ബെംഗളൂരു : സ്വര്‍ണക്കടത്ത് കേസിലെ പ്രതി അബ്ദുള്‍ ലത്തീഫ് ബിനീഷിന്റെ ബിനാമിയെന്ന് വെളിപ്പെടുത്തലുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അബ്ദുള്‍ ലത്തീഫുമായി ബിനീഷിന് വ്യാപാര ബന്ധങ്ങള്‍ ഉള്ളതായും അന്വേഷണ സംഘം വിവരം പുറത്തുവിട്ടിട്ടുണ്ട്. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ലഹരികടത്തിലൂടെ ലഭിച്ചിരുന്ന പണം ലത്തീഫാണ് കൈകാര്യം ചെയതിരുന്നത്. തിരുവനന്തപുരത്തായി പ്രവര്‍ത്തിക്കുന്ന ഓള്‍ഡ് കോഫി ഹൗസ് എന്ന സ്ഥാപനത്തില്‍ ഇരുവര്‍ക്കും പങ്കാളിത്തമുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കമ്പനി രേഖകളെല്ലാം പരിശോധിച്ചു വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും എന്‍ഫോഴ്സ്മെന്റ് തീരുമാനിച്ചിട്ടുണ്ട്.
2012 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ബിനീഷ് കോടിയേരി വിവിധ അക്കൗണ്ടുകളിലൂടെ മയക്കുമരുന്ന് കേസിലെ മുഖ്യപ്രതി മുഹമ്മദ് അനൂപിന് 5,17,36,600 രൂപ കൈമാറിയിട്ടുണ്ട്. ഇതേ കാലയളവില്‍ ബിനീഷ് ആദായ നികുതി വകുപ്പിന് നല്കിയ കണക്കുമായി ഈ തുക ഒട്ടും ഒത്തു പോകുന്നതല്ല. ഈ പണം മയക്കുമരുന്ന് കച്ചവടത്തിലൂടെ സമാഹരിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മുഹമ്മദ് അനൂപ്, റിജേഷ് രവീന്ദ്രന് എന്നിവരെ ബിനാമിയാക്കിയും ബിനീഷ് കേരളത്തിലും കര്‍ണാടകത്തിലും ഇവന്റ് മാനേജ്മെന്റ് കമ്പനികളും ബിനീഷ് രൂപീകരിച്ചിട്ടുണ്ട്. ഈ കമ്പനികള്‍ കേന്ദ്രീകരിച്ചും എന്‍ഫോഴ്സ്മെന്റ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ബിനീഷ് ദുബായിലായിരിക്കുന്ന സമയത്ത് പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിനെ കുറിച്ചും തങ്ങള്‍ക്ക് കൂടുതലന്വേഷിക്കണം. ബിനീഷ് കൊക്കെയ്നടക്കമുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിച്ചതായും, ലഹരിവസ്തുക്കള്‍ വില്പന നടത്തിയതായും അന്വേഷണത്തിനിടെ ചിലര്‍ തങ്ങള്‍ക്ക് മൊഴി നല്‍കിയിട്ടുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: