതിയില്‍ തിരക്കേറുന്ന സ്നാനഘട്ടങ്ങള്‍ ഇക്കുറി ശൂന്യമായേക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. എങ്കിലും പുനലൂരിലും കുളത്തൂപ്പുഴയിലുമൊക്കെ തീര്‍ഥാടകരെ പ്രതീക്ഷിച്ച് ചെറിയ തോതില്‍ ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക