തിരുവനന്തപുരം: കെഎസ്ഇബിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കെ ഫോണ്‍ പദ്ധതിയുടെ അഴിമതി തുകയില്‍ 30 കോടി കമ്മീഷന് നല്‍കിയതായി സൂചന. ദുബായ്യില് തുക കൈമാറ്റം നടന്നതായാണ് വിവരം.
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, റെയില്‍ ടെല്‍, എല്‍എസ് കേബിള്‍, എസ്ആര്‍ഐറ്റി എന്നീ കമ്പനികള്‍ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യത്തിനാണ് കരാര്‍ ലഭിച്ചത്. ടെന്‍ഡര്‍ തുകയേക്കാള്‍ 49 ശതമാനം കൂട്ടി കരാര്‍ നല്‍കുകയായിരുന്നു. 1028 കോടിയായിരുന്നു ടെന്‍ഡര്‍, എന്നാല്‍ കരാര്‍ നല്‍കിയത് 1531 കോടിക്കും. മന്ത്രിസഭാ തീരുമാനം പോലും വരും മുമ്പേ ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ചെയര്‍മാനായിരുന്ന എം. ശിവശങ്കര്‍ കരാര്‍ നല്കാന് നിര്‍ദേശിക്കുകയായിരുന്നു.
ഇവര്‍ക്കായി ടെന്‍ഡര്‍ തുക കൂട്ടി നല്കിയതിനുള്ള കമ്മീഷന് തുകയില്‍ 30 കോടിയോളം രൂപ ദുബായ് സന്ദര്‍ശനത്തിനിടെ ശിവശങ്കറിന് കൈമാറിയെന്നാണ് എന്‍ഫോഴ്സ്മെന്റിന് ലഭിച്ചിട്ടുള്ള സൂചനകള്‍. ഇതിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ചീഫ് സെക്രട്ടറിയോട് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ചുള്ള ഫയലുകള്‍ എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പട്ടത്.
കെഎസ്ഇബിയും കെഎസ്ഐറ്റിഐഎല്ലും ചേര്‍ന്നുള്ള സംയുക്ത സംരംഭം കെ ഫോണ്‍ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. എന്നാല്‍, ഇതിന്റെ പൂര്‍ണ മേല്‍നോട്ടം കെഎസ്ഇബിയില്‍ നിന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ശിവശങ്കര്‍ ഏറ്റെടുക്കുകയായിരുന്നു. ഇത് വന്‍ അഴിമതി നടത്തുന്നതിന്റെ ഭാഗമായിരുന്നു എന്നാണ് വിലയിരുത്തല്‍.
കിഫ്ബിയില്‍ നിന്നും പദ്ധതിക്കായി 823 കോടി അനുവദിച്ചിട്ടുണ്ട്. കെഎസ്ഇബി കമ്മ്യൂണിക്കേഷന്‍ വിഭാഗമാണ് പദ്ധതി നടപ്പിലാക്കേണ്ടിയിരുന്നത്. അങ്ങനെ ആയിരുന്നുവെങ്കില്‍ നിരവധി പേര്‍ക്ക് തൊഴിലവസരം ലഭിക്കുക കൂടി ചെയ്യുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: