മലപ്പുറം: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസാക്കി ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ വളച്ചൊടിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാനുള്ള നീക്കം സജീവം. മുസ്ലിം മതത്തിനെതിരാണ് തീരുമാനമെന്ന പ്രചാരണത്തിനാണ് സമൂഹമാധ്യമങ്ങളിലൂടെ ഇടത്-വലത് മുന്നണികള്‍ തുടക്കമിട്ടത്.
ലീഗിന്റെ അഭ്യര്‍ത്ഥന പ്രകാരം മുസ്ലിം പണ്ഡിതരുടെ സംഘടനയായ സമസ്തയാണ് യുഡിഎഫിന് വേണ്ടി രംഗത്തെത്തിയത്. വിവാഹപ്രായം 21 ആക്കുന്നത് സാംസ്‌കാരിക അധഃപതനത്തിനും മൂല്യച്യുതിക്കും കാരണമാകുമെന്നും പെണ്‍കുട്ടികളുടെ ശാരീരിക-മാനസിക ആവശ്യങ്ങളുടെ നിരാകരണവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന ന്യായീകരണം നേരത്തെ സമസ്ത ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പില്‍ ഇത് ഉപയോഗിക്കാന്‍ യുഡിഎഫ് തീരുമാനിച്ചത്. സമസ്ത നേതാക്കളുമായി മുസ്ലിം ലീഗ് നേതൃത്വം ചര്‍ച്ച നടത്തിയതായും വിവരങ്ങളുണ്ട്. അതിനിടെ വിവാഹപ്രായം ഉയര്‍ത്തരുതെന്ന് ആവശ്യപ്പെട്ട് വനിതാ ലീഗ് നേതൃത്വം പ്രധാനമന്ത്രിക്ക് കത്തും അയച്ചു.
യുഡിഎഫിന് പിന്നാലെ മുസ്ലിം വോട്ടുകള്‍ ലക്ഷ്യമിട്ട് എല്‍ഡിഎഫും രംഗത്തെത്തി. തങ്ങളോട് അടുത്ത് നില്‍ക്കുന്ന എപി വിഭാഗത്തെ കൂട്ടുപിടിക്കാനാണ് സിപിഎം ശ്രമം. സ്ത്രീവിരുദ്ധ നിലപാടുകള്‍ നിരന്തരം സ്വീകരിക്കുന്ന എപി വിഭാഗത്തിന്റെ സഹായം എത്രത്തോളം പ്രയോജനപ്പെടുമെന്ന ആശങ്കയും എല്‍ഡിഎഫ് ക്യാമ്പിനുണ്ട്. മുത്തലാഖ് നിരോധനം, പൗരത്വ നിയമ ഭേദഗതി തുടങ്ങിയവയും മുസ്ലിം വിരുദ്ധമാണെന്ന ചര്‍ച്ചയ്‌ക്ക് വീണ്ടും ഇരുമുന്നണികളും തുടക്കം കുറിച്ചു. വിശ്വാസികളെ ഭീതിയിലാഴ്‌ത്തി വോട്ട് നേടാനുള്ള നീക്കത്തിലാണ് ഇരുപക്ഷവും.
വിവാഹപ്രായം ഉയര്‍ത്തുന്നതിനെ അനുകൂലിച്ച് ചില പുരോഗമന മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ബിജെപി പക്ഷക്കാരാണെന്ന് പ്രചരിപ്പിച്ച ഇത്തരക്കാരെ പ്രതിരോധിക്കാനാണ് ഇടതു-വലത് കക്ഷികള്‍ ശ്രമിക്കുന്നത്.
വ്യാജപ്രചാരണങ്ങളും സജീവം
മലപ്പുറം: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസാക്കി ഉയര്‍ത്തുന്നത് സംബന്ധിച്ച് വ്യാജ പ്രചാരണങ്ങളും സജീവം. ഈ മാസം മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഇത് വിശ്വസിച്ച് കൊറോണ മൂലം മുടങ്ങിയതും നീട്ടിവച്ചതുമായ കല്യാണങ്ങള്‍ ദ്രുതഗതിയില്‍ നടത്താനുള്ള ഒരുക്കത്തിലാണ് രക്ഷിതാക്കള്‍. നിരോധനാജ്ഞ നിലനില്‍ക്കെയും ഒക്ടോബറില്‍ മലപ്പുറം ജില്ലയില്‍ മാത്രം നിരവധി കല്യാണങ്ങളാണ് കഴിഞ്ഞത്. ഇതിനോടകം വിവാഹം ഉറപ്പിച്ച 21ന് താഴെ പ്രായമുള്ളവരുടെ കുടുംബങ്ങളാണ് ആശങ്കയിലായത്. പ്രായം ഉയര്‍ത്തിയാല്‍ കാത്തിരിക്കേണ്ടിവരുമെന്ന ചിന്തയിലാണ് ചുരുങ്ങിയ ചടങ്ങുകളില്‍ നിക്കാഹുകള്‍ പെട്ടെന്ന് നടത്തിയത്.
വിവാഹപ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് പഠനങ്ങള്‍ നടക്കുകയാണെന്നും അതിന് ശേഷമായിരിക്കും തീരുമാനം കൈക്കൊള്ളുകയെന്നും പ്രധാനമന്ത്രി അടുത്തിടെ വ്യക്തമാക്കിയിരുന്നു. മാതൃമരണ നിരക്ക് കുറയ്‌ക്കുക, ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കുക, വിളര്‍ച്ചയും പോഷകാഹാരക്കുറവും ഇല്ലാതാക്കുക എന്നിവയാണ് വിവാഹപ്രായം ഉയര്‍ത്തുന്നതിന്റെ ലക്ഷ്യമായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്. പക്ഷേ ഇതെല്ലാം മതവിരോധമായി ചൂണ്ടിക്കാട്ടിയാണ് വ്യാജപ്രചാരണങ്ങള്‍ ഊഹാപോഹങ്ങള്‍ സഹിതം അരങ്ങുതകര്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: