ബ്യൂണസ് ഐറിസ്: അര്‍ജന്‍റീനന്‍ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ശസ്‌ത്രക്രിയക്ക് വിധേയനാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ശസ്‌ത്രക്രിയ വിജയകരമാണെന്നും മറഡോണയുടെ ഡോക്ടർ ലിയോപോൾഡോ ലൂക്ക് പറഞ്ഞു.
ദിവസങ്ങളായി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്ന മറഡോണയെ തിങ്കളാഴ്‌ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ജന്‍റീന തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ലാ പ്ലാറ്റയിലുള്ള സ്വകാര്യ ക്ലിനിക്കിലാണ് അര്‍ജന്‍റീനന്‍ ഇതിഹാസ താരത്തിന്റെ ചികില്‍സ. മറഡോണയുടെ അടിയന്തിര ശസ്‌ത്രക്രിയ വാര്‍ത്തയറിഞ്ഞ് ആശുപത്രി പരിസരത്ത് താരത്തിന്റെ ആരാധകരും ഇപ്പോള്‍ പരിശീലിപ്പിക്കുന്ന ജിംനാസിയുടെ ആരാധകരും തടിച്ചുകൂടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ ഹെപ്പറ്റൈറ്റിസ് ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ അലട്ടിയിരുന്ന ആളാണ് മറഡോണ. അടുത്തിടെയാണ് രണ്ട് ഹൃദയാഘാതങ്ങൾ അദ്ദേഹം നേരിട്ടത്. രക്തസമ്മർദ്ദം ഉൾപ്പെടെയുള്ള ജീവിതശൈലീരോഗങ്ങളും അദ്ദേഹത്തെ അലട്ടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: