വെല്ലിങ്ങ്ടണ്‍: ന്യൂസിലന്‍ഡിലെ ജസിന്ത ആര്ഡന് മന്ത്രിസഭയില്‍ ആദ്യമായി ഒരു മലയാളി മന്ത്രി. ലേബര്‍ പാര്‍ട്ടി പ്രതിനിധി പ്രിയങ്ക രാധാകൃഷ്ണന് (41) ആണ് ന്യൂസിലന്‍ഡില്‍ ആദ്യമായി ഒരു ഇന്ത്യന്‍ വംശജ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം തവണയാണ് പ്രിയങ്ക പാര്‍ലമെന്റില്‍ എത്തിയത്. സാമൂഹിക, യുവജനക്ഷേമം, സന്നദ്ധ മേഖല എന്നിവയുടെ ചുമതലയാണ് മന്ത്രിസഭയില്‍ പുതുമുഖമായ അവര്‍ക്ക് നല്‍കിയത്. എറണാകുളം ജില്ലയിലെ പറവൂര്‍ മാടവനപ്പറമ്പ് രാമന് രാധാകൃഷ്ണന് – ഉഷ ദമ്പതികളുടെ മകളാണ് പ്രിയങ്ക. മാതാപിതാക്കള്‍ മലയാളികളാണെങ്കിലും പ്രിയങ്ക ജനിച്ചത് ചെന്നൈയിലായിരുന്നു.
ഇവിടെയാണ് ഇവരുടെ ബന്ധുക്കളിലേറെയും ഇപ്പോള്‍ ഉള്ളത്. കുട്ടിക്കാലത്ത് സിംഗപ്പൂരിലേക്ക് താമസം മാറിയ ഇവര്‍ ബിരുദാനന്തര ബിരുദ പഠനത്തിനായാണ് ന്യൂസിലന്‍ഡില്‍ എത്തിയത്. വെല്ലിങ്ടണ്‍ വിക്ടോറിയ സര്‍വകലാശാലയിലാണ് പഠനം പൂര്‍ത്തിയാക്കിയത്. പതിനാല് വര്‍ഷക്കാലം ന്യൂസിലന്‍ഡില്‍ ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകയായിരുന്നു പ്രിയങ്ക.
2017ല്‍ ആണ് ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2019 ല്‍ മന്ത്രിയായിരുന്ന ജെന്നി സെയില്‍സയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ക്രൈസ്റ്റ് ചര്‍ച്ച് സ്വദേശിയും ഐടി ഉദ്യോഗസ്ഥനുമായ റിച്ചാര്ഡ്സണ് ആണ് പ്രിയങ്കയുടെ ഭര്‍ത്താവ്.
പറവൂരിന് അഭിമാനമായി പ്രിയങ്ക
പറവൂര്‍: ന്യൂസിലന്‍ഡ് മന്ത്രിസഭയില്‍ അംഗമായതോടെ എറണാകുളം പറവൂരിന് അഭിമാനമായി പ്രിയങ്ക രാധാകൃഷ്ണന്. ന്യൂസിലന്‍ഡില്‍ മന്ത്രിയാകുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ബഹുമതിയും പ്രിയങ്കയ്ക്ക് തന്നെ. പറവൂര്‍ നഗരസഭ ഏഴാം വാര്‍ഡില്‍ മൂകാംബിക്ഷേത്രത്തിന് കിഴക്കുവശമാണ് പ്രിയങ്കയുടെ തറവാട്ട് വീട്. കേസരി എ. ബാലകൃഷ്ണപിള്ളയുമായി പ്രിയങ്കയ്ക്ക് ബന്ധമുണ്ട്. പ്രിയങ്കയുടെ അച്ഛന് രാധാകൃഷ്ണന്റെ തറവാട് കേസരി കുടുംബമാണ്. രാധാകൃഷ്ണന്റെ അമ്മയുടെ അമ്മ പങ്കജാക്ഷിയമ്മയുടെ സഹോദരി ഗൗരിയമ്മയാണ് കേസരിയുടെ ഭാര്യ.
ചെറുപ്രായത്തില്‍ത്തന്നെ മാതാപിതാക്കള്‍ക്കൊപ്പം ഇന്ത്യയില്‍നിന്ന് പോയ പ്രിയങ്ക, സിങ്കപ്പൂരിലാണ് പഠിച്ചത്. ഉപരിപഠനത്തിനായാണ് 2004 ല്‍ ന്യൂസിലന്‍ഡിലേക്ക് പോയി. വിക്ടോറിയ സര്‍വകലാശാലയില്‍ നിന്ന് ഡവലപ്പ്മെന്റ് സ്റ്റഡീസില്‍ മാസ്റ്റര്‍ ബിരുദം നേടി ന്യൂസിലാന്‍ഡില്‍ തന്നെ തുടരുകയായിരുന്നു.
മന്ത്രിയാകും മുന്‍പ് വിവിധ സംഘടനകളില്‍ അംഗമായി പ്രവര്‍ത്തിച്ചു. ഏഷ്യ ന്യൂസിലന്‍ഡ് ഫൗണ്ടഷേന്‍ ലീഡര്‍ഷിപ്പ് നെറ്റ് വര്‍ക്കിലെ അംഗമാണ്. നാഷണല്‍ കൗണ്‍സില്‍ ഓഫ് വുമണ്‍, യുഎന്‍ വുമണ്‍ എന്നിവയിലും പ്രിയങ്ക അംഗമാണ്. ന്യൂസിലന്റ് സ്വദേശി ഐടി ജീവനക്കാരനായ റിച്ചാര്‍ഡാണ് ഭര്‍ത്താവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: