അമ്പലപ്പുഴ: അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയില്‍ റോഡ് വീണ്ടും തകര്‍ന്നതിന് പിന്നില്‍ അഴിമതിയെന്ന് ആക്ഷേപം. കഴിഞ്ഞ ദിവസമാണ് അമ്പലപ്പുഴ ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തായി കുടിവെള്ള പൈപ്പ് ലൈന്‍ പൊട്ടിയതിനെത്തുടര്‍ന്ന് റോഡ് തകര്‍ന്നത്. സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് സൊസൈറ്റിയാണ് അമ്പലപ്പുഴ മുതല്‍ പൊടിയാടി വരെ റോഡ് നിര്‍മിച്ചത്. തകഴിയില്‍ ഒന്നര കിലോമീറ്ററോളം നാല്‍പ്പതിലധികം തവണ കുടിവെള്ള പൈപ്പ് ലൈന്‍ പൊട്ടിയത് വലിയ വിവാദമായിരുന്നു.
പൈപ്പ് ലൈനിന്റെ അറ്റകുറ്റപ്പണിക്കായി റോഡ് പൊളിക്കുന്നതും പിന്നീട് ഇതിന്റെ അറ്റകുറ്റപ്പണി നടത്തുന്നതും നിര്‍മാണച്ചുമതല ഏറ്റെടുത്ത സൊസൈറ്റിയാണ്. മൂന്നു വര്‍ഷമാണ് റോഡിന്റെ കാലാവധി.
ഇതിനുള്ളില്‍ റോഡിന്റെ തകരാറ് പരിഹരിക്കേണ്ടത് ഈ സൊസൈറ്റി തന്നെയാണ്. എന്നാല്‍ കുടിവെള്ള പൈപ്പ് ലൈന്‍ പൊട്ടി വെള്ളം പാഴായാലുടന് റോഡ് തകരുന്നത് നിര്‍മാണത്തിലെ പിഴവാണെന്നാണ് ആക്ഷേപം. പൊതുമരാമത്ത് വകുപ്പ് നിര്‍ദേശിച്ച ഗുണനിലവാരത്തിലല്ല ഈ റോഡ് പുനര്‍ നിര്‍മിച്ചതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
കിലോമീറ്ററിന് ഒരു കോടി രൂപാ ചെലവില്‍ നിര്‍മിച്ച റോഡാണ് വെള്ളം വീണ് തകരുന്നത്. 69 കോടി രൂപാ ചെലവില്‍ നിര്‍മിച്ച ഈ റോഡിന്റെ നിര്‍മാണത്തില്‍ വലിയ അഴിമതി നടന്നതിന്റെ തെളിവായി ഇത് മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: