രാജ്യത്ത് നിരോധനമുള്ള വിദേശ ഗവേഷണ ഏജന്‍സിക്ക് സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ കൈമാറിയും, അവരെ മരുന്നു പരീക്ഷണത്തിന് അനുവദിച്ചും കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ ദേശവിരുദ്ധവും ജനവിരുദ്ധവുമായ മുഖമാണ് വെളിപ്പെട്ടിരിക്കുന്നത്. പിഎച്ച്ആര്‍ഐ എന്ന പോപ്പുലേഷന്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് എന്ന കനേഡിയന്‍ കമ്പനിക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ കിരണ്‍ ആരോഗ്യ സര്‍വെ വഴി ശേഖരിച്ച പത്ത് ലക്ഷം പേരുടെ സ്വകാര്യ വിവരങ്ങള്‍ രഹസ്യമായി കൈമാറ്റം ചെയ്തിരിക്കുന്നത്. ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള പോളിപില്‍ എന്ന മരുന്ന് പേരുമാറ്റി ജനങ്ങളില്‍ പരീക്ഷണം നടത്തുന്നതിനും അനുമതി നല്‍കി. മുഖ്യമന്ത്രിയുടെ വിശ്വസ്തരായ ചില ഉദ്യോഗസ്ഥര്‍ ഇതിനായി വിദേശ സന്ദര്‍ശനം നടത്തിയെന്നും, കനേഡിയന്‍ കമ്പനി 500 കോടി രൂപയുടെ കോഴ കൈമാറ്റം ചെയ്തതായുമാണ് അറിയുന്നത്. സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ തൂക്കിവില്‍ക്കുന്ന ഈ ഇടപാടിന്റെ വിവരങ്ങള്‍ ആദ്യം പുറത്തുവന്നപ്പോള്‍ അത് നിഷേധിച്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇപ്പോള്‍ തെളിവുകള്‍ വെളിച്ചത്തായതോടെ കുറ്റകരമായ നിശ്ശബ്ദത പാലിക്കുകയാണ്. പിണറായിയുടെ പിന്‍ഗാമിയാവാന്‍ നടക്കുന്ന മന്ത്രി ശൈലജയുടെ കൈകളും ഈ ഇടപാടില്‍ ശുദ്ധമല്ലെന്നാണ് മനസ്സിലാക്കേണ്ടത്.
ഉമ്മന്‍ചാണ്ടിയുടെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മറ്റൊരു പേരില്‍ നടത്താന്‍ ശ്രമിച്ച ഈ ഡേറ്റാ കച്ചവടം അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്റെയും മറ്റും എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവച്ചതായിരുന്നു. അന്ന് ഈ പരിപാടിക്ക് നേതൃത്വം നല്‍കിയ മുതിര്‍ന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ കേന്ദ്രസര്‍ക്കാരിലേക്ക് പോയി. പിണറായി അധികാരത്തിലെത്തിയതോടെ ഇയാളെ തിരികെയെത്തിച്ചാണ് മറ്റൊരു പേരില്‍ പരിപാടിക്ക് വീണ്ടും തുടക്കം കുറിച്ചത്. സ്വന്തം ചികിത്സയ്‌ക്ക് അമേരിക്കയിലേക്കു പോകുന്ന മുഖ്യമന്ത്രി സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യത്തിനും
ജീവനും യാതൊരു വിലയും കല്‍പ്പിക്കുന്നില്ല എന്നാണ് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ വിലക്കുള്ള ഒരു വിദേശ കമ്പനിയുടെ മരുന്നു പരീക്ഷണത്തിന് അനുമതി നല്‍കിയതില്‍നിന്ന് തെളിയുന്നത്. കാനഡയില്‍ മൂന്നു മാസം മാത്രം നടത്തിയ പരീക്ഷണത്തിന് പ്രത്യാഘാതം വിലയിരുത്താതെ സംസ്ഥാനത്തെ ജനങ്ങളെ ഇരകളാക്കാന്‍ നിന്നുകൊടുക്കുകയായിരുന്നു ഇടതുമുന്നണി സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ സര്‍വെയുടെ മറവില്‍ ജനങ്ങള്‍ അറിയാതെയാണ് ഈ കൊടുംചതിയെന്നതിനാല്‍ നിസ്സാരമായി കാണാനാവില്ല. ജനങ്ങളുടെ ആരോഗ്യ ജീവിതം ഉറപ്പുവരുത്താന്‍ ബാധ്യസ്ഥനായ ഒരു ഭരണാധികാരി അവരെ കൊടിയ ദുരിതത്തിലേക്ക് തള്ളിവിടുകയായിരുന്നു.
പ്രളയകാലത്ത് പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ് ഹൗസുമായും, കൊവിഡ് കാലത്ത് സ്പ്രിങ്കഌറുമായും നടത്തിയ കോടികളുടെ ഡേറ്റ കച്ചവടം വലിയ പ്രതിഷേധത്തെ തുടര്‍ന്ന് ഇടതുമുന്നണി സര്‍ക്കാരിന് ഉപേക്ഷിക്കേണ്ടിവന്നു. എന്നാല്‍ അണിയറയില്‍ ഇതുപോലുള്ള മറ്റ് നിരവധി ഇടപാടുകളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നുവെന്നാണ് പുതിയ വിവാദം വിരല്‍ചൂണ്ടുന്നത്. മുഖ്യമന്ത്രി പിണറായിക്ക് വികസനമെന്നാല്‍ അഴിമതിയെന്നാണ് അര്‍ത്ഥം. വികസന പദ്ധതികളുടെ പേരില്‍ നടന്ന അഴിമതികളെക്കുറിച്ച് അന്വേഷിക്കുന്ന ഏജന്‍സികളെ നിയമവിരുദ്ധമായി തടയാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നത്. മുഖ്യമന്ത്രിക്ക് അഴിമതിയോടുള്ള ആര്‍ത്തിയാണ് ഇവിടെ പ്രകടമാവുന്നതെന്ന് പറയാതെ വയ്യ. അഴിമതിക്കുള്ള ഒരവസരവും പാഴാക്കാതിരിക്കുക, എന്ത് നിയമവിരുദ്ധ മാര്‍ഗങ്ങളും അതിന് അവലംബിക്കുക എന്നതാണ് പിണറായിയുടെ രീതി. സ്വര്‍ണ കള്ളക്കടത്തിലും ലൈഫ് മിഷന്‍ പദ്ധതി അഴിമതിയിലും മുഖ്യമന്ത്രിയുടെ കരങ്ങള്‍ ശുദ്ധമല്ലെന്ന് ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ വ്യക്തമായി വരുമ്പോഴാണ് പുതിയ പുതിയ അഴിമതിയാരോപണങ്ങളുടെ അസ്ഥികൂടങ്ങള്‍ സര്‍ക്കാരിന്റെ അലമാരയില്‍നിന്ന് പുറത്തുവീഴുന്നത്. ഇത്തരമൊരു സര്‍ക്കാര്‍ തുടരുന്നത് എല്ലാ അര്‍ത്ഥത്തിലും സംസ്ഥാനത്തിന്റെ താല്‍പ്പര്യത്തിന് വിരുദ്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: