Categories: Samskriti

ജീവാത്മാവും പരമാത്മാവും ഒന്നുതന്നെ

വിവേകചൂഡാമണി 173

സോളയം ദേവദത്ത:- ആ ദേവദത്തനാണിവന്‍ എന്ന വാക്യത്തിലെ ആ എന്നതും ഇവന്‍ എന്നതും വിട്ട് ഐക്യം പറയുന്നതു പോലെയാണ് തത്ത്വമസി മഹാവാക്യ പ്രകാരത്തിലുമുള്ളത്.

തത്ത്വമസി – തത് ത്വം അസി – അത് നീ ആകുന്നു എന്ന വാക്യത്തിലെ ജീവേശ്വരന്‍മാരുടെ വിരുദ്ധ ധര്‍മ്മങ്ങളെ തള്ളിയിട്ട് അറിവുള്ളവര്‍ അഖണ്ഡഭാവത്തെ അനുഭവമാക്കുന്നു. നിരവധി ശ്രുതി വാക്യങ്ങള്‍ ബ്രഹ്മത്തിന്റെയും ആത്മാവിന്റെയും ഐക്യത്തെ കാണിക്കുന്നുണ്ട്.

മുമ്പ് എന്നോ എവിടെയോ കണ്ട അതേ ദേവദത്തനെയാണ് ഇന്ന് ഇപ്പോള്‍ ഇവിടെ കാണുന്നത് എന്ന് പറയുമ്പോള്‍ ദേശവും കാലവും വേറെയാകുന്നു. അതിനാല്‍ അവയെ തള്ളിക്കളഞ്ഞ് ദേവദത്തന്‍ എന്ന വ്യക്തിയെ മാത്രം എടുത്താല്‍ ഐക്യമായി.

തത്ത്വമസി മഹാവാക്യമെടുക്കുമ്പോള്‍ തത്പദം കുറിക്കുന്ന കാരണ ഉപാധിയായ ഈശ്വരനും ത്വം പദം കുറിക്കുന്ന കാര്യോപാധിയായ ജീവനും ഒന്നെന്ന് അറിയണം. അതിന് അവയുടെ ഉപാധികളെ തള്ളിയാല്‍ ഐക്യമായി. അത് രണ്ടിലും ഒരുപോലെയിരിക്കുന്ന ചിന്മാത്രത്തെ മാത്രം എടുക്കലാണ്.

നമ്മുടേയും ഈശ്വരന്റെയും സത്ത ഏകമായ ശുദ്ധ ചിന്മാത്രമാണെന്ന് ജ്ഞാനികള്‍ അറിയുന്നു. അവ രണ്ടും വേറെയല്ല ഒന്നാണെന്ന് ആത്മജ്ഞാനികള്‍ പ്രഖ്യാപിക്കുന്നു. ഇത്തരത്തില്‍ നൂറു കണക്കിന് ശ്രുതി വാക്യങ്ങള്‍ ജീവ-ബ്രഹ്മ ഐക്യത്തെ സ്ഥാപിക്കുന്നുണ്ട്.

നാം ഈ ശരീരത്തിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ വിഷയവസ്തുക്കള്‍ ദൃശ്യമാകുന്നു. ശരീരത്തിന് അതീതമായാല്‍ ദൃശ്യപ്രപഞ്ചം ഇല്ലാതാവും. മനസ്സിന് അതീതമായാല്‍ വികാരങ്ങളും ബുദ്ധിയ്‌ക്ക് അതീതമായാല്‍ വിചാരങ്ങളും ഇല്ലാതാവും. വിഷയ വികാര വിചാരങ്ങള്‍ ഇല്ലാതായാല്‍ പിന്നെ ശുദ്ധ ബോധമായ ചിന്മാത്രം തന്നെയാണ് അവശേഷിക്കുക.

ആ ചിന്മാത്ര സ്വരൂപനാണ് ഞാന്‍. കേവല ബോധമായ ഞാന്‍ നോക്കുമ്പോള്‍ വിഷയങ്ങളോ വികാരങ്ങളോ വിചാരങ്ങളോ ഒന്നും തന്നെ കാണില്ല. അവയൊക്കെ ഉപാധികളുമായി ബന്ധപ്പെട്ടവയാണ്. ഉപാധികളെ എടുത്ത് മാറ്റിയാല്‍ അവയിലൂടെ ദൃശ്യമാകുന്നവയൊക്കെ ഇല്ലാതാവും. അപ്പോള്‍ അകവും പുറവും സര്‍വത്ര നിറഞ്ഞ ശുദ്ധ ചിന്മാത്രമായിരിക്കും ദര്‍ശിക്കുക. അത് ഞാന്‍ തന്നെയാണ്. ഈ അര്‍ത്ഥത്തിലാണ് ജീവാത്മാവും പരമാത്മാവും ഒന്ന് തന്നെയെന്ന് ശ്രുതി പറയുന്നത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക