ധ്യാനാവസ്ഥ
ശ്ലോകം 250
അസ്ഥൂലമിത്യേതദസന്നിരസ്യ
സിദ്ധം സ്വതേ വ്യോമവദപ്രതര്ക്യം
അതോ മൃഷാമാത്രമിദം പ്രതീതം
ജഹീഹി യത് സ്വാത്മതയാ ഗൃഹീതം
ബ്രഹ്മാഹമിത്യേവ വിശുദ്ധബുദ്ധ്യാ
വിദ്ധി സ്വമാത്മാനമഖണ്ഡബോധം
അസ്ഥൂലം ഇതി – ആത്മാവ് സ്ഥൂലമല്ല എന്നിങ്ങനെയുള്ള ശ്രുതി വാക്യങ്ങളുടെ വെളിച്ചത്തില്‍ അനാത്മവസ്തുക്കളെയെല്ലാം തള്ളണം. പിന്നെ സ്വതസിദ്ധവും ആകാശം പോലെ അസംഗവും ബുദ്ധിവൃത്തികള്ക്ക് വിഷയമല്ലാത്തതുമായ ആത്മാവിനെ സാധകന് സാക്ഷാത്കരിക്കും.
മിഥ്യയും ആഭാസവുമായ ഈ ശരീരം ഞാനാണ് എന്ന അജ്ഞതയെ നിഷേധിക്കണം. ദേഹമാണ് ഞാന്‍ എന്നത് വിട്ട് ഞാന്‍ ബ്രഹ്മമാണ് എന്ന ഭാവിക്കണം.ബ്രഹ്മഭാവന ഉറച്ചാല്‍ ബുദ്ധിശുദ്ധമാകും. വിശുദ്ധ ബുദ്ധിയുടെ സഹായത്താല്‍ പ്രജ്ഞാനരൂപിയായ ആത്മാവാണ് താന്‍ എന്ന് അനുഭവത്തിലൂടെ അറിയണം.
ബൃഹദാരണ്യക ഉപനിഷത്തില്‍ ബ്രഹ്മത്തെ ‘അസ്ഥൂല മനണ്വഹ്രസ്വമദീര്ഘം… എന്ന് പറയുന്നു. ബ്രഹ്മത്തെക്കുറിച്ച് പറയുമ്പോള്‍ അത് സ്ഥൂലമല്ല ഹ്രസ്വമോ ദീര്‍ഘമോ അല്ല എന്നാണിവിടെ അര്‍ത്ഥം. ഇത്തരം പ്രസ്താവനകള്‍ ഉപനിഷത്തുക്കളില്‍ ധാരാളം കാണാം. ബ്രഹ്മം സ്ഥൂലമല്ല എന്ന് പറഞ്ഞതുകൊണ്ട് അനാത്മ വസ്തുക്കളെ മുഴുവന്‍ നിരാകരിച്ചു. ആത്മാവല്ലാത്തതെല്ലാം സ്ഥൂലമാണ് എന്ന് അറിയണം. സ്ഥൂലം എന്നാല്‍ ഇന്ദ്രിയങ്ങള്‍ മനസ്സ്, ബുദ്ധി എന്നിവ കൊണ്ട് അറിയാവുന്നത്. വിഷയങ്ങളെ ഇന്ദ്രിയങ്ങളും വികാരങ്ങളെ മനസ്സും വിചാരങ്ങളെ ബുദ്ധിയും അറിയുന്നു. ഇവയെല്ലാം ദൃശ്യങ്ങളാണ്. എന്നാല്‍ ആത്മാവ് ദൃശ്യങ്ങളില്‍ നിന്ന് വേറിട്ട ദ്രഷ്ടാവാണ്. അസ്ഥൂലമെന്ന് പറഞ്ഞതിനാല്‍ ശരീരം മുതലായ ഉപാധികളൊന്നും ആത്മാവല്ല എന്ന് ബോധ്യമായി.
ധ്യാനിക്കുമ്പോള്‍ അനാത്മാക്കളേയെല്ലാം നേതി.. നേതി എന്ന് തള്ളി എല്ലാറ്റിനും ആധാരമായ ആത്മസ്വരൂപമായ ബ്രഹ്മത്തെ സ്വീകരിക്കണം. ബ്രഹ്മം ആകാശം പോലെ എങ്ങും നിറഞ്ഞതും ഇന്നതു പോലെ എന്ന് വര്‍ണിക്കാന്‍ പറ്റാത്തതുമാണ്. അത് സ്വതസിദ്ധമാണ്. അതിന്റെ നിലനില്‍പ്പിന് മറ്റൊന്നിനേയും ആശ്രയിക്കേണ്ടതില്ല. സ്വയമേവ വിളങ്ങുന്ന ആത്മചൈതന്യം ശരീരം മുതലായ ഉപാധികള്‍ തള്ളിക്കളഞ്ഞാലും നിലനില്‍ക്കുന്നതാണ്.
ഇദം.. ഇദം – ഇത് ഇത് എന്ന് പറയുന്നതൊക്കെ മിഥ്യയാണ് ഇവയ്ക്കൊന്നും വാസ്തവത്തില്‍ നിലനില്‍പ്പില്ല. ഇദം പ്രതീതമായ – ‘ഇത് ശരീരം, ഇത് മനസ്സ്, ഇത് ബുദ്ധി എന്നിങ്ങനെയുള്ളതൊക്കെ വെറും ഉപാധികള്‍ മാത്രമാണ്. ഇവയെ ഉള്ളതായി തോന്നുന്നുവെങ്കില്‍ അത് ഭ്രാന്തിയാണ്. ഈ മിഥ്യാ സങ്കല്പത്തെ വെടിയണം. ഞാന്‍ ബ്രഹ്മമാണ് എന്നതാണ് ശരിയായ ചിന്ത. അസത് വസ്തുക്കളെ ആത്മാവായി കണ്ടതായ അധ്യാസത്തെ നീക്കുക തന്നെ വേണം. ശരീര മനോബുദ്ധികളുടെ പ്രവര്‍ത്തനങ്ങളൊന്നും ആത്മ ധര്‍മ്മമല്ല.
ആത്മസ്വരൂപത്തെക്കുറിച്ചുള്ള അനുഭവം അത് അപരോക്ഷ അനുഭൂതിയാണ്. തന്നില്‍ നിന്നും വേറിട്ടതോ താല്കാലികമോ അല്ല ആത്മാനുഭൂതി. നിരന്തരവും അഖണ്ഡവുമായ ശുദ്ധബോധമാണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: