സിഡ്നി: ചെന്നൈ സൂപ്പര്‍ കിങ്സിനായി അവസാന മത്സരം കളിച്ച് ക്രിക്കറ്റിനോട് വിട പറയാനായതില്‍ സന്തോഷമെന്ന് മുന്‍ ഓസ്ട്രേലിയന്‍ താരം ഷെയ്ന് വാട്സണ്. എന്നും തനിക്ക് പ്രാധാന്യം നല്കി അര്‍ഹിച്ച പിന്തുണ നല്കിയ ടീമാണ് ചെന്നൈ. അവര്‍ക്കൊപ്പം കരിയര്‍ അവസാനിപ്പിക്കുന്നതില്‍ പ്രത്യേക സന്തോഷമുണ്ടെന്നും വാട്സണ് പറഞ്ഞു. വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം വാട്സണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. 2016ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച വാട്സണ് കഴിഞ്ഞ വര്‍ഷം വരെ ഓസ്ട്രേലിയന്‍ ട്വന്റി20 ലീഗായ ബിഗ്ബാഷിലും കളിച്ചിരുന്നു.
വാട്സന്റെ ട്വിറ്റര്‍ പോസ്റ്റ് ഇങ്ങനെ:
‘കുട്ടിയായിരുന്നപ്പോള്‍ ടെസ്റ്റ് മത്സരം കാണുന്നതിനിടെ അമ്മയോട് തമാശയായി പറഞ്ഞു, എനിക്കും ക്രിക്കറ്റ് കളിക്കണം. പിന്നീട് ഓസ്ട്രേലിയയ്ക്കായി കളിച്ചു. ആഗ്രഹിച്ചതെല്ലാം നേടി. സ്വപ്നത്തിലൂടെയുള്ള യാത്രയ്ക്ക് അവസാനം കുറിക്കുന്നത് എളുപ്പമല്ല. കളി നിര്‍ത്തേണ്ട സമയമാണിത്. ചെന്നൈക്കായി കളിച്ച് വിരമിക്കുന്നതില്‍ സന്തോഷം മാത്രം. അച്ഛനോടും അമ്മയോടും നന്ദി പറയുന്നു. ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചാണ് അവരെന്നെ സ്വപ്നങ്ങളിലെത്തിച്ചത്. കരിയറിലുടനീളം പിന്തുണ തന്ന സഹോദരി നിക്കോളയ്ക്കും നന്ദി. കുടുംബത്തോടൊപ്പം പുതിയ ജീവിതം തുടങ്ങുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍.’
ഓസ്ട്രേലിയയ്ക്കായി വാട്സണ് 59 ടെസ്റ്റും 190 ഏകദിനവും 58 ട്വന്റി20യും കളിച്ചു. 10,950 റണ്‍സും 291 വിക്കറ്റും നേടി. 145 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് നാല് സെഞ്ചുറിയടക്കം 3874 റണ്‍സ് അടിച്ചെടുത്തു. 92 വിക്കറ്റുകളും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: