ന്യൂദല്‍ഹി: കായികലോകത്തെ ഞെട്ടിച്ച് ഒളിമ്പിക്സ് വെള്ളിമെഡല്‍ ജേതാവായ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിന്റെ വിരമിക്കല്‍ പ്രഖ്യപാനം. ‘ഡെന്മാര്ക്ക് ഓപ്പണാണ് അവസാനത്തേത്, ഞാന്‍ വിരമിക്കുന്നു’ എന്ന് ആരംഭിക്കുന്ന ട്വിറ്റിലൂടെയാണ് സിന്ധു ആരാധകരെ ഞെട്ടിച്ചത്. എന്നാല്‍ ടിറ്റിന്റെ വിശദാംശങ്ങിലേക്ക് പോകുമ്പോള്‍ ബാഡ്മിന്റണില്‍ നിന്നല്ല സിന്ധു വിരമിക്കുന്നതെന്ന് വ്യക്തമാകും.
കൊറോണ മഹാമാരി തീര്‍ത്ത അനിശ്ചിതാവസ്ഥയില്‍ നിന്ന് ഞാന്‍ വിരമിക്കുകയാണ്. കണ്ണുതുറപ്പിക്കുന്ന ഒരു അനുഭവമാണ് കൊറോണ കാലം. കരുത്തരായ എതിരാളികള്‍ക്ക് എതിരെ അവസാന നിമിഷം വരെ പൊരുതിനില്ക്കാന് കഠിന പരിശീലനം നടത്താന്‍ എനിക്ക് കഴിയും. എന്നാല്‍ ലോകത്തെ നിശ്ചലാവസ്ഥയിലേക്ക് തള്ളിവിട്ട വൈറസിനെ ഞാന്‍ എങ്ങിനെയാണ് തോല്‍പ്പിക്കുക. മാസങ്ങളായി വിട്ടിലിരിക്കാന്‍ തുടങ്ങിയിട്ട്. അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. ഈ അനിശ്ചിതാവസ്ഥയില്‍ നിന്ന് വിരമിക്കുകയാണ്.
ഡെന്മാര്ക്ക് ഓപ്പണ്‍ നടക്കില്ലെന്ന് ഉറപ്പാണ്. അതുകൊണ്ടു മാത്രം ഞാന്‍ പരിശീലനം മുടക്കില്ല. ജീവിതം നമ്മളെ തേടിവരുമ്പോള്‍ വര്‍ധിത ഊര്‍ജത്തോടെ നമ്മളും പ്രതികരിക്കണം. ഏഷ്യാ ഓപ്പണിന്റെ കാര്യത്തില്‍ അതാണ് എന്റെ നിലപാട്. മടിപിടിച്ചിരിക്കാതെ ശക്തമായി പൊരുതാനാണ് തീരുമാനം. ഈ ഭയത്തെ പൊരുതിത്തോല്പ്പിക്കാതെ മടങ്ങാന്‍ തയ്യാറല്ല. നമുക്ക് സുരക്ഷിതമായ ഒരു ലോകം ലഭിക്കുന്നത് വരെ പോരാട്ടം തുടരും-സിന്ധു ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: