വിയന്ന: ഫ്രാന്‍സില്‍ പ്രവാചകനിന്ദ ആരോപിച്ച് ഇസ്ലാമിക തീവ്രവാദികള്‍ ആക്രമണം തുടരുന്നതിനിടെ മറ്റൊരു യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയിലും ഭീകരാക്രമണം. ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ ആറിടങ്ങളിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഒരു ഭീകരനുള്‍പ്പടെ മൂന്നു പേര് കൊല്ലപ്പെട്ടു. പതിനഞ്ചു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ പൊലീസുകാരനും ഉള്‍പ്പെടും. പ്രാദേശിക സമയം രാത്രി എട്ടു മണിയോടെയാണ് വെടിവയ്പുണ്ടായത്. നഗര മധ്യത്തിലെ സജീവമായ തെരുവുകളില്‍ രാത്രി എട്ടിനു ശേഷം നിരവധി തവണ വെടിയുതിര്‍ത്തതായി പൊലീസ് പറഞ്ഞു. തോക്കുധാരികള്‍ തെരുവിലൂടെ നടക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെങ്കിലും അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വീണ്ടും പ്രഖ്യാപിച്ച ലോക്ഡൗണിനു തൊട്ടുമുന്‍പ് വിയന്നയിലെ കഫേകളിലും റസ്റ്ററന്റുകളിലും എത്തിയ ആളുകള്‍ക്കു നേരെ തോക്കുധാരികള്‍ വെടിയുതിര്‍ത്തിര്‍ക്കുകയായിരുന്നു. അക്രമികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഭീകരരില്‍ ഒരാളെ വധിച്ചെങ്കിലും നിരവധി ഭീകരര്‍ ഇപ്പോഴും പുറത്ത് വിലസുകയാണെന്നു ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് വ്യക്തമാക്കി. വിയന്നയിലെ പ്രധാന സിനഗോഗിനു പുറത്ത് വെടിവയ്പ് നടന്നതിനാല്‍ യഹൂദ വിരുദ്ധ ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും കുര്‍സ് പറഞ്ഞു. ആക്രമണം നടക്കുമ്പോള്‍ സിനഗോഗ് അടച്ചിട്ടിരിക്കുകയായിരുന്നു.
തോക്കുധാരികളെ പിന്തുടരാന് പൊലീസിനെ നിയോഗിച്ചതിനാല്‍ നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ കാവല്‍ ഏര്‍പ്പെടുത്താന്‍ സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി കാള്‍ നെഹമ്മര്‍ പറഞ്ഞു. ഭീകരപ്രവര്‍ത്തനം കൊണ്ട് ഭീഷണിപ്പെടുത്താന്‍ ഒരിക്കലും അനുവദിക്കില്ലെന്നും എല്ലാവിധത്തിലും ഈ ആക്രമണങ്ങളെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫ്രാന്‍സിന് ശേഷം ആക്രമിക്കപ്പെട്ട ഒരു സൗഹൃദ രാജ്യമാണിത്. ഇതാണ് നമ്മുടെ യൂറോപ്പ്, പക്ഷെ നമ്മള് വഴങ്ങിക്കൊടുക്കില്ലെന്ന് ”ഫ്രഞ്ച് പ്രസിഡന്റ് മക്രോണ്‍ ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: